Lok Sabha Election 2024

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

വെബ് ഡെസ്ക്

നരേന്ദ്ര മോദിയുടെ മുസ്ലിംവിരുദ്ധ പരാമർശത്തിൽ വിശദീകരണം തേടിയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസിനുള്ള മറുപടിയിൽ പ്രധാനമന്ത്രിയെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മോദിയുടെ പ്രസംഗങ്ങളെല്ലാം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെട്ട നദ്ദ, ഇന്ത്യയുടെ അടിസ്ഥാനമായ ഹിന്ദുമതത്തെ ദുർബലപ്പെടുത്തുന്ന പാർട്ടികൾക്കെതിരെ നടപടിയെടുക്കാനും കമ്മിഷനോട് ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടപ്പ് പ്രചാരണത്തിനിടെ രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ വിദ്വേഷപ്രസംഗം ഉള്‍പ്പെടെ വിഷയങ്ങളിലാണ് മോദിയോട് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്.

ഏപ്രിൽ 29ന് മറുപടി നൽകണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. എന്നാൽ രണ്ടു തവണയാണ് നദ്ദ, കാലാവധി നീട്ടിവാങ്ങിയത്

തിങ്കളാഴ്ച ജെ പി നദ്ദ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ മറുപടിയിൽ, മുസ്ലിം ലീഗിനെപ്പോലെ കോൺഗ്രസും രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപിക്കുന്നത്. രാമക്ഷേത്ര ചടങ്ങുകളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നതിലൂടെ പാർട്ടി പാപം ചെയ്തു. മുസ്ലിം ലീഗ് ഇന്ത്യയുടെ വിഭജനത്തിൻ്റെ വിത്ത് പാകിയതുപോലെ, സാമ്പത്തിക നിസ്സഹകരണത്തിലൂടെയും ഭാഷാപരമായ വ്യത്യാസങ്ങളിലൂടെയും രാജ്യത്തിൻ്റെ തെക്ക് -വടക്കൻ സംസ്ഥാനങ്ങളെ വിഭജിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും നദ്ദ ആരോപിച്ചു.

ഹിന്ദു മതമാണ് ഇന്ത്യയുടെ അടിസ്ഥാന മതമെന്ന വാദവും ബിജെപി ദേശീയ അധ്യക്ഷൻ മറുപടിക്കത്തിൽ ഉന്നയിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഏർപ്പെടുകയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ എതിർക്കുകയും ചെയ്യുന്നത്തിന്റെ ഭാഗമായി കോൺഗ്രസ് യഥാർഥത്തിൽ രാജ്യത്തിൻ്റെ അടിസ്ഥാന മതത്തെയും അതിൻ്റെ പുരാതന സംസ്കാരത്തെയും എതിർക്കാൻ തുടങ്ങി. ഇതിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

മോദിയുടെ പ്രസംഗങ്ങൾ പ്രതിപക്ഷത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് തുറന്നുകാട്ടാൻ വേണ്ടിയുള്ളതായിരുന്നു. അതിനുള്ള അവകാശം രാജ്യത്തെ വോട്ടർമാർക്കുണ്ടെന്നും നദ്ദ വിശദീകരണത്തിൽ പറയുന്നു.

പാർട്ടി പ്രസിഡന്റ് എന്ന നിലയ്ക്കാണ് നദ്ദയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസയച്ചത്. ഏപ്രിൽ 21ന് രാജസ്ഥാനിൽ മോദി നടത്തിയ പ്രസംഗവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റാലികളിൽ ഉയർത്തുന്ന രാമക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുമെല്ലാം ചൂണ്ടിക്കാട്ടി കോൺഗ്രസ്, സി പി ഐ, സിപിഐ (എംഎൽ) എന്നീ പാർട്ടികളായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

മുസ്ലിങ്ങളെ 'നുഴഞ്ഞുകയറ്റക്കാരെന്നും' 'ഒരുപാട് കുട്ടികളെ ഉണ്ടാക്കുന്നവർ' എന്നുമായിരുന്നു ബൻസ്വാരയിലെ പ്രസംഗത്തിൽ മോദി വിശേഷിപ്പിച്ചത്. കോൺഗ്രസ് അധികാരത്തിലേറിയാൽ രാജ്യത്തെ സ്വത്ത് മുഴുവൻ മുസ്ലിങ്ങൾക്ക് കൊടുക്കുമെന്നും ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്.

ഏപ്രിൽ 29നു മറുപടി നൽകണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. എന്നാൽ രണ്ടുതവണയാണ് നദ്ദ കാലാവധി നീട്ടിവാങ്ങിയത്. മുൻപ്, ചട്ടലംഘനം നടത്തുന്ന വ്യക്തികൾക്കായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചിരുന്നത്. എന്നാൽ ഇത്തവണ നോട്ടിസ് പാർട്ടി അധ്യക്ഷനു കൈമാറുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും