ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ വൈകുന്നേരം ഏഴ് മണി വരെ രേഖപ്പെടുത്തിയത് 60.03 ശതമാനം പോളിങ്. ത്രിപുരയിലാണ് വൈകുന്നേരം ഏഴ് മണി വരെ ഏറ്റവും കൂടുതൽ വോട്ടിങ് രേഖപ്പെടുത്തിയത്. 79.70 പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് ബിഹാറിൽ (47.49 %) രേഖപ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ ചിലയിടങ്ങളിൽ സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയും കാരണം പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടി നല്‍കിയിരുന്നു.
പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, മേഘാലയ എന്നിവിടങ്ങളിൽ 70 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ വൈകുന്നേരം 7 മണി വരെ 72.09% പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തിയത്.
രാജസ്ഥാനിൽ 50.95 ശതമാനവും ഉത്തർപ്രദേശിൽ 57.61 ശതമാനവും മധ്യപ്രദേശിൽ 63.33 ശതമാനവും പോളിങ് രേഖപ്പെടുത്തി. മണിപ്പൂരിൽ 68.62 % പോളിങാണ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 59.02 ശതമാനവും രേഖപ്പെടുത്തി. പൊതു തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ സിക്കിമിലും അരുണാചൽ പ്രദേശിലും യഥാക്രമം 67.5, 64.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ഘട്ടമാണ് ആദ്യത്തേത്. അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്‌സഭാ മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നത്.