Lok Sabha Election 2024

'സ്വേച്ഛാധിപത്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കണം, സുപ്രീം കോടതിക്ക് നന്ദി'; ജയിൽമോചിതനായതിനു പിന്നാലെ കെജ്‌രിവാള്‍

തിഹാർ ജയിലിന് മുന്നില്‍ തടിച്ചുകൂടിയ ആം ആദ്മി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

വെബ് ഡെസ്ക്

അൻപത് ദിവസത്തിനുശേഷം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഉജ്ജ്വല സ്വീകരണവുമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. തന്റെ മോചനം പാട്ടും നൃത്തവുമായി ആഘോഷമാക്കിയ പ്രവർത്തകരെ അദ്ദേഹം അഭിസംബോധനചെയ്തു. സ്വേച്ഛാധിപത്യത്തിൽനിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കണമെന്നും തന്നെ അനുഗ്രഹിച്ച എല്ലാവരോടും നന്ദിയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

''നിങ്ങളോടൊപ്പം നില്‍ക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഉടൻ തന്നെ തിരിച്ചുവരുമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ഞാന്‍ വന്നു. ആദ്യം ഹനുമാന്റെ അനുഗ്രഹം വാങ്ങണം. ഹനുമാന്റെ അനുഗ്രഹമുള്ളതിനാലാണ് എനിക്ക് നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കുന്നത്. എന്നെ അനുഗ്രഹിച്ച എല്ലാവരോടും നന്ദി. സുപ്രീം കോടതി ജഡ്ജിമാരോടും ഞാന്‍ നന്ദി പറയുന്നു. അവരുള്ളതുകൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. സ്വേച്ഛാധിപത്യത്തിൽനിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കണം. ഞാന്‍ ഏകാധിപത്യത്തിനെതിരെ പോരാടുന്നു. നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങളും ഇതിനെതിരെ പോരാടണം,'' ഏതാനും മിനുറ്റ് നീണ്ട പ്രസംഗത്തിൽ കെജ്‌രിവാള്‍ പറഞ്ഞു.

തിഹാര്‍ ജയിലിലെ നാലാം നമ്പര്‍ ഗേറ്റിലൂടെയാണ് കെജ്‌രിവാൾ പുറത്തേക്കിറങ്ങിയത്. ജനക്കൂട്ടത്തിനു നടുവിലേക്ക് കാറിലെത്തിയ അദ്ദേഹം ഉടൻ തന്നെ പാർട്ടി പ്രവർത്തരെ അഭിസംബോധന ചെയ്യുകയായിരുന്നു. പ്രവർത്തകരെ ആവേശത്തിലാഴ്ത്തി കാറിന് മുകളിൽ കയറിനിന്നാണ് കെജ്‌രിവാള്‍ അവരെ അഭിസംബോധന ചെയ്തത്.

പുറത്തിറങ്ങുമ്പോള്‍ തന്നെ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ കെജ്‌രിവാളിനെ സ്വീകരിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അതിഷിയും സൗരഭ് ഭരദ്വാജും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ഭഗവന്ത് മന്നും കെജ് രിവാളിനെ സ്വീകരിക്കാന്‍ ജയിലിലെത്തിയിരുന്നു.

നാളെ രാവിലെ 11ന് ഹനുമാന്‍ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോകുമെന്ന് പറഞ്ഞ കെജ്‌രിവാൾ ഒപ്പം ചേരാൻ ജനങ്ങളോട് അഭ്യർഥിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പാർട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹി മദ്യനയക്കേസിൽ ഇ ഡിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് സുപ്രീംകോടതി ഇന്ന് കെജ്‌രിവാളിന് ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ജൂൺ ഒന്നു വരെ 21 ദിവസത്തേക്കാണ് ജാമ്യം. മദ്യനയക്കേസിനെ പങ്കിനെക്കുറിച്ച് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരാമർശിക്കാൻ പാടില്ലെന്നത് ഉൾപ്പെടെയുള്ള ആറ് വ്യവസ്ഥകളോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉൾപ്പെട്ടെ ബെഞ്ച് ജാമ്യം അനുവദിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ