Lok Sabha Election 2024

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

വെബ് ഡെസ്ക്

ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ആം ആദ് മി പാർട്ടി നടത്തുന്ന മാർച്ച് പോലീസ് തടഞ്ഞു. സമരക്കാരോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് പറഞ്ഞെങ്കിലും പ്രതിഷേധം കടുപ്പിക്കുകയാണ് എഎപി. പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

പോലീസ് ബാരിക്കേഡിന് മുന്നിൽ മാർച്ച് നയിക്കുന്നത് കെജ്‌രിവാളാണ്. എഎപിയ്ക്കുള്ളിൽ ഒരു 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ് ബിജെപിയെന്നും പാർട്ടിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

പാർട്ടിയുടെ എല്ലാ നേതാക്കളെയും മോദിക്ക് അറസ്റ്റ് ചെയ്യാമെന്നും അതിനാലാണ് ബിജെപിയുടെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നതെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എംപിയായ സ്വാതി മലിവാളിന്റെ പരാതിയെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ സ്റ്റാഫ് ആയ ബൈഭവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ആസ്ഥാനത്തേക്ക് എഎപി മാർച്ച് പ്രഖ്യാപിച്ചത്.

എഎപി നേതാക്കളെ വ്യാപകമായി ജയിലിലടക്കുകയാണെന്നും തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ അക്കൗണ്ട് ബിജെപി മരവിപ്പിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ പ്രവർത്തകരോട് പറഞ്ഞു. പാർട്ടി നേതാക്കൾ അഗ്നിപരീക്ഷയിലൂടെയാണ് കടന്നു പൊയ്‍ക്കൊണ്ടിരിക്കുന്നതെന്നും പാർട്ടിയുടെ വളർച്ചിയിലുണ്ടായ പേടി കാരണമാണ് മോദി തന്നെയും മനീഷ് സിസോദിയെയും ജയിലിൽ അടച്ചതെന്നും കെജ്‌രിവാൾ പറഞ്ഞു.

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ദരിദ്രർക്ക് രാജ്യം മുഴുവൻ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുമെന്നും കെജരിവാൾ പ്രഖ്യാപിച്ചു. നിലവിൽ ബിജെപി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിജെപി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താൻ എഎപി അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി സെൻട്രൽ എസിപി സച്ചിൻ ശർമ പറഞ്ഞിരുന്നു. പ്രതിഷേധ മാർച്ച് കണക്കിലെടുത്ത്, ഡിഡിയു മാർഗ്, ഐപി മാർഗ്, മിന്റോ റോഡ്, വികാസ് മാർഗ് എന്നീ റോഡുകൾ അടയ്ക്കുമെന്ന് ഡൽഹി ട്രാഫിക് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പതിനൊന്നു മുതൽ രണ്ടുമണിവരെയാണ് റോഡുകൾ അടയ്ക്കുന്നത്.

അതേസമയം, എഎപിക്ക് എതിരെ സ്വാതി മലിവാൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസിതിയിലെ സിസിടിവിയിലെ മേയ് മൂന്നിലെ ദൃശ്യങ്ങൾ നീക്കം ചെയ്‌തെന്ന് സ്വാതി ആരോപിച്ചു. കേസിൽ അറസ്റ്റിലായ ബൈഭവ് കുമാറിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി തീസ് ഹസാരി കോടതിയുടേതാണ് നടപടി.

''ആദ്യം ബൈഭവ് എന്നെ ക്രൂരമായി മർദ്ദിച്ചു. അവൻ എന്നെ തല്ലുകയും ചവിട്ടുകയും ചെയ്തു. ഞാൻ രക്ഷപ്പെട്ട് 112-ൽ വിളിച്ചു. അയാൾ പുറത്തേക്ക് പോയി സുരക്ഷാ ജീവനക്കാരെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് വീഡിയോ പകർത്തി. ബിഭവ് എന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ സെക്യൂരിറ്റിയോട് വിളിച്ചു പറഞ്ഞു ബഹളം വയ്ക്കുകയായിരുന്നു'', സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ച പോസ്റ്റിൽ സ്വാതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിൽ ബഹളം വയ്ക്കുന്ന സ്വാതിയുടെ വീഡിയോ കഴിഞ്ഞദിവസം എഎപി പുറത്തുവിട്ടിരുന്നു.

'' വീഡിയോയുടെ വലിയൊരുഭാഗം എഡിറ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരോട് തർക്കിക്കുന്ന ഭാഗം മാത്രമാണ് പുറത്തുവിട്ടത്. ഇപ്പോൾ ഫോൺ ഫോർമാറ്റ് ചെയ്യുകയും മുഴുവൻ വീഡിയോയും ഡിലീറ്റ് ചെയ്യുകയും ചെയ്‌തോ? സിസിടിവി ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഇത് വലിയ ഗൂഢാലോചനയാണ്'', സ്വാതി പറഞ്ഞു.

ബൈഭവ് കുമാർ തന്റെ മൊബൈൽ ഫോണിന്റെ പാസ്വേഡ് നൽകിയിട്ടില്ലെന്നും തകരാർ കാരണം ഫോൺ മുംബൈയിൽ ഫോർമാറ്റ് ചെയ്‌തെന്നും ഡൽഹി പോലീസ് കോടതിയിൽ പറഞ്ഞിരുന്നു. ഡാറ്റ വീണ്ടെടുക്കാൻ ബൈഭവിനെ മുംബൈയിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. സ്വാതി മലിവാളിന് ക്രൂരമർദനം ഏൽക്കേണ്ടിവന്നതായി ഡൽഹി പോലീസിന് വേണ്ടി ഹാജരായ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ പറഞ്ഞു. ബൈഭവിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും