സിപിഎമ്മിന്റെ പരീക്ഷണങ്ങളും കണക്കുകൂട്ടലുകളും വീണ്ടും പാടെ തള്ളി പൊന്നാനി. ലീഗ് വിട്ട നേതാവ് കെ എസ് ഹംസയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ചായിരുന്നു ഇത്തവണ പൊന്നാനിയില്‍ ഇടതുപക്ഷം പരീക്ഷണത്തിന് മുതിര്‍ന്നത്. എന്നാല്‍ പരീക്ഷണം വോട്ടര്‍മാര്‍ പാടെ തള്ളിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. രണ്ട് ലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടി ഡോ. അബ്ദുസമദ് സമദാനി വിജയിച്ചു. 2019 തിനേക്കാള്‍ ലീഡ് ഉയര്‍ത്തിയാണ് ഇത്തവണ ലീഗിന്റെ ജയമെന്നതും ശ്രദ്ധേയമായി. സമദാനിക്ക് 5,59,410 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലീഗിനെ കൈവിട്ട ഹംസയെ വോട്ടര്‍മാരും കൈവിട്ടു, 3,24,847 വോട്ടുകള്‍ മാത്രമാണ് കോണിയിറങ്ങി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച ഹംസയ്ക്ക് ലഭിച്ചത്.
മണ്ഡലങ്ങള്‍ പരസ്പരം വെച്ചുമാറിയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ ഇത്തവണ മലപ്പുറത്തും പൊന്നാനിയിലും മത്സരിച്ചത്. പൊന്നാനിയിലെ സിറ്റിങ് എംപി ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്ക് മാറിയപ്പോള്‍ മലപ്പുറത്ത് നിന്ന് അബ്ദുസമദ് സമദാനി പൊന്നാനിയിലെത്തി. 2014-ന് സമാനമായ തന്ത്രമൊരുക്കിയാണ് ഇത്തവണ സിപിഎം കെ എസ് ഹംസയെ സ്ഥാനാര്‍ഥിയാക്കിയത്. അന്ന് കോണ്‍ഗ്രസിനോട് കലഹിച്ച വി അബ്ദു റഹ്‌മാനെയാണ് ഇടതുപക്ഷം സ്ഥാനാര്‍ഥിയാക്കിയത്. സിപിഎം ചിഹ്നത്തില്‍ തന്നെയാണ് കെഎസ് ഹംസ ജനവിധി തേടിയത്. ഇതോടെ പൊതുസ്വതന്ത്രന്‍ എന്ന ആശയം രണ്ട് പതിറ്റാണ്ടിനുശേഷം അവസാനിപ്പിക്കുകയായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഒപ്പം പാര്‍ട്ടി വോട്ട് വിഹിതം കൂട്ടുകയെന്നതും സിപിഎം അജണ്ടയാക്കി.
സര്‍ക്കാരിനോടും പിണറായി വിജയനോടുമുള്ള സമസ്തയുടെ അടുപ്പം വോട്ടാക്കി മാറ്റുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ടായിരുന്നു. ഏകീകൃത സിവില്‍ കോഡ്, പൗരത്വ നിയമവിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന സമസ്ത ഇത്തവണ തങ്ങള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം കരുതി. കെ എസ് ഹംസ സമസ്തയുടെ നോമിനിയാണെന്ന പ്രചാരണവും പൊന്നാനിയിലുണ്ടായി.
2019-ല്‍ ഇ ടി മുഹമ്മദ് ബഷീറിന് മൂന്നാമതും അവസരം നല്‍കിയ മുസ്ലീം ലീഗ് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ആയിരുന്നു ഇടത് സ്ഥാനാര്‍ഥി. ഒപ്പം അന്‍വറില്‍ പാര്‍ക്ക് വിവാദങ്ങളും കേസുകളും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കാനും യുഡിഎഫിന് ആയി. അതിദയനീയമായി പി വി അന്‍വര്‍ പൊന്നാനിയില്‍ തോറ്റു. യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇടത് കേന്ദ്രങ്ങള്‍ പോലും പി വി അന്‍വറിനെ കൈവിട്ടു.
51.3 ശതമാനം വോട്ടായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ സ്വന്തമാക്കിയത്. പി വി അന്‍വര്‍ 32.3 ശതമാനം വോട്ട് നേടി. ബിജെപിയുടെ വോട്ട് ശതമാനം പത്ത് ശതമാനം (10.9) പിന്നിട്ടു എന്നതാണ് മറ്റൊരു വസ്തുത. ഒരു ലക്ഷത്തില്‍ അധികം വോട്ടാണ് അന്ന് സ്ഥാനാര്‍ഥി വി ടി രമ നേടിയത്. പതിനായിരത്തിലധികം വോട്ട് നേടി എസ്ഡിപിഐയും പൊന്നാനിയില്‍ സജീവമായി.
മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നു. 2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് ചേര്‍ക്കപ്പെടുകയും പുതുതായി തവനൂര്‍, കോട്ടയ്ക്കല്‍ മണ്ഡലങ്ങള്‍ രൂപീകൃതമാവുകയും ചെയ്തു.
പൊന്നാനി, ഇടതുപക്ഷത്തിന്റെ പരീക്ഷണ ശാല
ഇന്നത്തെ പൊന്നാനി ലോക്‌സഭാ മണ്ഡലം രൂപംകൊണ്ട ശേഷം നടന്ന മൂന്ന് പൊതുതിരഞ്ഞടുപ്പിലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ പരീക്ഷണശാലയായാണ് പൊന്നാനി അടയാളപ്പെടുത്തപ്പെട്ടത്. 1977 മുതല്‍ മുസ്ലിം ലീഗിനെ പിന്തുണച്ചുവരുന്ന പൊന്നാനി പിടിക്കാന്‍ 2009 മുതല്‍ ഇടതുപക്ഷം നടത്തിയ ശ്രമങ്ങളാണ് രാഷ്ട്രീയ പരീക്ഷണശാല എന്ന ഖ്യാതി ഉണ്ടാക്കിയത്. സിപിഐ മത്സരിച്ചുവന്നിരുന്ന സീറ്റില്‍ പൊതുസ്വതന്ത്രരെ ഇറക്കി കളം പിടിക്കാനായിരുന്നു എല്‍ഡിഎഫ് ശ്രമിച്ചത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണങ്ങളുടെ തുടക്കം. 2009-ല്‍ ഹുസൈന്‍ രണ്ടത്താണിയും 2014-ല്‍ വി അബ്ദുറഹ്‌മാനും 2019-ല്‍ പി വി അന്‍വറും ഈ പരീക്ഷണങ്ങളുടെ ഭാഗമായി.
2014-ല്‍ ഇ ടി മുഹമ്മദ് ബഷീറിന് രണ്ടാമുഴം നല്‍കിയ ലീഗിനെ നേരിടാന്‍ സിപിഎം രംഗത്തിറക്കിയത് വ്യവസായിയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന വി അബ്ദുറഹ്‌മാനെയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 25,140 ആയി കുറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് 50.1 ശതമാനം വോട്ട് നേടിയപ്പോള്‍ 2014 ല്‍ അത് 43.4 ശതമാനമായി കുറഞ്ഞു. ഇടത് സ്ഥാനാര്‍ഥിയുടെ വോട്ട് വിഹിതം 39.4 ശതമാനത്തില്‍നിന്നും 40.5 ശതമാനമായി മാറി. 2009 ല്‍ 7.5 ശതമാനം വോട്ട് നേടിയ ബിജെപി 8.6 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഒന്നാം മോദി സര്‍ക്കാരിന് വഴിവച്ച ബിജെപിയുടെ മുന്നേറ്റത്തിനും യുപിഎയുടെ തകര്‍ച്ചയ്ക്കും വഴിവച്ച തിരഞ്ഞെടുപ്പ് കാറ്റിനിടയിലും പൊന്നാനി യുഡിഎഫിനെ കൈവിടാന്‍ തയാറായില്ല. പൊന്നാനിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ തൃത്താലയ്ക്ക് ഒപ്പം പൊന്നാനിയും തവനൂരും ഇത്തവണ എല്‍ഡിഎഫിന് ഭൂരിപക്ഷം നല്‍കി. എന്നാല്‍ സ്വന്തം നാടായ തിരൂര്‍ ഉള്‍പ്പെടെ വി അബ്ദുറഹ്‌മാനെ കൈവിട്ടു.
പിണറായി കരുതി, മലപ്പുറം ചുവക്കുന്നു, പക്ഷേ...
ഐസ്‌ക്രീം പാര്‍ലര്‍ കേസും വിവാദങ്ങളും ചര്‍ച്ചാ വിഷയമായ 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ലഭിച്ച ആത്മവിശ്വാസമായിരുന്നു പൊന്നാനിയിലെ പരീക്ഷണങ്ങളുടെ അടിസ്ഥാനം. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തും മങ്കടയില്‍ എം കെ മുനീറും തിരൂരില്‍ ഇ ടി മുഹമ്മദ് ബഷീറും ഉള്‍പ്പെടെയുള്ള ലീഗിന്റെ അതികായന്‍മാര്‍ അടിയറവ് പറഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സിപിഎം നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസം മലപ്പുറം സമ്മേളനത്തില്‍ ഉള്‍പ്പെടെ പിണറായി വിജയനിലും പ്രകടമായിരുന്നു.
മലപ്പുറം ചുവക്കുന്നു എന്നായിരുന്നു ആ വിജയത്തിന്റെ അടിസ്ഥാനത്തിലുള്ള സിപിഎം മുദ്രാവാക്യം. പൊന്നാനി മണ്ഡലത്തിലെ ഏഴില്‍ നാല് സീറ്റും അത്തവണ ഇടത് പക്ഷത്തോട് ചേര്‍ന്നുനിന്നു. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ ലോക്‌സഭാ മണ്ഡലമായ മഞ്ചേരിയില്‍ ഇടത് സ്ഥാനാര്‍ഥിയായ ടി കെ ഹംസ വിജയിച്ചതും സിപിഎം നേതാക്കളില്‍ കാലാവസ്ഥ തങ്ങള്‍ക്കനുകുലമാണെന്ന ധാരണ സൃഷ്ടിച്ചിരുന്നു.
പൊന്നാനി സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎം നീക്കം അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെ ചൊടിപ്പിച്ചു. പിണറായി വിജയനെ പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്ക് തര്‍ക്കം നീണ്ടു. മുന്നണി മര്യാദ കാണിച്ചില്ലെന്ന് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം മുന്‍പ് വെളിയം തുറന്നടിച്ചു. വെളിയത്തിന്റെ വിമര്‍ശനം കേട്ട് പിന്നോട്ടില്ലെന്ന് പിണറായി വിജയനും നിലപാട് വ്യക്തമാക്കി. മുന്നണി പിളര്‍ന്നേക്കുമെന്ന നിലയില്‍ അന്ന് ചര്‍ച്ചകള്‍ പുരോഗമിച്ചു.
സിപിഐക്ക് അപ്പുറം സിപിഎമ്മിലും പിണറായിയുടെ തന്ത്രങ്ങള്‍ക്ക് പിന്തുണ ഉണ്ടായിരുന്നില്ല. എതിര്‍ ചേരിയില്‍ പ്രധാനി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തന്നെയായിരുന്നു. മുഖ്യമന്ത്രിയെയും അവഗണിച്ച് പരീക്ഷണം ജനങ്ങള്‍ക്ക് മുന്നിലേക്ക്. മലപ്പുറത്ത് അന്ന് പിണറായിയുടെ പടനായകനായി കെ ടി ജലീല്‍ ശക്തനായി.
പിണറായിയും മഅദനിയും വിഎസും
പൊതുസ്വതന്ത്രന്‍ എന്ന നിലയില്‍ സ്വീകാര്യനായ സ്ഥാനാര്‍ഥി, യുഡിഎഫിലെ അസംതൃപ്തര്‍ ഒപ്പം 2004 പൊതു തിരഞ്ഞെടുപ്പില്‍ പിഡിപി സ്വന്തമാക്കിയ 6.3 ശതമാനം വോട്ടുകള്‍. ഇതായിരുന്നു പ്രതീക്ഷ. പൊന്നാനിയിലെ ആദ്യ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്ന കുറ്റിപ്പുറത്തെ വേദി അന്ന് കേരളം ഏറെ ചര്‍ച്ച ചെയ്തു. മഅദനി വേദിയിലേക്ക് കടന്നുവന്നപ്പോള്‍ പിണറായി വിജയന്‍ എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു. വിഎസ് ഒരു വശത്ത് നിശബ്ദനായി നോക്കിയിരുന്നു.
പിണറായിയുടെ പ്രസംഗത്തില്‍ മഅദനി വാഴ്ത്തപ്പെട്ടവനായി. കണ്‍വെന്‍ഷന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചര്‍ച്ചകളുടെ ഗതിമാറി. മഅദനിയെ ആദരിച്ച പിണറായി വിഎസിനെ അവഗണിച്ചുവെന്ന നിലയിലായിരുന്നു അതിലൊന്ന്, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി എന്ന മഅദനിയുടെ ടാഗ് ബിജെപിയുള്‍പ്പെടെ സംസ്ഥാനത്ത് ഉടനീളം ഉയര്‍ത്തിക്കാട്ടി. മഅദനി നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളും അനീതികളും ചര്‍ച്ചയായതില്‍ കൂടുതല്‍ നെഗറ്റീവ് ചര്‍ച്ചകളായിരുന്നു ആ സമയം കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ വിഷയമായത്. പിണറായി വിജയനും അബ്ദുനാസര്‍ മഅദനിയും കൈകോര്‍ത്തപ്പോഴും പൊന്നാനി മുസ്ലീം ലീഗിനെ കൈവിട്ടില്ല.
ഫലം വന്നപ്പോള്‍ സിപിഎമ്മിന്റെ എല്ലാ കണക്കുകളും തെറ്റി. ഹുസൈന്‍ രണ്ടത്താണി റെക്കോഡ് മാര്‍ജിനില്‍ തോറ്റു. ഇ ടി മുഹമ്മദ് ബഷീറിനെ പൊന്നാനി ഡല്‍ഹിയിലേക്ക് അയച്ചു.പോള്‍ ചെയ്ത വോട്ടിന്റെ 50.1 ശതമാനം നേടിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ വിജയം ഉറപ്പിച്ചത്. ഇടത് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 39.4 ശതമാനം. മൂന്നാം സ്ഥാനത്ത് ബിജെപി നേടിയത് 7.5 ശതമാനം വോട്ടുകള്‍ മാത്രം. കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ച പൊന്നാനിയും തവനൂരും തിരൂരും ഇടതുപക്ഷത്തെ കൈവിട്ടു. മൂന്ന് മണ്ഡലങ്ങളിലും കണക്കൂട്ടലുകള്‍ തെറ്റിച്ച് ലീഗ് സ്ഥാനാര്‍ഥി മുന്നേറി. പാലക്കാടന്‍ കാറ്റേറ്റ പാരമ്പര്യത്തില്‍ തൃത്താല മാത്രം ഇടത് സ്ഥാനാര്‍ഥിക്ക് ഒപ്പംനിന്നു. 2677 വോട്ടുകളുടെ ലീഡായിരുന്നു തൃത്താല ഇടതുസ്ഥാനാര്‍ഥിക്ക് നല്‍കിയത്.
പൊന്നാനി ഇഫക്റ്റില്‍ മലപ്പുറം ചുവപ്പിക്കാനിറങ്ങിയ പിണറായി വിജയനും സംഘത്തിനും സംസ്ഥാനത്ത് ആകെ തിരിച്ചടി നേരിട്ടു. പതിനാറ് സീറ്റില്‍ യുഡിഎഫ് ജയിച്ചുകയറി. ഇടതുപക്ഷം നാല് സീറ്റില്‍ ഒതുങ്ങി. കാസര്‍ഗോഡ്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ മാത്രം സിപിഎമ്മിന് ഒപ്പം നിന്നു.
മത്സരിച്ച നാല് സീറ്റുകളും തോറ്റെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അന്ന് ചിരിച്ചു. തന്റെ വാക്കുകള്‍ കാലം തെളിയിച്ചുവെന്ന ഭാവത്തില്‍. വി എസ് അച്യുതാനന്ദന്‍ ഫല പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിച്ചിരിച്ചു. ആ ചിരി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു. പൊന്നാനിയിലെ ആദ്യ പരീക്ഷണം അവിടെ പാളി. പക്ഷേ പൊതുസ്വതന്ത്രനെ ഇറക്കിയുള്ള പരീക്ഷം അവസാനിപ്പിക്കാന്‍ പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിലും സിപിഎം തയ്യാറായില്ല. ഇത്തവണയും ആ പരീക്ഷണം പാര്‍ട്ടിക്ക് നിരാശമാത്രം സമ്മാനിച്ചിരിക്കുന്നു.