ഏഴ് ഘട്ടമായി നടക്കുന്ന 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ 19ന് ആരംഭിക്കുന്ന ആദ്യഘട്ടം മുതല്‍ ഫലം വരുന്ന ജൂണ്‍ നാല് വരെ നീണ്ടു നില്‍ക്കുന്ന ദീര്‍ഘമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്തവണ. കണക്കുകള്‍ പ്രകാരം ഒന്നാം ഘട്ടത്തില്‍ 1625 സ്ഥാനാര്‍ഥികളും രണ്ടാം ഘട്ടത്തിൽ 1210 സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. കേരളത്തില്‍നിന്ന് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനും ചില രീതികളുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത തുക സ്ഥാനാര്‍ഥികള്‍ കെട്ടിവക്കേണ്ടതുണ്ട്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്നിലേറെ വോട്ട് നേടിയാല്‍ മാത്രമേ ഈ തുക തിരികെ ലഭിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക ലഭിക്കാത്ത സ്ഥാനാര്‍ഥികളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതലെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.
കെട്ടിവച്ച പണത്തിൻ്റ കണക്കുകള്‍
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യവസ്ഥപ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ 25,000 രൂപ കെട്ടിവെക്കണം. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി പണം മാത്രം നല്‍കിയാല്‍ മതി.
2009 മുതല്‍ 2019 വരെ നടന്ന മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ആകെ 21,000 സ്ഥാനാര്‍ഥികള്‍ക്ക് നിക്ഷേപത്തുക നഷ്ടമായെന്നാണ് കണക്ക്. ആകെ 46 കോടി രൂപ നഷ്ടമായതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 1999ലെ തിരഞ്ഞെടുപ്പിനുശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് കെട്ടിവെക്കുന്ന തുക സ്ഥാനാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്നത് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു.
2009നും 2019നുമിടയില്‍ മത്സരിച്ച 24,375 സ്ഥാനാര്‍ഥികളില്‍ 20,752 പേര്‍ക്കും കെട്ടിവച്ച തുക നഷ്ടമായിട്ടുണ്ട്. 2009ല്‍ മത്സര രംഗത്തുണ്ടായ 8070 പേരില്‍ 6,829 പേര്‍ക്കും കെട്ടിവച്ച തുക നഷ്ടപ്പെടുകയായിരുന്നു. 2014ല്‍ 8251ല്‍ 7000 പേര്‍ക്കും 2019ല്‍ 8054 സ്ഥാനാര്‍ഥികളില്‍ 6,923 പേര്‍ക്കും പണം നഷ്ടമായി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് പോലും നേടാന്‍ സാധിക്കാത്തതിനാല്‍ ഈ മൂന്ന് തവണയും മത്സരിച്ച 85 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുക ലഭിച്ചിട്ടില്ല. 2009ല്‍ 15.05 കോടിയും 2014ല്‍ 14.57 കോടിയും 2019ല്‍ 15.86 കോടിയുമായിരുന്നു കെട്ടിവച്ചിട്ട് നഷ്ടമായ തുക.
ഇത് വലിയ തുകയായി തോന്നില്ലെങ്കിലും ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടമായത് വലിയ തുകയാണെന്ന് മനസിലാകും.1951ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 9,067 പേർക്കാണ് തുക നഷ്ടമായത്. ആകെ നഷ്ടമായ തുക 22.80 ലക്ഷവും. എന്നാല്‍ അന്ന് ജനറല്‍ സ്ഥാനാര്‍ഥികള്‍ക്ക് 500 രൂപയും പട്ടികജാതി പട്ടികവിഭാഗക്കാര്‍ക്ക് 250 ഉം ആയിരുന്നു കെട്ടിവെക്കേണ്ട തുക. 1951ല്‍ മത്സരിച്ച 91,159 പേരില്‍ 71,264 പേര്‍ക്ക് തുക നഷ്ടമായിട്ടുണ്ട്. അതായത് മത്സരിക്കുന്ന 100 സ്ഥാനാര്‍ഥികളില്‍ 80പേര്‍ക്കും കെട്ടിവെച്ച തുക നഷ്ടമായി.
ഒരു സ്ഥാനാര്‍ഥി ഒരേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചാല്‍ അര്‍ഹരാണെങ്കില്‍ രണ്ട് തിരഞ്ഞെടുപ്പിലും കെട്ടിവച്ച തുക തിരികെ ലഭിക്കും
1996ലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായത്. 13,952 സ്ഥാനാര്‍ഥികളില്‍ 12,688 പേര്‍ക്കും നിക്ഷേപം നഷ്ടമായി. അതായത്, 91 ശതമാനം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ മത്സരിച്ച വര്‍ഷം കൂടിയായിരുന്നു ഇത്. 1996ന് ശേഷം ഏറ്റവും കൂടുതല്‍ കെട്ടിവച്ച തുക നഷ്ടമായത് 1991ലായിരുന്നു.
ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടാന്‍ സാധിച്ചില്ലെങ്കില്‍ നാമനിർദേശപത്രിക നല്‍കുന്ന സമയത്ത് സ്ഥാനാര്‍ഥികള്‍ കെട്ടിവെക്കുന്ന തുക സര്‍ക്കാര്‍ ട്രഷറിയിലേക്കാണ് പോകുന്നത്. 1951ലെ ജനപ്രാതിനിത്യ നിയമത്തിലെ 158-ാം വകുപ്പ് പ്രകാരമാണ് കെട്ടിവെച്ച തുക കൈകാര്യം ചെയ്യുന്നത്. നാമനിര്‍ദേശ പത്രിക നല്‍കുന്ന എല്ലാ സ്ഥാനാര്‍ഥികളും നിര്‍ബന്ധമായും പണം കെട്ടിവെക്കണം. റിട്ടേണിങ് ഓഫീസറുടെ കയ്യില്‍ പണമോ അല്ലെങ്കില്‍ സര്‍ക്കാര്‍ ട്രഷറിയിലോ ആര്‍ബിഐയിലോ അടച്ച പണത്തിന്റെ രസീതോ ഏല്‍പ്പിക്കേണ്ടതാണ്.
പണം തിരികെ നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍
സ്ഥാനാര്‍ഥി വിജയിക്കുകയോ അല്ലെങ്കില്‍ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് വോട്ടിനു മുകളിലോ ലഭിച്ചാല്‍ റിട്ടേണിങ് ഓഫീസര്‍ പണം തിരികെ നല്‍കും. എന്നാല്‍ കൃത്യം ആറിലൊന്ന് വോട്ട് നേടിയാലും പണം തിരികെ ലഭിക്കില്ലെന്നാണ് നിയമം. എന്നാൽ വിജയിച്ച സ്ഥാനാർഥിക്ക് ആറിലൊന്ന് വോട്ട് ലഭിച്ചില്ലെങ്കിലും കെട്ടിവച്ച തുക തിരികെ നല്‍കുന്നതായിരിക്കും. കൂടാതെ ഒരു സ്ഥാനാര്‍ഥി ഒന്നില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ഒരു മണ്ഡലത്തില്‍ കെട്ടിവച്ച പണം മാത്രമേ തിരികെ ലഭിക്കുകയുള്ളു. മറ്റു മണ്ഡലങ്ങളിലെ കെട്ടിവെച്ച തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
ഒരു സ്ഥാനാര്‍ഥി ഒരേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചാല്‍ അര്‍ഹരാണെങ്കില്‍ രണ്ട് തിരഞ്ഞെടുപ്പിലും കെട്ടിവച്ച തുക തിരികെ ലഭിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേര് വോട്ടർ പട്ടികയില്‍ ഇല്ലാതിരിക്കുകയോ തിരഞ്ഞെടുപ്പിന് മുമ്പ് മരിക്കുകയോ ചെയ്താലും കെട്ടിവച്ച തുക തിരികെ ലഭിക്കും.
ഒരേ മണ്ഡലത്തിൽ ഒന്നിലധികം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന മത്സരാര്‍ഥിക്ക് സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം അധിക പത്രികയുടെ പണം തിരികെ ലഭിക്കും. ആരുടെ പേരിലാണോ പണം ട്രഷറിയില്‍ നിക്ഷേപിച്ചത് ആ വ്യക്തിക്കോ, സ്ഥാനാര്‍ഥിത്ഥി മരിച്ചാല്‍ നിയമപരമായ പ്രതിനിധിക്കോ ആയിരിക്കും തുക തിരികെ ലഭിക്കുക.