സുപ്രീം കോടതിയില്‍നിന്ന് ഇടക്കാല ജാമ്യം കിട്ടി അരവിന്ദ് കെജ്‌രിവാള്‍ പുറത്തിറങ്ങുന്നത് ബിജെപിക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണം നടത്താന്‍ കെജ്‌രിവാളിന് കഴിയുമെന്നതാണ് ബിജെപിയെ പ്രശ്‌നത്തിലാക്കുന്നത്. ഇതുവരെ നടന്ന മൂന്നു ഘട്ട വോട്ടെടുപ്പിനെ സംബന്ധിച്ച് ബിജെപി കേന്ദ്രങ്ങളില്‍ അത്മവിശ്വാസമില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കനത്ത തിരിച്ചടിയായി കെജ്‌രിവാൾ പുറത്തിറങ്ങുന്നത്.
കെജ്‌രിവാള്‍ പുറത്തിറങ്ങുന്നത് ഏതു വിധേനയും തടയാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരും ഇ ഡിയും. കഴിഞ്ഞ ദിവസം കോടതി ഇടക്കാല ജാമ്യത്തിന്റെ സൂചന നല്‍കിയശേഷവും തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ച് ശക്തമായ ഇടപെടാലാണ് ഇ ഡി നടത്തിയത്. തിരഞ്ഞെടുപ്പെന്നാല്‍ ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് അതില്‍ പങ്കെടുക്കാന്‍ കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ലെന്നായിരുന്നു ഇഡിയുടെ വാദം. രാഷ്ട്രീയക്കാര്‍ക്കു പ്രചാരണത്തിന് അവകാശം നൽകിയാല്‍, ജയിലില്‍കിടക്കുന്ന കര്‍ഷകര്‍ക്ക് കൊയ്ത്തുകാലത്ത് ജാമ്യം നല്‍കേണ്ടിവരുമെന്നുമായിരുന്നു ഇ ഡിയുടെ വാദം. എന്നാല്‍ ഈ വാദങ്ങളൊക്കെ തള്ളിയാണ് കോടതി ജൂണ്‍ ഒന്നു വരെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിനെക്കുറിച്ച് പറയാന്‍ കെജ്‌രിവാളിനെ അനുവദിക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. സഞ്ജയ് സിങ്ങിന്റെ കാര്യത്തിലെന്നപോലെ കേന്ദ്രത്തിന് അദ്ദേഹത്തിനു മറുപടി നല്‍കാമെന്നായിരുന്നു കോടതിയുടെ നിലപാട്
ഹരിയാന, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരിഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി വരുന്നത്. ആം ആദ്മി ശക്തമായ സ്ഥലങ്ങളാണ് ഈ സംസ്ഥാനങ്ങള്‍. ഇവിടങ്ങളില്‍ ഡല്‍ഹി മദ്യനയക്കേസ് തനിക്ക് അനൂകൂലമായി ചര്‍ച്ചയാക്കാന്‍ കെജ്‌രിവാളിനു കഴിയും. ജാമ്യം അനുവദിക്കുമെന്ന് പറഞ്ഞപ്പോള്‍, കേസിനെക്കുറിച്ച് പറയാന്‍ അദ്ദേഹത്തെ അനുവദിക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ഇതും കോടതി അംഗീകരിച്ചില്ല. സഞ്ജയ് സിങ്ങിന്റെ കാര്യത്തിലെന്നപോലെ കേന്ദ്രത്തിന് അദ്ദേഹത്തിനു മറുപടി നല്‍കാമെന്നായിരുന്നു കോടതിയുടെ നിലപാട്.
ഹരിയാനയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും പഞ്ചാബില്‍ 13 ലോക്‌സഭ സീറ്റുകളാണുള്ളത്. ഇതില്‍ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് മല്‍സരിക്കുന്നത്. ഗുജറാത്ത്, ഗോവ പോലുള്ള സംസ്ഥാനങ്ങളിലും ആം ആദ്മി സ്വാധീനമുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയ്ക്കായിരുന്നു വലിയ നേട്ടം.
കഴിഞ്ഞ മൂന്ന് ഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനം ഇടിഞ്ഞതും വ്യക്തമായ തംരഗത്തിന്റെ അഭാവവും ബിജെപിയെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ്, രക്തസാക്ഷി പരിവേഷത്തോടെ കെജ്‌രിവാള്‍ പ്രചാരണരംഗത്തെത്തുന്നത്
ലോക്‌സഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ മൂന്ന് ഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനം ഇടിഞ്ഞതും വ്യക്തമായ തംരഗത്തിന്റെ അഭാവവും ബിജെപിയെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ ഘട്ടം കഴിഞ്ഞതു മുതല്‍ മോദി ശക്തമായി വിദ്വേഷപ്രചാരണം ആരംഭിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് പൊതുവിലുളള വിലയിരുത്തല്‍. ഇതിനുപുറമെ കഴിഞ്ഞദിവസം അദാനിയും അംബാനിയും രാഹുല്‍ ഗാന്ധിയ്ക്കു പണം നല്‍കിയെന്ന് മോദിയുടെ പ്രസംഗവും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സൂചനയില്‍നിന്നുണ്ടാകുന്നതാണെന്നുമുളള വിലയിരുത്തലുകളും സജീവമാണ്. അതിനിടയിലാണ്, രക്തസാക്ഷി പരിവേഷത്തോടെ കെജ്‌രിവാള്‍ പ്രചാരണരംഗത്തെത്തുന്നത്.
കോടതി കേസിന്റെ സാംഗത്യത്തിലേക്കു കടന്നിട്ടില്ലെങ്കിലും, ഒന്നര വര്‍ഷമായി നടക്കുന്ന കേസില്‍ ഇതുവരെ അഴിമതി പണം കെജ്‌രിവാളില്‍നിന്ന് കണ്ടെത്താന്‍ ഇ ഡിക്കു കഴിഞ്ഞിട്ടില്ല. അതാണ് കോടതിയും ചോദിച്ചത്. ഇതിനൊന്നും ഇതുവരെ മറുപടി നല്‍കാന്‍ അന്വേഷണ ഏജന്‍സിയ്ക്ക് കഴിഞ്ഞിട്ടില്ല.
ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ മദ്യ നയക്കേസില്‍ ഇപ്പോഴും ജയിലിലാണ്. തനിക്കെതിരായ കേസ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കെജ്‌രിവാളിൻ്റെ മോചനവും തിരഞ്ഞെടുപ്പ് പ്രചരണവും ഇന്ത്യ സഖ്യത്തിനു കൂടുതൽ ഉത്തേജനം നൽകും. കോൺഗ്രസിൻ്റെയും മമതാ ബാനർജിയുടെയും പ്രതികരണം നൽകുന്ന സൂചനയും ഇതാണ്.