വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്നുള്ള വിരോധത്തിൽ പെട്രോളുമായി പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായി. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി മരുതോളി മീത്തൽ അരുൺ ജിത്തിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് ആണ് വർഷങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട താമരശ്ശേരി സ്വദേശിനിയുടെ വീട്ടിൽ യുവാവ് എത്തിയത്. അരുൺ ജിത്ത് വരുന്നത് കണ്ട പെൺകുട്ടിയുടെ അമ്മ വാതിൽ അടച്ചതോടെ ദുരന്തം ഒഴിവായി. ഇതോടെ അകത്ത് കയറാൻ സാധിക്കാതിരുന്ന പ്രതി വരാന്തയിൽ കയറി പെട്രോൾ കാണിച്ച് ഭീഷണി മുഴക്കി.
പിന്നാലെ വീട്ടുകാർ വിവരം അറിയിച്ചതോടെ നാട്ടുകാർ ഓടിക്കൂടി യുവാവിനെ തടഞ്ഞ് വെക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. പ്രതിയിൽ നിന്ന് ഒരു ലിറ്ററോളം പെട്രോളും ലൈറ്ററും കണ്ടെടുത്തു. ഇതിന് മുൻപും യുവാവ് വിവാഹാഭ്യർഥനയുമായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. വീട് അന്വേഷിച്ച് എത്തിയ യുവാവിനെ അന്ന് പെൺകുട്ടിയുടെ പിതാവ് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.