രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപിയും എന്‍ഡിഎയും. 2019 ല്‍ അധികാരത്തിലെത്തിയ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ 303 സീറ്റുകള്‍ തനിച്ച് നേടിയ ബിജെപി അതില്‍ കുറഞ്ഞതൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ല. 370 സീറ്റുകള്‍ നേടണമെന്നാണ് ഇത്തവണത്തെ ബിജെപിയുടെ ടാര്‍ഗറ്റ്. പ്രധാനമന്ത്രിയുള്‍പ്പെടെ ബിജെപി നേതാക്കള്‍ ഇക്കാര്യം പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ഭരണം ഉറപ്പാണെന്ന നിലപാടുമായി ബിജെപി പ്രചാരണം മുന്നോട്ടുപോകുമ്പോള്‍ മുന്നേറ്റം തടയാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് പ്രതിപക്ഷം.
2019 ല്‍ ബിജെപിയെ തുണച്ചത് വടക്കേ ഇന്ത്യയും വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളുമായിരുന്നു. 90 മുതല്‍ നൂറ് ശതമാനം വിജയമായിരുന്നു ഈ മേഖലയിലെ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയത്. അഞ്ച് വര്‍ഷത്തിനിപ്പുറം ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ മേഖലകളില്‍ ബിജെപിയുടെ മുന്നേറ്റം അത്ര എളുപ്പമാകില്ല. പലയിടത്തും പ്രതിപക്ഷം ഇന്ത്യ മുന്നണിയുടെ പേരില്‍ ഒന്നിച്ച് നില്‍ക്കുന്നതുള്‍പ്പെടെ സീറ്റെണ്ണം കൂട്ടുക എന്നത് ബിജെപിയെ സംബന്ധിച്ച് വെല്ലുവിളിയാണ്.
ബിജെപി കണ്ണുവയ്ക്കുന്ന ദക്ഷിണേന്ത്യ
ഉത്തരേന്ത്യയ്ക്ക് പുറത്ത് നേടുന്ന സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ബിജെപിയുടെ പദ്ധതികളിലൊന്ന്. ഇതില്‍ കേരളവും തമിഴ്‌നാടുമാണ് പ്രധാന ലക്ഷ്യം. കര്‍ണാടകയില്‍ ജെഡിഎസിനെയും ആന്ധ്രപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)യെയും പവന്‍ കല്ല്യാണിന്റെ ജെഎസ്പിയെയും ഒപ്പം കൂട്ടിയാണ് ബിജെപി നീക്കങ്ങള്‍.
തമിഴ്‌നാട്- കേരളം
ഇടതുപക്ഷത്തിനും യുഡിഎഫിനും ഒരു പോലെ വേരോട്ടമുള്ള കേരളത്തില്‍ സിനിമ താരങ്ങളെയും മുന്‍ മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങളെയും പാളയത്തിലെത്തിച്ച് ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രമാണ് ബിജെപി പയറ്റുന്നത്. രണ്ട് കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും വനിതകളും കേരളത്തിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചുകഴിഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും തമിഴ്‌നാടാണ് ബിജെപിയുടെ മറ്റൊരു പ്രതീക്ഷാ ഭൂമി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തമിഴ്‌നാട്ടിലെ ഒരു സീറ്റില്‍ മത്സരിച്ചേക്കുമെന്ന നിലയില്‍ പോലും ചര്‍ച്ചകള്‍ ഉയര്‍ത്തിയാണ് ദ്രാവിഡ മണ്ണില്‍ ചുവടുറപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നത്.
തമിഴ്‌നാട്ടില്‍ 39 സീറ്റുകളാണ് ലോക്‌സഭയിലേക്കുള്ളത്. കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്ന്. സംസ്ഥാനത്ത് ഒരു മുന്നേറ്റം ഉണ്ടാക്കാനായാല്‍ അത് ബിജെപിയുടെ വോട്ട് ഷെയറിലുള്‍പ്പെടെ വലിയ മാറ്റം ഉണ്ടാക്കും.
നിലവില്‍ ബിജെപിക്ക് ഒരു സാധ്യതയുമില്ലാത്ത സംസ്ഥാനമാണ് തമിഴ്‌നാട്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 ലെ തിരഞ്ഞെടുപ്പില്‍ 5.5 ശതമാനം വോട്ട് മാത്രമായിരുന്നു ബിജെപി തമിഴ്‌നാട്ടില്‍ നേടിയത്. ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അധികാരത്തിലെത്തിയ 2019ല്‍ വോട്ടുശതമാനം വീണ്ടും ഇടിഞ്ഞു 3.67 ശതമാനമായി. എന്നാല്‍ എന്ത് വിലകൊടുത്തും ഇത്തവണ കളം പിടിക്കാനാണ് ബിജെപി ശ്രമം.
അണ്ണാമലൈ എന്ന തല
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും 39 കാരനുമായ അണ്ണാമലൈ ആണ് തമിഴ്‌നാട്ടില്‍ നിലവില്‍ ബിജെപിയെ നയിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ വേദിയില്‍ അഴിമതി വിരുദ്ധ നിലപാടുകളെടുക്കുന്ന നേതാവായും കുടുംബ രാഷ്ട്രീയ വിരുദ്ധനായും സ്വയം കുപ്പായമണിഞ്ഞാണ് അണ്ണാമലൈയുടെ രംഗപ്രവേശം.
അണ്ണാമലൈയിലൂടെ ഒരു വലിയ മുന്നേറ്റം ബിജെപിയും തമിഴ്‌നാട്ടില്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ 100 ദിന യാത്രയുള്‍പ്പെടെ ബിജെപിക്ക് സംസ്ഥാനത്ത് ശ്രദ്ധ നേടിക്കൊടുക്കാന്‍ ശ്രമിച്ചു. ആഭ്യന്തര കലഹത്തില്‍ മുഴുകി പ്രതിസന്ധിയിലായ എഐഎഡിഎംകെയുടെ ഒപ്പം പ്രതിപക്ഷ പാര്‍ട്ടി എന്ന ഖ്യാതിയും ഉണ്ടാക്കാനായി.
അടിത്തറ ഉറപ്പിക്കാനുള്ള നീക്കങ്ങള്‍
ഒരു ഡസനോളം സീറ്റുകളില്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ ബിജെപി തമിഴ്നാട്ടില്‍ സ്വപ്‌നങ്ങള്‍ മെനയുന്നത്. നീലഗിരി മുതല്‍ തെങ്കാശിവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സഹമന്ത്രി എല്‍ മുരുകന്റെ ക്യാമ്പ് ഓഫീസ് തുറന്നുള്ള പ്രവര്‍ത്തനമാണ് നീലഗിരിയില്‍ നടത്തുന്നത്. ചെന്നൈയിലെ വിരുദനഗര്‍, രാമനാഥപുരം, ശിവഗംഗ, തെങ്കാശി, കോയമ്പത്തൂര്‍, കന്യാകുമാരി എന്നിവയും പട്ടികയില്‍ പ്രധാനമാണ്.
നാഥനില്ലാത്ത എഐഎഡിഎംകെ, അവസരം കാത്തിരിക്കുന്ന ബിജെപി
നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിച്ചും രാഷ്ട്രീയത്തില്‍ സജീവമായ ഇടപെട്ടും അണ്ണാമലൈ നടത്തുന്ന നീങ്ങളുടെ പശ്ചാത്തലത്തില്‍ പെട്ടെന്നൊരു രാഷ്ട്രീയ മുന്നേറ്റം തമിഴ്‌നാട്ടില്‍ ഉണ്ടാക്കാനാകുമെന്ന് ബിജെപിയും കരുതുന്നില്ല. എന്നാല്‍ ജയലളിതയുടെ മരണത്തോടെ ശക്തി ക്ഷയിച്ച എഐഎഡിഎംകെ ഇതിനോടകം പലകഷ്ണങ്ങളായി കഴിഞ്ഞു. ഈ അവസരം മുതലെടുത്ത് ചുവടുറുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
അണ്ണാമലൈയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ എന്‍ഡിഎ ബന്ധം തന്നെ അവസാനിപ്പിക്കുയാണെന്ന് ഒരു ഘട്ടത്തില്‍ എഐഎഡിഎംകെ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നേതൃത്വ പ്രതിസന്ധി നേരിടുന്ന എഐഎഡിഎംകെയുടെ ഭീഷണി ബിജെപി കാര്യമായെടുത്തില്ലെന്ന് വേണം കരുതാന്‍. എഐഎഡിഎംകെക്ക് പകരം ചെറുപാര്‍ട്ടികളെ ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമിച്ചത്. 'തിരഞ്ഞടുപ്പ് സഖ്യം തേടുന്നതിനേക്കാള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് മുന്‍ഗണന'യെന്ന് അണ്ണാമലൈയും ആവര്‍ത്തിക്കുന്നു. എന്‍ മണ്ണ്, എന്‍ മക്കള്‍ മുദ്രാവാക്യവുമായി പ്രാദേശിക വികാരം ഉയര്‍ത്തി അണ്ണാമലൈ നടത്തിയ യാത്ര തമിഴ്ജനതയ്ക്ക് ബിജെപിയോടുള്ള എതിപ്പ് കുറയ്ക്കാന്‍ ഗുണം ചെയ്തെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ തമിഴ്‌നാട്ടിലെത്തി. മോദിയുടെ മണ്ഡലമായ വാരണാസിയുമായി തമിഴ്‌നാടിനെ ബന്ധിപ്പിക്കുന്ന 'തമിഴ് കാശി സംഗമം' ഉള്‍പ്പെടെ സംഘടിപ്പിച്ചതും സംസ്ഥാനത്തിന് മേല്‍ ബിജെപിയുടെ ശ്രദ്ധ നേരിട്ട് പതിയുന്നതിന്റെ സൂചനയാണ്.
അടിത്തറ ഉറപ്പിക്കാന്‍ കിണഞ്ഞ് ശ്രമം
ദ്രാവിഡ വികാരം ഉറച്ച തമിഴ് മണ്ണില്‍ പതിയെ ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടാനായതും ഈ നിലമൊരുക്കലിന്റെ വിജയമാണെന്നാണ് വിലയിരുത്തല്‍. നാഗര്‍കോവില്‍, തിരുന്നല്‍വേലി, മൊടക്കുറിച്ചി, കോയമ്പത്തൂര്‍ സൗത്ത് എന്നീ സീറ്റുകളാണ് ബിജെപി വിജയിച്ചത്. പല മണ്ഡലങ്ങളിലും ഡിഎംകെയുടെ അപ്രമാദിത്യത്തെ വെല്ലുവിളിക്കാനും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കഴിഞ്ഞു.
ഇതില്‍ മൊടക്കുറിച്ചിയിലെ ജയം ബിജെപിക്ക് നല്‍കിയ ആത്മവിശ്വാസവും ചെറുതല്ല. സേലം ജില്ലയില്‍ പെരിയാര്‍ ഇ വി രാമസ്വാമി നായിക്കറുടെ ജന്മനാട്ടില്‍ നേടിയ മുന്നേറ്റം തമിഴ്‌നാട്ടിലെ വിവിധ മേഖലകളിലേക്കുള്ള ബിജെപിയുടെ കടന്നു കയറ്റത്തിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
സാമൂഹിക അടിത്തറയില്ലായ്മയും ഭാഷാപരമായ തടസങ്ങളും
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തമിഴ്‌നാട്ടില്‍ ബിജെപിക്ക് കാര്യമായ രാഷ്ട്രീയ സ്വാധീനം ചെലുത്താനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭാഷാപരമായ കാരണങ്ങള്‍ മുതല്‍ സാമൂഹിക അടിത്തറവരെ ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രധാനമന്ത്രി മോദിയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചാരണം സാധാരണ ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കില്ലെന്നും വേണം കരുതാന്‍.
ഇതിന് അപ്പുറത്ത് ഡിഎംകെ കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുടെ ശക്തമായ സാന്നിധ്യം ഇപ്പോഴും സംസ്ഥാനത്തുണ്ട്. 60 ശതമാനത്തിന് മുകളിലാണ് ഈ മുന്നണിയുടെ വോട്ട് ശതമാനം. ഈ കരുത്ത് കണ്ടാണ് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പോലും മുന്നണിയോട് ചേര്‍ന്ന് നില്‍ക്കാന്‍ തയ്യാറായത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നത് ബിജെപിയെ സംബന്ധിച്ച വലിയ വെല്ലുവിളിയായി തന്നെ തുടര്‍ന്നേക്കും.