സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 2021ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചത്. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് അന്ന് തയാറാക്കിയത്. സംസ്ഥാനത്തെ 22 സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഭൂപടത്തില്‍ ജനവാസമേഖല വയലറ്റ് നിറത്തില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലയ്ക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറവും നല്‍കിയിട്ടുണ്ട്. പച്ച– വനം, കറുപ്പ്- പഞ്ചായത്ത്, ചുമപ്പ്- വാണിജ്യകെട്ടിടങ്ങള്‍, ബ്രൗണ്‍–ഓഫീസുകള്‍, മഞ്ഞ–ആരാധനാലയങ്ങള്‍.
സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് മേല്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ പരാതി അറിയിക്കാം. ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികളറിയിക്കാന്‍ 2020-2021ലെ ഭൂപടം മാനദണ്ഡമാക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
സീറോ ബഫര്‍ സോണ്‍ ഭൂപടം എല്ലാ പഞ്ചായത്തുകള്‍ക്കും ലഭ്യമാക്കുന്നതിനും ഈ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങളും വിട്ടുപോയ നിര്‍മ്മിതികളും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കണമെന്നും യോഗം തിരുമാനിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ടും ഭൂപടവും സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നത്. ഫീല്‍ഡ് സര്‍വെ വേഗത്തിലാക്കി ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിന്‍റെ ഭാഗമായി ഫീല്‍ഡ് സര്‍വെ നടപടികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഫീല്‍ഡ് സര്‍വെ നടപടികള്‍ വേഗത്തിലാക്കാന്‍ പഞ്ചായത്തുകള്‍ സര്‍വകക്ഷി യോഗം വിളിക്കണം, ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണം. വാര്‍ഡ് തലത്തില്‍ പരിശോധന നടത്താനും തദ്ദേശ, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തിത്തില്‍ തീരുമാനമായിരുന്നു.അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ അവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന നിലപാടാണ് സര്‍ക്കാരിന് ഈ വിഷയത്തിലുള്ളതെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.