മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതൊരു സാധാരണ വിധിയല്ലെന്നും കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍, പ്രത്യേക പരിഗണന ലഭിച്ചതായി രാജ്യത്തെ നിരവധി പേര്‍ കരുതുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.
''ഇതൊരു സാധാരണ വിധിയല്ലെന്ന് ഞാന്‍ വിശ്വക്കുന്നു. അരവിന്ദ് കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ഈ രാജ്യത്തെ നിരവധിപേര്‍ വിശ്വസിക്കുന്നു. പക്ഷേ, അരവിന്ദ് കെജ്‌രിവാള്‍, നിങ്ങള്‍ക്കൊരു മോശം വാര്‍ത്തയുണ്ട്. 2029-ന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മളെ നയിക്കും''- അമിത് ഷാ പറഞ്ഞു. 75 വയസിന് ശേഷം നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് ശ്രമമെന്നുമുള്ള അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായി അമിത് ഷാ പറഞ്ഞു.
എഎപി വലിയ വിജയം നേടിയാല്‍ തനിക്ക് ജയിലിലേക്ക് തിരിച്ചു പോരേണ്ടിവരില്ലെന്ന കെജ്‌രിവാളിന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും അമിത് ഷാ ആരോപിച്ചു. ചിലര്‍ വിജയിച്ചാല്‍, അവര്‍ കുറ്റക്കാരാണെങ്കില്‍ പോലും സുപ്രീംകോടതിക്ക് അവരെ ജയിലിലേക്ക് അയക്കാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. ജാമ്യം അനുവദിച്ച ജഡ്ജിമാര്‍, അവരുടെ വിധിപ്രസ്താവത്തെ കെജ്‌രിവാള്‍ ശരിക്കാണോ ഉപയോഗിക്കുന്നതെന്ന് ആലോചിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം, കെജ്‌രിവാള്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. എതിര്‍ ശബ്ദങ്ങളില്ലാതാക്കിയും പാര്‍ട്ടിയിലെ തന്നെ നേതാക്കളെ വെട്ടിനിരത്തിയും അമിത് ഷായ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കുകയാണ് മോദി ചെയ്യുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ നയം. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിപക്ഷ നേതാക്കള്‍ ജയിലിലാക്കപ്പെടുമെന്നും കെജ് രിവാള്‍ ആരോപിച്ചിരുന്നു.