കേരള കോണ്‍ഗ്രസ് (എം), കേരള കോണ്‍ഗ്രസ് (ജെ) വിഭാഗങ്ങളുടെ വാശിയേറിയ പോരാട്ടമെന്ന വിലയിരുത്തിയ കോട്ടയത്ത് കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. കോട്ടയത്തെ ജനങ്ങള്‍ ഫ്രാന്‍സിസ് ജോർജിനൊപ്പം നിന്നു. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ തോമസ് ചാഴികാടനേക്കാള്‍ 87,266 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഫ്രാൻസിസ് ജോർജ് തിരഞ്ഞെടുക്കപ്പെട്ടത്.
യഥാർഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നുള്ള മാണി വിഭാഗത്തിന്റെ വാദത്തെ കോട്ടയം തള്ളിയെന്നതാണ് ജനവിധി വ്യക്തമാക്കുന്നത്. രണ്ടില ചിഹ്നത്തിനും ചാഴികാടനെ രക്ഷിക്കാനാകാതെ പോയി. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും വ്യക്തമായ ആധിപത്യം പുലർത്താന്‍ ഫ്രാന്‍സിസ് ജോർജിനായിരുന്നു.
സിറ്റിങ് എംപി തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി നേരത്തെ തന്നെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മാണി വിഭാഗം തിരഞ്ഞെടുപ്പിനൊരുങ്ങിയത്. പിന്നാലെ, ഫ്രാന്‍സിസ് ജോർജിനെ യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ, രണ്ട് കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരിന് കളമൊരുങ്ങി. 1977-ന് ശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസുകാര്‍ നേര്‍ക്കുനേര്‍ വരുന്നത്. ജോസ് കെ മാണി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും തോമസ് ചാഴികാടന് തന്നെയാണ് നറുക്ക് വീണത്. 4,100 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടത്തിയെന്ന അവകാശ വാദവുമായാണ് തോമസ് ചാഴികാടന്‍ വോട്ട് തേടാനിറങ്ങിയത്.
മണ്ഡലത്തിലെ പഴയ തിരഞ്ഞെടുപ്പുകളിലേക്ക് കടന്നാല്‍, 2004 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വാഴൂര്‍, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതായിരുന്നു കോട്ടയം ലോക്‌സഭ മണ്ഡലം. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം പാലായും എറണാകുളം ജില്ലയുടെ ഭാഗമായ പിറവവും കോട്ടയത്തോടു ചേര്‍ന്നു. ഇതോടെയായിരുന്നു മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടായതും.
2009, കേരള കോണ്‍ഗ്രസിന്റെ റീ എന്‍ട്രി
മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ്. 2009-ലെ ഏറ്റവും വലിയ പ്രത്യേകത കേരള കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള പാലായും പിറവവും മണ്ഡലത്തിന്റെ ഭാഗമായി എന്നതാണ്. മണ്ഡലത്തിന്റെ ഉത്തരവാദിത്തം സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) തീരുമാനിച്ചു. 1998-ല്‍ നഷ്ടപ്പെട്ട സീറ്റ് സിപിഎമ്മില്‍നിന്ന് തിരച്ചുപിടിക്കുകയെന്ന ലക്ഷ്യംകൂടി തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.
നാല് തവണ (1984, 1998, 1999, 2004) മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ കെ സുരേഷ് കുറുപ്പിനെക്കാള്‍ മികച്ച സ്ഥാനാര്‍ഥി കോട്ടയത്ത് സിപിഎമ്മിന് മുന്നിലുണ്ടായിരുന്നില്ല. മൂന്ന് പതിറ്റാണ്ടിനുശേഷം കോട്ടയം സീറ്റ് ലഭിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് കളത്തിലിറക്കിയത് സാക്ഷാല്‍ കെ എം മാണിയുടെ പുത്രന്‍ ജോസ് കെ മാണിയെ. 2004 പൊതു തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരഞ്ഞെടുപ്പ് പരിചയം മാത്രമാണ് ജോസിന് അന്ന് കൂട്ടായി ഉണ്ടായിരുന്നത്.
പക്ഷേ, കെ എം മാണിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. നാലാം വിജയം തേടിയിറങ്ങിയ സുരേഷ് കുറുപ്പ് പരാജയപ്പെട്ടു. യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ജോസ് കെ മാണിയുടെ വിജയം 50 ശതമാനത്തിലധികം വോട്ട് നേടിയായിരുന്നു. 2004-ല്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും ലീഡ് ചെയ്ത സുരേഷ് കുറുപ്പിന് 2009ല്‍ മുന്നിലെത്താനായത് വൈക്കത്ത് മാത്രമായിരുന്നു. സിപിഎമ്മിന്റെ വോട്ട് വിഹിതം 48.4 ശതമാനത്തില്‍നിന്ന് 41.3ലേക്ക് വീഴുകയും ചെയ്തു.
2014, ജോസിനൊപ്പം തന്നെ
കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം 2009ന്റെ ആവര്‍ത്തനം മാത്രമായിരുന്നില്ല 2014. കൂടുതല്‍ തിളക്കമാര്‍ന്ന വിജയവും, വോട്ടിങ് ശതമാനത്തില്‍ വര്‍ധനവുമുണ്ടായി. 2009ല്‍നിന്ന് വിഭിന്നമായി കോട്ടയം തിരിച്ചുപിടിക്കാന്‍ ജനതാദളി(എസ്)നായിരുന്നു എല്‍ഡിഎഫ് ഉത്തരവാദിത്തം കൈമാറിയത്. മത്സരിച്ചതാകട്ടെ തിരുവല്ല എംഎല്‍എ കൂടിയായ മാത്യു ടി തോമസ്. 1996ന് ശേഷം ആദ്യമായായിരുന്നു ഒരു സിപിഎം ഇതര സ്ഥാനാര്‍ഥി എല്‍ഡിഎഫിനെ മണ്ഡലത്തില്‍ പ്രതിനിധീകരിച്ചത്.
മാത്യു ടി തോമസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്കകളില്ലായിരുന്നെങ്കിലും വോട്ടില്‍ അത് പ്രതഫലിപ്പിക്കാനായില്ല. 1,20,599 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോസ് കെ മാണിയുടെ വിജയം. എല്‍ഡിഎഫിന്റെ ഉറച്ച വോട്ടുകള്‍ പോലും കടപുഴകിയെന്ന് വേണം കരുതാന്‍. 2009ല്‍ എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 40 ശതമാനത്തിന് മുകളിലായിരുന്നെങ്കില്‍ മാത്യു ടി തോമസിന് ലഭിച്ചത് 37 ശതമാനം വോട്ടുമാത്രമായിരുന്നു. എല്‍ഡിഎഫിന്റെ കോട്ടയായ വൈക്കത്തു പോലും ലീഡ് ചെയ്യാനായില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജോസ് ആധിപത്യമായിരുന്നു തിരഞ്ഞെടുപ്പില്‍ കണ്ടത്.
ത്രികോണപ്പോര് ജയിച്ച ചാഴികാടന്‍ (2019)
ബിജെപി വിരുദ്ധതയും രാഹുല്‍ ഗാന്ധിയുടെ വരവും യുഡിഎഫിനൊപ്പം നില്‍ക്കാന്‍ കേരളത്തെ പ്രേരിപ്പിച്ച പൊതുതിരഞ്ഞെടുപ്പ്. 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് വിജയിച്ചു. ആലപ്പുഴയില്‍ എ എം ആരിഫാണ് ക്ലീന്‍ സ്വീപ്പില്‍നിന്ന് ഇടതിനെ രക്ഷിച്ചത്.
കേരളം മുഴുവന്‍ വലത്തോട്ട് ചാഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ത്രികോണ മത്സരമായിരുന്നു. ജോസ് കെ മാണി രാജ്യസഭയിലേക്ക് ചേക്കേറിയതിനാല്‍ തോമസ് ചാഴികാടനെയായിരുന്നു കേരള കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്താന്‍ ഏല്‍പ്പിച്ചത്. ഇത്തവണ ജെഡിഎസ് പരീക്ഷണത്തിന് മുതിരാതെ സിപിഎം നേരിട്ട് ഗോദയിലിറങ്ങി. വി എന്‍ വാസവനായിരുന്നു സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് ലയനവിരുദ്ധ ഗ്രൂപ്പിന്റെ ഭാഗമായി പി സി തോമസിന്റെ വരവുകൂടിയായതോടെ മത്സരം കടുത്തു.
ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ചാഴികാടന്റെ വിജയം. പക്ഷേ, വോട്ട് ശതമാനത്തില്‍ ഇടിവുണ്ടായി. 2014ലെ 51 ശതമാനത്തില്‍നിന്ന് 46.6 ലേക്ക് വീണു. സിപിഎമ്മിന് ലഭിച്ചത് 34.9 ശതമാനം വോട്ട്. പി സി തോമസ് ഒന്നരലക്ഷത്തിലധികം വോട്ടുനേടിയതാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുവിഹിതം കുറയാനുള്ള കാരണമായി വിലയിരുത്തപ്പെട്ടത്.
മാണിയുടെ മരണം, വീണ്ടും പിളര്‍ന്ന് കേരള കോണ്‍ഗ്രസ്
2019 ഏപ്രില്‍ ഒന്‍പതാം തീയതിയിലെ സായാഹ്നത്തിലാണ് കെ എം മാണിയുടെ മരണവാര്‍ത്ത അപ്രതീക്ഷിതമായി എത്തുന്നത്. പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന കെ എം മാണിയുടെ സമവാക്യത്തിന്റെ പുതിയ അധ്യായം കൂടിയായിരുന്നു അദ്ദേഹത്തിന്റെ മരണത്തോടെ തുറന്നത്. മാണിയുടെ മരണത്തിന് പിന്നാലെ തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ടതാണ് ചെയര്‍മാന്‍ സ്ഥാനമെന്ന നിലപാടായിരുന്നു പി ജെ ജോസഫ് സ്വീകരിച്ചത്. മറുവശത്ത് ജോസ് കെ മാണി അതിവേഗം കരുക്കള്‍ നീക്കി. കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി മീറ്റിങ്ങില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ജോസഫ് പക്ഷത്തിന്റെ എതിര്‍പ്പ് മാത്രമല്ല അസാന്നിധ്യവും അവഗണിച്ചായിരുന്നു ജോസ് കെ മാണിയുടെ സ്ഥാനാരോഹണം.
ജോസ് പക്ഷത്തിന്റെ നീക്കത്തെ അപലപിച്ച ജോസഫ് പാര്‍ട്ടി ഭരണഘടനയ്ക്ക് വിഭിന്നമായ നടപടികളാണ് സ്വീകരിച്ചതെന്ന ആരോപണവും ഉയര്‍ത്തി. തര്‍ക്കം രൂക്ഷമാവുകയും പിന്നീട് വര്‍ക്കിങ് ചെയര്‍മാനായി പി ജെ ജോസഫിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം പ്രഖ്യാപിക്കുകയുമായിരുന്നു.
221, ജോസിന് ഷോക്ക്, മാറിച്ചിന്തിക്കാതെ കോട്ടയം
ഏത് കൊടുങ്കാറ്റിലും കുലുങ്ങാതെ യുഡിഎഫിനൊപ്പമായിരിക്കുമെന്ന് കോട്ടയം ഒരിക്കല്‍ക്കൂടി തെളിയിച്ചു 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍. 99 സീറ്റുകളുമായി പിണറായി സര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുടര്‍ഭരണമെന്ന അപൂര്‍വതയിലേക്ക്.
നാടകീയ നീക്കങ്ങളും ട്വിസ്റ്റുകള്‍ നിറഞ്ഞ ക്ലൈമാക്സിനാലും കോട്ടയത്തെ ശ്രദ്ധാകേന്ദ്രം പാലായായിരുന്നു. ദേശീയരാഷ്ട്രീയം വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ജോസിന് പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. സീറ്റ് കൈവിടുമെന്ന് ഉറപ്പിച്ച കാപ്പന്‍ യുഡിഎഫിലേക്ക്. കെ എം മാണിയെ കുരിശിലേറ്റാനൊരുങ്ങിയവര്‍ക്കൊപ്പം നിന്ന ജോസിനെ പാലാക്കാര്‍ കൈവിട്ടു. 50 ശതമാനത്തിലധികം വോട്ടുവിഹിതം നേടിയ കാപ്പന്റെ ജയം 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോസിന് മുന്‍തൂക്കമുണ്ടായിരുന്നില്ല.
ജോസിന്റെ വരവില്‍ കോട്ടയത്ത് കാര്യമായ നേട്ടം കൊയ്യാനും എല്‍ഡിഎഫിനായില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെയും ഭൂരിപക്ഷം പതിനായിരത്തിന് താഴെയെത്തിക്കാനായി. മാണി സി കാപ്പനിലൂടെ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത സീറ്റ് എല്‍ഡിഎഫ് കൈവിട്ടു. പതിവുപോലെ വൈക്കവും ഏറ്റുമാനൂരും വെച്ച് തൃപ്തിപ്പെടേണ്ടി വന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്
രണ്ട് തവണ മുഖ്യമന്ത്രിയായ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് 2023 ജൂലൈ 18നായിരുന്നു മരണപ്പെട്ടത്. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ബെംഗളൂരുവിലായിരുന്നു. വിലാപയാത്രയില്‍ സംസ്ഥാനം ഇതുവരെ സാക്ഷ്യംവഹിക്കാത്തത്ര ജനസാഗരം തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ദൃശ്യമായി.
ഒരുമാസത്തിനുള്ളില്‍ തന്നെ ഉപതിരഞ്ഞെടുപ്പ് പുതുപ്പള്ളിയില്‍ പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടി സഹതാപതരംഗം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും സര്‍ക്കാരിനുള്ള വിലയിരുത്തലാകുമെന്ന് ഇരുപക്ഷവും പ്രഖ്യാപിച്ചു. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയെത്തിച്ച ജെയ്ക്ക് സി തോമസ് തന്നെയായിരുന്നു സിപിഎം സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. 37,719 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടിയുടെ ജയം.