Lok Sabha Election 2024

ഡല്‍ഹിയിലെ 'തലൈവര്‍' കെജ്‌രിവാള്‍ തന്നെ; ബിജെപിക്ക് ബൂമറാങ് ആകുമോ അറസ്റ്റ്

2025-ലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി നടത്തിയ നീക്കം ബൂമറാങ് ആകാനുള്ള സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല

വെബ് ഡെസ്ക്

''ഞാന്‍ അകത്തായാലും പുറത്തായാലും ഓരോ നിമിഷവും രാജ്യത്തെ സേവിക്കുന്നത് തുടരും. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി സമര്‍പ്പിക്കുന്നു, എന്റെ ശരീരത്തിലെ ഓരോ അണുവും രാജ്യത്തിനുവേണ്ടിയാണ്. ഈ ഭൂമിയിലെ എന്റെ ജീവിതം തന്നെ സമരത്തിനുള്ളതാണ്. അതിനാൽ ഈ അറസ്റ്റ് എന്നെ അത്ഭുതപ്പെടുത്തുന്നില്ല,'' ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനുശേഷം ഭാര്യ സുനിത കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ച അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പ്രസക്ത ഭാഗമാണ് മുകളില്‍ സൂചിപ്പിച്ചത്.

ഇ ഡി കസ്റ്റഡിയില്‍ നിന്നുള്ള കെജ്‌രിവാളിന്റെ സന്ദേശവും എഎപി നേതാക്കളുടെ പ്രതികരണങ്ങളും ഇന്ത്യ മുന്നണിയുടെ പ്രതിഷേധങ്ങളും ചൂണ്ടിക്കാട്ടുന്ന ഒന്നുണ്ട്, ഡല്‍ഹിയില്‍ കെജ്‌രിവാളിനെ മാറ്റിനിര്‍ത്തി ഒരു നീക്കത്തിന് ഇവരാരും തയ്യാറല്ല.

കെജ്‌രിവാളിന്റെ അറസ്റ്റ് എഎപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അടിവേരറുക്കുമെന്നും കെജ്‌രിവാളിനെ കൂടുതല്‍ ശക്തനാക്കുമെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ രാഷ്ട്രീയന്തരീക്ഷത്തില്‍ ശക്തമായി നിലനില്‍ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് അപ്പുറം, 2025-ലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി നടത്തിയ നീക്കം ബൂമറാങ്ങാകാനുള്ള സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

ഇപ്പോഴുമുണ്ട്, കെജ്‌രിവാള്‍ തരംഗം

ഡല്‍ഹിയില്‍ ഇപ്പോഴും 'കെജ്‌രിവാള്‍ തരംഗം' നിലനില്‍ക്കുന്നതായി സര്‍വേകള്‍ വ്യക്തമാക്കുന്നുണ്ട്. 2020-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നില്ലെങ്കില്‍, 30 ശതമാനം ഡല്‍ഹി നിവാസികളും എഎപിക്ക് വോട്ട് ചെയ്യില്ലായിരുന്നുവെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപിങ് സ്റ്റഡീസ് സര്‍വേ പറയുന്നത്. ഇതേ രീതിയിലാണ് കേന്ദ്രത്തില്‍ നരേന്ദ്ര മോദി തരംഗവും നിലനിന്നിരുന്നത്. 2019-ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ആയിരുന്നില്ലെങ്കില്‍ 32 ശതമാനം ജനങ്ങളുടെ വോട്ട് ബിജെപിക്ക് ലഭിക്കില്ലായിരുന്നു.

എഎപിക്ക് കഴിഞ്ഞ നിയമഭ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 53.6 ശതമാനം വോട്ടാണ്. ഇതില്‍ 16 ശതമാനം പേരും വോട്ട് ചെയ്തത് അരവിന്ദ് കെജ്‌രിവാളിന് വേണ്ടിയാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന്റെ 27.5 കോടി വോട്ട് ലഭിച്ചത് ബിജെപിക്കാണ്. യുപിഎയ്ക്ക് 16.5 കോടി വോട്ട് ലഭിച്ചു. ഇതില്‍ 8.5 കോടി ജനങ്ങള്‍ വോട്ട് ചെയ്തത് മോദിക്കു വേണ്ടിയാണ് എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. അതായത്, കെജ്‌രിവാളിന്റെ അറസ്റ്റ് ഇരുതല മൂര്‍ച്ചയുള്ളൊരു വാളാണ്.

കെജ്‌രിവാളിനെതിരെ 'അഴിമതിക്കാരന്‍' എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപിയുടെ പദ്ധതി പാളും. ''അഴിമതിക്കെതിരെ സമരം നടത്തി അധികാരത്തിലെത്തിയ നേതാവ് അഴിമതി കേസില്‍ അറസ്റ്റിലായി'' എന്ന പ്രചാരണത്തില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും. അതിന് ബിജെപി മുന്നില്‍ നിര്‍ത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. അഴിമതിക്കാര്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിലാണ് താനെന്ന മോദിയുടെ അവകാശവാദം ബിജെപി പ്രചരിപ്പിക്കും. പക്ഷേ, ഡല്‍ഹിയില്‍ വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കെജ്‌രിവാളിനെ ഒതുക്കാന്‍ ഇത് മതിയാകുമോയെന്ന ചോദ്യം ബാക്കിയാണ്.

എഎപിയുടെ കണ്ണും കരളും കാതലുമെല്ലാം അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ്. കെജ്‌രിവാളിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നേതാക്കള്‍ക്ക് മാത്രമാണ് എഎപിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്. ആദ്യകാലത്ത് എഎപിക്കൊപ്പമുണ്ടായിരുന്ന യോഗേന്ദ്ര യാദവ് അടക്കമുള്ളവരെ കെജ്‌രിവാളും സംഘവും സമര്‍ത്ഥമായി ഒഴിവാക്കി. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മനിഷ് സിസോദിയയും എഎപിയുടെ ശബ്ദമായി മുഖ്യധാരയില്‍ നിറഞ്ഞുനില്‍ക്കുന്ന അതിഷി സിങുമെല്ലാം കെജ്‌രിവാളിന്റെ ഏറ്റവും അടുത്ത അനുയായികളാണ്. ചുരുക്കിപ്പറഞ്ഞാല്‍, കെജ്‌രിവാളാണ് എഎപി.

രാഹുല്‍ ഗാന്ധിക്കൊപ്പം കെജ്‌രിവാള്‍

എഎപി രാഷ്ട്രീയ പാര്‍ട്ടിയായശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍, ആ സംഘടനയ്ക്ക് അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ മുഖച്ഛായ ഉണ്ടായിരുന്നു. അണ്ണാ ഹസാരെ അടക്കമുള്ളവര്‍ കൊളുത്തിവിട്ട ലോക്‌പാല്‍ പ്രക്ഷോഭത്തിന്റെ ശരിക്കുള്ള ഗുണഭോക്താവായി മാറിയത് കെജ്‌രിവാളായിരുന്നു. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിക്ക് ഭരണം പിടിക്കാന്‍ സാധിച്ചില്ല. 31 സീറ്റ് നേടിയ ബിജെപിയെ ഞെട്ടിച്ച്, എട്ട് സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് 28 സീറ്റ് നേടിയ എഎപിക്ക് പിന്തുണ നല്‍കി. 29.7 ശതമാനം വോട്ടാണ് ആദ്യ തിരഞ്ഞെടുപ്പില്‍ എഎപി നേടിയത്. അഴിമതിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി ഭരണം ആരംഭിച്ച കെജ്‌രിവാള്‍, ഡല്‍ഹിയിലെ മധ്യവര്‍ഗക്കാരെ ജനങ്ങളെ കയ്യിലെടുത്തു. സൗജന്യങ്ങളും ഇളവുകളും വാരിക്കോരി നല്‍കി 'ഇയാള്‍ കൊള്ളാമല്ലോ' എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാക്കിയെടുത്തു.

ഡല്‍ഹി നിയമസഭയില്‍ അംഗബലം ഇല്ലാത്തതിനാല്‍ ലോക്‌പാല്‍ ബില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, 2014 ഫെബ്രുവരിയില്‍ എഎപി സര്‍ക്കാര്‍ രാജിവെച്ചു. 2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ സ്വപ്‌നതുല്യമായ തിരിച്ചുവരവ് നടത്തി. ആകെ 70 സീറ്റുള്ള ഡല്‍ഹിയില്‍, 67 സീറ്റും 54.5 ശതമാനം വോട്ടും നേടി കെജ്‌രിവാള്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം അരക്കിട്ടുറപ്പിച്ചു. 32.3 ശതമാനം വോട്ട് നേടിയ ബിജെപി മൂന്നു സീറ്റ് നേടിയില്ലായിരുന്നെങ്കില്‍, 70-ല്‍ 70 സീറ്റും എഎപി കൊണ്ടുപോയേനെ. വെറും ഒറ്റവര്‍ഷം കൊണ്ടാണ് കെജ്‌രിവാളും എഎപിയും ഡല്‍ഹിയില്‍ വിപ്ലവം സൃഷ്ടിച്ചത്. 2020-ല്‍ 62 സീറ്റും 53.8 ശതമാനം വോട്ടും നേടി എഎപി വീണ്ടും അധികാരത്തിലേറി. 38.7 ശതമാനം വോട്ടും എട്ട് സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്ത്. സ്ഥാപിത മുദ്രാവാക്യമായ അഴിമതി രഹിത ഭരണം എന്നതില്‍നിന്ന് മാറി എഎപി, അരവിന്ദ് 'കെജ്‌രിവാള്‍ മോഡല്‍' എന്ന ആശയത്തിലേക്ക് മാറി.

പക്ഷേ, 2014-ലും 2019-ലും നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഏഴ് സീറ്റും ബിജെപി തൂത്തുവാരി. 56.9 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹി ജനത സ്വീകരിക്കുന്നത് രണ്ട് നിലപാടുകളാണ്. അതിനാല്‍, വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന്റെ അറസ്റ്റ് പ്രതികൂല സാഹചര്യം സൃഷ്ടിക്കില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. രാജ്യമൊട്ടാകെ ഈ അറസ്റ്റ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. എന്നാല്‍, പ്രതിപക്ഷം ശരിക്കും കെജ്‌രിവാളിനെ ആയുധമാക്കിയാല്‍ ചിലപ്പോള്‍ ബിജെപി വിയര്‍ത്തേക്കും.

പിന്‍വാതില്‍ വഴി അധികാരം പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് എഎപി ആരോപിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതിലൂടെ, ബിജെപി ജനാധിപത്യത്തെ നശിപ്പിച്ചെന്നും എഎപി ആരോപിക്കുന്നു.

പ്രത്യേകിച്ച് പ്രത്യയശാസ്ത്ര ബാധ്യതകളൊന്നുമില്ലാത്ത, ആള്‍ക്കൂട്ട മനശാസ്ത്രത്തില്‍ വിശ്വസിച്ചു മുന്നോട്ടുപോകുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് എഎപി എന്നാണ് ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ഉയരുന്ന വിമര്‍ശനം. ബംഗാളില്‍ മമതയെ പോലെ, മായാവതിയുടെ ബിഎസ്‌പിയെയും അഖിലേഷ് യാദവിന്റെ എസ്‌പിയെ യും പോലെ ഒറ്റ നേതാവിന്റെ കീഴില്‍ അണിനിരന്ന്, ആ വാക്കുകളില്‍ മാത്രം വിശ്വസിച്ചു നീങ്ങുന്നൊരു പാര്‍ട്ടിയാണ് എഎപിയും. അതുകൊണ്ടുതന്നെ, അരവിന്ദ് കെജ്‌രിവാളിന്റെ വീഴ്ചയ്ക്കും ഉയര്‍ത്തെഴുന്നേല്‍പ്പിനും അനുസരിച്ചിരിക്കും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എഎപിയുടെ നിലനില്‍പ്പും നിലപാടും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ