ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കശ്മീരിലെ ബാരാമുള്ള നിയോജകമണ്ഡലത്തിൽ ആക്രമണം. ബാരമുള്ള ഷോപിയാൻ ജില്ലയിലെ ഹീർപോരയിൽ ബിജെപി മുൻ ഗ്രാമമുഖ്യനെ വെടിവെച്ച് കൊലപ്പെടുത്തി. പ്രദേശത്ത് ജയ്പ്പൂർ സ്വദേശികളായ ദമ്പതികൾക്ക് നേരെയും വെടിവെയ്പുണ്ടായി.
ബിജെപിയുടെ മുൻ ഗ്രാമമുഖ്യനുമായ ഐജാസ് അഹമ്മദാണ് വെടിയേറ്റ് മരിച്ചത്. ഐജാസിന്റെ ഷോപിയാൻ ജില്ലയിലെ ഹീർപോരയിലെ വീടിനുള്ളിൽ കടന്നുകയറിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് നേരെയും ആക്രമണമുണ്ടായി. ജയ്പൂർ സ്വദേശിനിയായ ഫർഹയ്ക്കും ഭാര്യ തബ്രേസിനും നേരെ അനന്ത്‌നാഗിലെ യന്നാറിൽ വെച്ച് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
മെയ് 20 നാണ് ബാരമുള്ള മണ്ഡലത്തിലെ വോട്ടെടുപ്പ്. അനന്ത്‌നാഗിൽ മേയ് 25 നും വോട്ടെടുപ്പ് നടക്കും. നേരത്തെ അനന്ത്‌നാഗ്-രജൗരി പാർലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മേയ് 7 ന് നടത്താനായിരുന്നു തീരുമാനം. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി മാറ്റുകയായിരുന്നു.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു.
പഹൽഗാമിൽ നടന്ന ആക്രമണത്തെ അപലപിക്കുന്നതായും തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയും അതേസമയത്ത് തന്നെ ആക്രമണം ഉണ്ടാവുന്നതും ആശങ്കാജനകമാണെന്നും മെഹുബൂബ മുഫ്തി പറഞ്ഞു.
ആറ് മാസത്തിനിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഏപ്രിൽ 17 ന് നടന്ന തീവ്രവാദി ആക്രമണത്തിൽ ഒരു അതിഥി തൊഴിലാളി കൊല്ലപ്പെടുകയും അതേമാസം തന്നെ ഷോപിയാനിൽ നടത്ത വെടിവെപ്പിൽ ഡെറാഡൂൺ സ്വദേശിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിൽ രണ്ട് അമൃത്‌സർ സ്വദേശികൾക്ക് വെടിയേറ്റിരുന്നു. ഇതിൽ ഒരാൾ പിന്നീട് മരണപ്പെട്ടിരുന്നു.