അഡ്വ. സി കെ ശ്രീധരന്‍  
KERALA

അഡ്വ. സി കെ ശ്രീധരന്‍ ഇടത്തോട്ടോ? 'കേരളം ശ്രദ്ധിച്ച കേസുകളില്‍' ടി പി കേസിലെ പ്രതികളുടെ പേരില്ല

വിചാരണാ ഘട്ടത്തിൽ പോലും പ്രതികൾക്ക് ജാമ്യം ലഭിക്കാത്ത അപൂർവം കേസുകളിലൊന്നാണ് ടി പി കേസെന്ന് ആത്മകഥയില്‍ സി കെ ശ്രീധരന്‍

ശ്യാംകുമാര്‍ എ എ

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പേരു പോലും പറയാതെ കേസിലെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറുടെ ആത്മകഥ. പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. സി കെ ശ്രീധരന്‍റെ ആത്മകഥ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. കണ്ണൂരിലെ യൂത്ത് ലീഗ് പ്രവ‍ർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന സിപിഎം നേതാക്കളായ പി ജയരാജനെയും , ടി വി രാജേഷിനെയുമടക്കം പുസ്തകത്തിൽ വിശദമായി പരാമർശിച്ചപ്പോഴാണ് ടി പി കേസ് എങ്ങും തൊടാത്ത വിധത്തിൽ കൈകാര്യം ചെയ്തിട്ടുള്ളത്.

'ജീവിതം നിയമം നിലപാടുകൾ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയില്‍ പ്രോസിക്യൂട്ടർ ആയി ഹാജരായ പ്രധാനപ്പെട്ട കേസുകളെ കുറിച്ച് പരാമർശിക്കുന്ന 'കേരളം ശ്രദ്ധിച്ച കേസുകൾ' എന്ന അധ്യായത്തിൽ ആദ്യം അരിയിൽ ഷൂക്കൂർ വധവും തുടർന്ന് ടിപി കേസുമാണ് വരുന്നത് .

വിചാരണാ ഘട്ടത്തിൽ പോലും പ്രതികൾക്ക് ജാമ്യം ലഭിക്കാത്ത അപൂർവ്വം കേസുകളിലൊന്നാണ് ടി പി കേസെന്നാണ് സി കെ ശ്രീധരൻ്റെ നിരീക്ഷണം

വിചാരണാ ഘട്ടത്തിൽ പോലും പ്രതികൾക്ക് ജാമ്യം ലഭിക്കാത്ത അപൂർവം കേസുകളിലൊന്നാണ് ടി.പി കേസെന്നാണ് സി കെ ശ്രീധരൻ്റെ നിരീക്ഷണം. ടി പി കേസിൽ 72 ഓളം പ്രതികൾ ഉണ്ടായിരുന്നെന്നും പ്രതികളുമായി നേരിയ ബന്ധം ഉള്ളവർ പോലും കുറ്റപത്രത്തിൽ ഇടം പിടിച്ചതായും പുസ്തകത്തിൽ പറയുന്നു. പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ ഹർജിയെ തുടർന്ന് അവർക്കെതിരായ വിചാരണാ നടപടികൾക്ക് സ്റ്റേ ലഭിച്ചതായും ശേഷിച്ച 35 പേർക്കെതിരെയാണ് വിചാരണ നടന്നതെന്നും പറയുന്നു.

തന്റെ കോൺഗ്രസ് ബന്ധം ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ തന്നെ ഉന്നയിച്ച പശ്ചാത്തലത്തിൽ രമ നിർദ്ദേശിക്കുന്ന ആളെ സഹായി ആയി നിയമിക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടുവെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് ആർഎംപിക്കാരനായ അഡ്വ. പി കുമാരൻ കുട്ടിയെ അസോസിയേറ്റ് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറാക്കിയതെന്നും പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട അപ്പീലുകളിലെ വാദം നടത്താൻ അനാരോഗ്യം കാരണം കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് പറഞ്ഞാണ് ഈ അധ്യായം അവസാനിപ്പിക്കുന്നത്.

ആരേയും പേരെടുത്ത് പരാമർശിക്കാത്തതും, അന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ തൊടാതെയും പോയത് മനഃപൂർവ്വമാണെന്നാണ് വിമർശനം

സിപിഎം പ്രതിക്കൂട്ടിലായ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ ആരേയും പേരെടുത്ത് പരാമർശിക്കാത്തതും, അന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ പരാമർശിക്കാത്തതും മനഃപൂർവമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മുഖ്യമന്ത്രി തന്നെ പുസ്തക പ്രകാശനത്തിന് എത്തിയത് ചേർത്തു വെച്ചാണ് വിമർശനം. എന്നാൽ അദ്ദേഹത്തിൻ്റെ പുസ്തകം പ്രകാശനം ചെയ്തത് സംബന്ധിച്ച് അറിഞ്ഞെന്നും കേസിനെ കുറിച്ച് പരാമർശിക്കാത്തത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും കെ കെ രമ എംഎൽഎ 'ദ ഫോർത്തി'നോട് പറഞ്ഞു. പുസ്തകം വായിച്ച ശേഷം ഇതു സംബന്ധിച്ച് പ്രതികരിക്കാമെന്നും രമ പറഞ്ഞു.

ജനപ്രതിനിധി ആകാൻ കഴിയാതെ പോയതിന്റെ നിരാശയും അഡ്വ. സി കെ ശ്രീധരൻ പങ്കുവെക്കുന്നുണ്ട്.

പ്രമാദമായ ഒട്ടേറെ കേസുകളിൽ അഭിഭാഷകനായി ഹാജരായിട്ടുണ്ടെങ്കിലും കല്ലാച്ചി ബിനു കേസ്, ചെറുവാഞ്ചേരി രാജീവൻ കേസ് , ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പ്രതിപട്ടികയിലുണ്ടായിരുന്ന പുന്നാട്ടെ എൻഡിഎഫ് പ്രവർത്തകനായിരുന്ന പി വി മുഹമ്മദ് കൊലപാതക കേസ് എന്നിവയെ കുറിച്ച് മാത്രമാണ് ശ്രദ്ധിക്കപ്പെട്ട കേസുകളുടെ കൂട്ടത്തിൽ പറയുന്നത്. ദീർഘകാലം പൊതുപ്രവർത്തകനായി ഇരുന്ന് മൂന്ന് തവണ മത്സരിച്ചിട്ടും ജനപ്രതിനിധിയാകാൻ കഴിയാതെ പോയതിൻ്റെ നിരാശയും അഡ്വ. സി കെ ശ്രീധരൻ പങ്കുവെയ്ക്കുന്നുണ്ട്.

കെപിസിസി വൈസ് പ്രസിഡന്റ്, നിർവാഹക സമിതി അംഗം, കാസർകോട് ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന അഡ്വ. സി കെ ശ്രീധരന്‍ നിലവിൽ കോൺഗ്രസിൽ ഔദ്യോഗിക സ്ഥാനങ്ങൾ ഇല്ല. പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി എത്തിയതോടെ സി.പി.എമ്മുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. ഒലിവ് ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി