Lok Sabha Election 2024

'അനിൽ തോൽക്കണം', മക്കളെക്കുറിച്ച് അധികം പറയിപ്പിക്കേണ്ടെന്ന് ആന്റണി; അച്ഛനെയോർത്ത് സഹതാപമെന്ന് മറുപടി

കാലഹരണപ്പെട്ട നേതാക്കളുടെ പാർട്ടിയാണ് കോണ്‍ഗ്രസെന്ന് അനില്‍ ആൻ്റണി

വെബ് ഡെസ്ക്

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെച്ചൊല്ലി വാക്‌പോരുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും മകൻ അനിൽ ആന്റണിയും. ബിജെപി സ്ഥാനാര്‍ഥിയായ അനില്‍ തോല്‍ക്കണമെന്നും മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആന്റണി പറഞ്ഞു. അച്ഛനെയോർത്ത് സഹതാപമെന്നും കാലാഹരണപ്പെട്ട നേതാക്കളുടെ പാർട്ടിയാണ് കോണ്‍ഗ്രസെന്നുമായിരുന്നു ഇതിനോടുള്ള അനിലിന്റെ പ്രതികരണം.

മാധ്യമങ്ങളുമായുള്ള മുഖാമുഖം പരിപാടിലായിരുന്നു അനിലിനെതിരായ ആന്റണിയുടെ പരാമർശം. ''പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കണം. കോവിഡിനുശേഷം ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ താൻ പ്രചാരണത്തിനു പോകുന്നില്ല. താന്‍ പ്രചരണത്തിന് ഇറങ്ങാതെ തന്നെ ആന്റോ ആന്റണിക്ക് നല്ല ഭൂരിപക്ഷം ലഭിക്കും,'' ആന്റണി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയിലേക്കു പോകുന്നത് തെറ്റാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു. ''മക്കളെക്കുറിച്ച് അധികം പറയിപ്പിക്കണ്ട. ആ ഭാഷ ഞാന്‍ ശീലിച്ചിട്ടില്ല, എന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ല. മറ്റ് മക്കളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മതം കോണ്‍ഗ്രസാണ്. കെഎസ് യുവില്‍ ചേര്‍ന്ന കാലം മുതല്‍ കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്ന് നിലപാടെടുത്തയാളാണ് താൻ,'' അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വാര്‍ത്താസമ്മേളനത്തില്‍ ആന്റണി രംഗത്തെത്തി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിനെക്കുറിച്ചും മുഖ്യമന്ത്രി വാചാലനാകുന്നുണ്ടെന്നും ഭരണഘടനയുണ്ടാക്കിയതിന്റെ അവകാശം കോണ്‍ഗ്രസിനും ഡോ. ബിആര്‍ അംബേദ്ക്കര്‍ക്കും മാത്രമാണെന്നും ആന്റണി പറഞ്ഞു. ഭരണഘടനയുണ്ടാക്കിയതില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ താന്‍ ജയിക്കുമെന്നും ആന്റണിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്നുമായിരുന്നു അനില്‍ ആന്റണിയുടെ മറുപടി. അദ്ദേഹത്തിന് 84 വയസായി. പഴയ പ്രതിരോധ മന്ത്രിയായ അദ്ദേഹം ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച, പാകിസ്താന്റെ തീവ്രവാദ ശ്രമങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ച രാജ്യവിരുദ്ധനായ ഒരു എംപിക്കു വേണ്ടി സംസാരിച്ചത് കാണുമ്പോള്‍ വിഷമം തോന്നുന്നു.

കാലാഹരണപ്പെട്ട കുറേ നേതാക്കളും ചിന്താഗതിയുമുള്ളവർ ചേര്‍ന്നതാണ് കോണ്‍ഗ്രസ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട ഒരു കുടുംബത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

രാജ്യവിരുദ്ധമായ നയങ്ങള്‍ പിന്നെയും പിന്നെയും എടുക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത ചവറ്റുകൊട്ടയിലെറിഞ്ഞത്. 2014ലും 2019ലും രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത പ്രതിപക്ഷ സ്ഥാനത്തിനുപോലും അര്‍ഹമല്ലാത്ത രീതിയില്‍ തോല്പിച്ചു. കോണ്‍ഗ്രസിന് മൂന്നാം പ്രാവശ്യവും പ്രതിപക്ഷ സ്ഥാനം ലഭിക്കില്ല. കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി വളര്‍ത്തി പാതാളത്തിലെത്തിച്ചു.

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും. ഇതെല്ലാം കണ്ട് കോണ്‍ഗ്രസിലെ കാലഹരണപ്പെട്ട നേതാക്കൾ ചന്ദ്രനെ നോക്കി കുരക്കുന്ന പട്ടിയെപ്പോലെ, സോണിയയ്ക്കും രാഹുലിനും വേണ്ടി കുരച്ചുകൊണ്ടേയിരിക്കുമെന്നും അനിൽ പരിസഹിച്ചു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍