കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് സമാപനം. മഹാരാഷ്ട്രയിലെ മുംബൈയിലെ ശിവജി പാര്‍ക്കിലാണ് യാത്രയുടെ സമാപന സമ്മേളനം. പരിപാടിയില്‍ ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുക്കും. ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍, എസ്പി മേധാവി അഖിലേഷ് യാവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എന്‍സിപി (ശരദ് ചന്ദ്രപവാര്‍ വിഭാഗം) അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന യുടിബി വിഭാഗം നേതാവ് ഉദ്ദവ് താക്കറെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന വിവരം.
സമാപന സമ്മേളനത്തിന് മുന്നോടിയായി രാഹുലിന്റെ നേതൃത്വത്തില്‍ മുംബൈ നഗരത്തില്‍ പദയാത്ര ആരംഭിച്ചു. മഹാത്മാ ഗാന്ധി ബോംബെയില്‍ എത്തുമ്പോള്‍ താമസിച്ചിരുന്ന മണി ഭവനില്‍ നിന്നാണ് ഓഗസ്റ്റ് മൈദാനിലേക്കുള്ള പദയാത്ര ആരംഭിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ പദയാത്രക്കൊപ്പമുണ്ട്.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗമായ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി പതിനാലിന് മണിപ്പൂരില്‍ നിന്നാണ് ആരംഭിച്ചത്. രണ്ടുമാസം കൊണ്ട് നാഗാലന്‍ഡ്, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് യാത്ര മഹാരാഷ്ട്രയില്‍ അവസാനിച്ചത്. പതിനഞ്ച് സംസ്ഥാനങ്ങളിലെ നൂറു ലോക്സഭ മണ്ഡലങ്ങളിലൂടെയാണ് ജാഥ കടന്നുപോയത്.
യാത്ര കടന്നുപോയ 100 ലോക്‌സഭ മണ്ഡലങ്ങളില്‍ 58 എണ്ണം ഹിന്ദി ഹൃദയഭൂമിയിലെ പ്രധാനപ്പെട്ട മണ്ഡലങ്ങള്‍ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിറ്റിങ് മണ്ഡലമായ വാരണാസിയിലും രാഹുല്‍ ജാഥയുമായി എത്തി. യുപിയില്‍ 28 മണ്ഡലങ്ങളിലാണ് രാഹുല്‍ സഞ്ചരിച്ചത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ഉത്തര്‍പ്രദേശില്‍ 11 ദിവസമാണ് രാഹുല്‍ പര്യടനം നടത്തിയത്.
യാത്രക്കിടെ, രാഹുല്‍ ഗാന്ധിയും ബിജെപി നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നു. യാത്ര, അസമില്‍ എത്തിയപ്പോള്‍, അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രാഹുല്‍ ഗാന്ധിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. പശ്ചിമ ബംഗാളിലും അസമിലും ജാഥയ്ക്ക് നേരെ ആക്രമണമുണ്ടായി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷ സഖ്യത്തിനും ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗം ആരംഭിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജനുവരി വരെയായിരുന്നു ആദ്യ യാത്ര. ഈ യാത്രയുടെ സമാപന റാലിയിലും പ്രതിപക്ഷ കക്ഷി നേതാക്കള്‍ അണിനിരന്നിരുന്നു. ഭാരത് ന്യായ് യാത്ര സമാപിക്കുന്നതോടെ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ കളത്തിലിറങ്ങും.