ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന ആറ്റിങ്ങല്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിയോഗിച്ചത് അടൂര്‍ പ്രകാശിനെ ആയിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി സിപിഎം വിജയിച്ചിരുന്ന ആറ്റിങ്ങല്‍ 2019-ല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. 2024 ലെ തിരഞ്ഞെടുപ്പിലും ഫോട്ടോഫിനിഷിലൂടെ വിജയക്കൊടി പാറിച്ചിരിക്കുകയാണ് അടൂര്‍ പ്രകാശ്. ഈ ലോക്സഭ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 685 വോട്ടിലൂടെ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായ വി ജോയിയെയാണ് അടൂര്‍ തോല്‍പ്പിച്ചത്. അടൂര്‍ പ്രകാശ് 328051വോട്ട് നേടിയപ്പോള്‍ ജോയി 327366 വോട്ടോയെ രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന്‍ 311779 വോട്ടുകളോടെ മൂന്നാംസ്ഥാനത്ത് എത്തി.
2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ, പഴയ ചിറയിന്‍കീഴ് മണ്ഡലം മാറി ആറ്റിങ്ങലായി. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കിളിമാനൂര്‍, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതായിരുന്നു ചിറയിന്‍കീഴ് ലോക്‌സഭാ മണ്ഡലം.
ചിറയിന്‍കീഴിന്റെ ഭാഗമായിരുന്ന കഴക്കൂട്ടം തിരുവനന്തപുരത്തിന് ഒപ്പം ചേര്‍ന്നപ്പോള്‍ കിളിമാനൂര്‍, ആര്യനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ആറ്റിങ്ങലിന്റെ ഭാഗമായി. ഒപ്പം പുതുതായി രൂപംകൊണ്ട അരുവിക്കര, കാട്ടാക്കട എന്നിവയും ആറ്റിങ്ങലിനൊപ്പം ചേര്‍ന്നു.
ചിറയിന്‍കീഴും പിന്നെ പേരുമാറി ആറ്റിങ്ങലിലുമായി നടന്ന 16 തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം 11 തവണ വിജയക്കൊടി പാറിച്ചു. അതേസമയം കോണ്‍ഗ്രസിന് ആറുതവണ വിജയം സ്വന്തക്കാനായത്. ഇതില്‍ അഞ്ച് ജയങ്ങള്‍ 1971-നും 1989-നുമിടയില്‍ തുടര്‍ച്ചയായിട്ടായിരുന്നു. രണ്ടു തവണ വയലാര്‍ രവിയും രണ്ടു തവണ തലേക്കുന്നില്‍ ബഷീറും ഒരു തവണ എഎ റഹീമാണ് ഇക്കാലയളവില്‍ അവിടെ നിന്നു പാര്‍ലമെന്റില്‍ എത്തിയത്. ഇതില്‍ 1977-ല്‍ അറുപതിനായിരത്തില്‍പ്പരം വോട്ടിന് സിപിഎം സ്ഥാനാര്‍ഥി കെ അനിരുദ്ധനെ തോല്‍പിച്ച വയലാര്‍ രവി 1980-ല്‍ കോണ്‍ഗ്രസ് ഐയിലെ എഎ റഹീമിനോട് 6063 വോട്ടിന് തോറ്റു.
1991-ല്‍ തലേക്കുന്നിലിനെ തോല്‍പിച്ചു സുശീല ഗോപാലന്‍ ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലം തിരികെപ്പിടിച്ച ശേഷം 2019 വരെ കോണ്‍ഗ്രസ് ഇവിടെ ജയിച്ചിരുന്നില്ല. ഇക്കാലയളവില്‍ മൂന്നു തവണ വീതം വര്‍ക്കല രാധാകൃഷ്ണനും എ സമ്പത്തുമാണ് പാര്‍ലമെന്റ് കണ്ടത്. 2009ല്‍ കോണ്‍ഗ്രസിന്റെ പ്രൊഫസര്‍ ജി ബാലചന്ദ്രനെയും 2014-ല്‍ അഡ്വ. ബിന്ദു കൃഷ്ണയെയുമാണ് സമ്പത്ത് പരാജയപ്പെടുത്തിയത്.
2019, അട്ടിമറിയുമായി അടൂര്‍ പ്രകാശ്
കരുത്തുറ്റ നേതാവായിരുന്ന കെ അനിരുദ്ധന്റെ മകന്‍ എന്ന ലേബലും മണ്ഡലത്തില്‍ സമ്പത്തിനെ തുണച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് 2019-ല്‍ നാലാം തവണയും സമ്പത്തിനെ തന്നെയാണ് സിപിഎം കളത്തിലിറക്കിയത്. കോണ്‍ഗ്രസും കരുതിക്കൂട്ടിയായിരുന്നു. ഒന്നര പതിറ്റാണ്ടുകാലം എംപിയായിരുന്ന സമ്പത്തിനെ തളയ്ക്കാന്‍ മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ ഒന്നും തോല്‍വി അറിഞ്ഞിട്ടില്ലാത്ത അടൂര്‍ പ്രകാശിനെയാണ് അവര്‍ ഗോദയിലെത്തിച്ചത്. എന്‍ഡിഎയ്ക്കായി ബിജെപിയുടെ ശോഭ സുരേന്ദ്രനുമെത്തിയതോടെ കളം കൊഴുത്തു.
ആറ്റിങ്ങലിലെ രാഷ്ട്രീയ ചിത്രം മാറിമറിയുകയായിരുന്നു. യുഡിഎഫ് തരംഗം കേരളമാകെ ആഞ്ഞടിച്ച തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതു മുന്നണി ഞെട്ടി, സിറ്റിംഗ് എംപി എ സമ്പത്തിനെ അട്ടിമറിച്ച് അടൂര്‍ പ്രകാശ് ലോക്സഭയിലേക്ക്. 38,247 വോട്ടിന്റെ ഭൂരിപക്ഷം. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ എ സമ്പത്ത് 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തിലാണ് അടൂര്‍ പ്രകാശ് നാല്‍പതിനായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിച്ചുകയറിയത്. സാമുദായിക വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയെന്ന അടൂര്‍ പ്രകാശിന്റെ തന്ത്രമാണ് യുഡിഎഫിന് നേട്ടമായത്. ഈ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലായി ആറ്റിങ്ങല്‍.
അതിനുള്ള പ്രധാന കാരണം 2019-ല്‍ നേടിയ 25 ശതമാനം വോട്ടാണ്. ഇടതുകോട്ടയില്‍ ശോഭ രണ്ടു ലക്ഷത്തിലധികം വോട്ടാണ് പിടിച്ചത്. 2014ലെ 10.53 എന്ന ശതമാനത്തില്‍ നിന്ന് 24.97 ശതമാനത്തിലേക്ക് ആറ്റിങ്ങലിലെ വോട്ട് വിഹിതം ഉയര്‍ത്താന്‍ ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ശോഭയ്ക്ക് കഴിഞ്ഞു. ഈ ആത്മവിശ്വാസത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങലില്‍ പയറ്റാനിറങ്ങിയത്.