Lok Sabha Election 2024

ബിജെഡി, ടിഡിപി, ആര്‍എല്‍ഡി, ത്രിപ്ര മോത..; എന്‍ഡിഎയിലേക്ക് ബിജെപി ആളെക്കൂട്ടുന്നത് എന്തിന്?

പ്രാദേശിക പാര്‍ട്ടികളുടെ വരവിനെ ഇരുകൈകളാല്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍ ബിജെപി

ദിനേശ് കൃഷ്ണൻ

1996-ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലെ കേന്ദ്രസര്‍ക്കാരിന്‌ 13 ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനമൊഴിയേണ്ടി വന്നതിന്റെ അനുഭവത്തില്‍ നിന്നാണ് കെട്ടുറപ്പുള്ള മുന്നണിയുടെ ആവശ്യകത ബിജെപി മനസിലാക്കുന്നത്. 1998ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ രൂപീകരിക്കുമ്പോള്‍ സഖ്യകക്ഷികളുടെ എണ്ണം 28 ആയിരുന്നെങ്കില്‍ 2024 തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുന്നണിയിലെ കക്ഷികളുടെ നിലവിലെ എണ്ണം 40 ആണ്. മുന്നണിയിലേക്ക്‌ പ്രാദേശിക പാര്‍ട്ടികളുടെ വരവിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് ഇപ്പോള്‍ ബിജെപി. തങ്ങള്‍ക്ക്‌ ശക്തിയില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പംചേര്‍ത്തുള്ള രാഷ്ട്രീയനീക്കം ശക്തിപ്പെടുത്തുകയാണ് ബിജെപി.

പ്രതിപക്ഷ മുന്നണിയില്‍ ചേരുന്ന ഭരണകക്ഷി; ബിജെഡി എന്‍ഡിഎയിലേക്ക്

ഒഡീഷയില്‍ പ്രധാന പ്രതിപക്ഷമായിട്ടും ഭരണകക്ഷിയായ ബിജു ജനതാദളിനെ എന്‍ഡിഎയിലേക്ക് സ്വീകരിക്കുകയാണ് ബിജെപി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെഡി എന്‍ഡിഎയില്‍ ചേരുന്നതോടെ ഒഡീഷയില്‍ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ് സംജാതമാകുന്നത്. 1998 മുതല്‍ 2009 വരെ 11 വര്‍ഷക്കാലം എന്‍ഡിഎ മുന്നണിയിലായിരുന്നു ബിജെഡി. എന്നാല്‍, 2009 തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തര്‍ക്കം രൂക്ഷമായതോടെയാണ് ബിജെഡി മുന്നണി വിട്ടത്. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്ന 'മിഷന്‍ 400'ന് കൂടുതല്‍ ശക്തി പകരുന്നതാണ് ബിജെഡിയുടെ എന്‍ഡിഎ പ്രവേശനം.

എന്നാല്‍, ബിജെഡിയുടെ ഇപ്പോഴത്തെ എന്‍ഡിഎ കൂട്ടുകെട്ട് എന്തിനാണെന്ന കൃത്യമായ രാഷ്ട്രീയവിവരം പുറത്തുവന്നിട്ടില്ല. സംസ്ഥാനത്ത് കാര്യമായ ഭരണവിരുദ്ധവികാരം നിലവില്ല, ഒപ്പം രാജ്യത്തെ ജനകീയ മുഖ്യമന്ത്രിമാരില്‍ മുന്‍പന്തിയിലാണ് നവീന്‍ പട്‌നായിക്. 2024 ജനുവരിയില്‍ നടത്തിയ സര്‍വേയില്‍ പോലും ഇക്കാര്യം വ്യക്തമായതാണ്. ഇതൂകൂടാതെ, ചില എജന്‍സികള്‍ നടത്തിയ സര്‍വേയില്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെഡിക്ക് പതിനൊന്ന് സീറ്റും ബിജെപിക്ക് പത്തു സീറ്റുകളുമാണ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷമാണെങ്കില്‍ കേന്ദ്രത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും ബിജെപി കൊണ്ടുവരുന്ന പ്രധാനപ്പെട്ട എല്ലാ ബില്ലുകളേയും ബിജെഡി പിന്തുണയ്ക്കാറുണ്ട്. ഇതിന്റെ പ്രതിഫലമെന്നോളം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ നല്ലൊരു ശതമാനവും ഒഡീഷയ്ക്ക് ലഭിക്കുന്നുമുണ്ട്.

2004 മുതല്‍ 2014 വരെ തിരഞ്ഞെടുപ്പുകളില്‍ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ബിജെഡിയെ ആണ് വോട്ടര്‍മാര്‍ തിരഞ്ഞെടുത്തുപോരുന്നത്. 2004 മുതല്‍ 2014 വരെയുള്ള നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകളില്‍ രണ്ടര ശതമാനത്തിന്റെ കൂടുതലോ കുറവോ മാത്രമേ ഇതുവരെ ബിജെഡി വോട്ടിങ്ങില്‍ രേഖപ്പെടുത്തിട്ടുള്ളൂ. ഏറ്റവും ഒടുവില്‍ നടന്ന 2019 നിയമസഭ തിരഞ്ഞെടുപ്പില്‍ 147 സീറ്റുകളില്‍ ബിജെഡി 112 സീറ്റുകളും ബിജെപി 23 സീറ്റുകളും കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളും സ്വന്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് 12-8-1 എന്നിങ്ങനെയാണ്.

ശക്തരായിട്ടും എന്തിന് ബിജെഡി എന്‍ഡിഎയിലേക്ക്?

2024ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെഡിയെ ആശങ്കയിലാക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോട് ശക്തമായ ഏറ്റുമുട്ടലിനുള്ള ആത്മവിശ്വാസക്കുറവ് പട്‌നായിക്കിനെ അലട്ടുന്നതായി അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ബിജെപി തിരഞ്ഞെടുപ്പില്‍ മികച്ച ജയം നേടിയാല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് നടത്തുന്ന വിലപേശല്‍ തിരഞ്ഞെടുപ്പിനു ശേഷം നടക്കില്ല എന്ന തിരിച്ചറിവും മുന്നണി പ്രവേശനകാരണമായി കണക്കാക്കുന്നു.

ഇതുകൂടാതെ, വരുന്ന ഏപ്രിലോടെ രാജ്യസഭയില്‍ ബിജെപിക്ക് ബിജെഡി പിന്തുണയില്ലാതെ തന്നെ ഭൂരിപക്ഷത്തിന് അവസരമൊരുങ്ങുമെന്ന കണക്കുകൂട്ടലും പട്‌നായിക്കിനുണ്ട്. ഇതുകൂടാതെ, നവീന്‍ പട്‌നായിക്കിനു ശേഷം ബിജെഡിയുടെ നേതൃത്വം മുന്‍ ബ്യൂറോക്രാറ്റായ വി കെ പാണ്ഡ്യനിലേക്ക് എത്തിയേക്കും. രാഷ്ട്രീയ പരിചയം കുറവുള്ളതിനാല്‍ ബിജെഡിയുടെ സുഗമമായ ഭാവിക്ക് ബിജെപി പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവും എന്‍ഡിഎയില്‍ ചേക്കേറാന്‍ നവീന്‍ പട്‌നായിക്കിനെ പ്രേരിപ്പിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടിഡിപി എന്‍ഡിഎയിലേക്ക്

2014ലെ തെലങ്കാന രൂപീകരണത്തിനു ശേഷം ആന്ധ്രാ പ്രദേശിനു പ്രത്യേക പദവികള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്നത്. 2024 തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ് ഡല്‍ഹിയിലെത്തി ചന്ദ്രബാബു നായിഡു ബിജെപി നേതാക്കളായ അമിത് ഷായേയും ജെ പി നദ്ദയെയും കണ്ടത്. ടിഡിപിയുടെ എന്‍ഡിഎ പുന:പ്രവേശനത്തിന് വഴിയൊരുക്കിയത് സംസ്ഥാനത്തെ അവരുടെ സഖ്യകക്ഷിയായ ജനസേന പാര്‍ട്ടിയുടെ (ജെഎസ്പി) തലവനും നടനുമായി പവന്‍ കല്യാണ്‍ ആണ്. അടുത്തദിവസങ്ങളില്‍ തന്നെ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമധാരണ ഉണ്ടാകും.

എന്തുകൊണ്ട് ബിജെപി വീണ്ടും ടിഡിപിയെ സ്വീകരിക്കുന്നു?

ആന്ധ്രാ പ്രദേശില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. അന്നുമുതല്‍ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിരുന്നു. വരുന്ന തിരഞ്ഞെടുപ്പിലെ മിഷന്‍ 400നായി ബിജെപിക്ക് ആന്ധ്രയില്‍ സഹായകമാകുക ടിഡിപി-ജെഎസ്പി കൂട്ടുകെട്ടാകും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം, ആന്ധ്രയില്‍ ബിജെപിയുടെ രാഷ്ട്രീയശക്തിയേക്കാള്‍ സംഘടനശക്തിയും അതുവഴിയുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞതയുമാണ് സഖ്യത്തിലൂടെ ടിഡിപി ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി നേതൃത്വം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതുകൂടാതെ, കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഭരണപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്, തങ്ങള്‍ ബിജെപി സഖ്യത്തിലാണെന്ന ഒരു സന്ദേശം നല്‍കാനും ടിഡിപിക്ക് ആകും. സ്‌കില്‍ ഡെവലെപ്പ്‌മെന്റ് കേസില്‍ അറസ്റ്റിലായ ചന്ദ്രബാബു നായിഡു സുരക്ഷിതനാകാനുള്ള ഒരു മാര്‍ഗമായി കൂടിയാണ് എന്‍ഡിഎ പ്രവേശനത്തെ കാണുന്നത്. നായിഡു ജയിലില്‍ കിടന്ന സമയത്താണ് പവന്‍ കല്യാണിന്റെ ജെഎസ്പിയുമായി സഖ്യപ്രഖ്യാപനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഭാരതരത്‌ന നല്‍കി ആര്‍എല്‍ഡിയെ, ആദിവാസി പ്രശ്‌നം പരിഹരിച്ച് ത്രിപ്രയെ

മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ്ങിന് ഭാരതരത്ന നല്‍കിയതോടെയാണ് രാഷ്ട്രീയ ലോക്ദളിനെ (ആര്‍എല്‍ഡി) ആകര്‍ഷിക്കാന്‍ ബിജെപിക്കായത്. ചരണ്‍ സിങ്ങിന്റെ ചെറുമകന്‍ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതുവരെ കോണ്‍ഗ്രസുമായും എസ്പിയുമായും സഖ്യത്തിലായിരുന്നു. ഈ സഖ്യം ഉപേക്ഷിച്ചാണ് ആര്‍എല്‍ഡി എന്‍ഡിഎ പാളയത്തില്‍ എത്തിയത്. സംസ്ഥാനത്തെ ആദിവാസി പ്രശ്നങ്ങള്‍ക്ക് ഭരണഘടനാപരമായ പരിഹാരത്തിന് കേന്ദ്രവുമായും ബിജെപി ഭരിക്കുന്ന ത്രിപുര സര്‍ക്കാരുമായും ത്രികക്ഷി കരാര്‍ ഒപ്പിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തിപ്ര മോത എന്‍ഡിഎയില്‍ ചേര്‍ന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം