Lok Sabha Election 2024

മോദിയുടെ പേരിൽ വോട്ട് പിടുത്തം വേണ്ട, ഈശ്വരപ്പയോട് ബിജെപി; തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി

മകന്‍ കാന്തേഷിനു ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ശിവമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് കെ എസ് ഈശ്വരപ്പ

ദ ഫോർത്ത് - ബെംഗളൂരു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പേരും ഉപയോഗിച്ചുളള കെ എസ് ഈശ്വരപ്പയുടെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കർണാടക ബിജെപി. ശിവമോഗയിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മുൻ മന്ത്രിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ വിമതനായി മത്സരിക്കാനിറങ്ങിയ സാഹചര്യത്തിലാണ് ബിജെപി നീക്കം.

മകൻ കെ ഇ കാന്തേഷിനു ഹാവേരി മണ്ഡലത്തിൽ ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നായിരുന്നു ഈശ്വരപ്പ കർണാടക ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് സ്വതന്ത്രനായി ശിവമോഗയിൽ മത്സരിക്കാൻ തീരുമാനിച്ചത്. പാർട്ടി കർണാടക അധ്യക്ഷൻ ബി വൈ വിജയേന്ദ്രയ്ക്കും അച്ഛൻ ബി എസ് യെദ്യുരപ്പക്കുമെതിരെ കലാപക്കൊടി ഉയർത്തിയായിരുന്നു ഈശ്വരപ്പയുടെ പ്രഖ്യാപനം.

സംസ്ഥാന നേതൃത്വത്തോട് അമർഷം രേഖപ്പെടുത്തിയ ഈശ്വരപ്പ പക്ഷേ ദേശീയനേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തിയാണ് ശിവമോഗയിൽ പ്രചാരണം നടത്തുന്നത്. യെദ്യൂരപ്പയുടെ കുടുംബവാഴ്ച അവസാനിപ്പിക്കാനാണ് ശിവമോഗയിൽ മകൻ ബി വൈ രാഘവേന്ദ്രക്കെതിരെയുള്ള സ്ഥാനാർത്ഥിത്വം.

കെ എസ് ഈശ്വരപ്പ

കാന്തേഷിനു ടിക്കറ്റ് നൽകാൻ പ്രധാനമന്ത്രി ഉൾപ്പടെയുള്ള ദേശീയനേതാക്കൾക്ക് താല്പര്യമുണ്ടായിരുന്നെന്നും യെദ്യൂരപ്പയും മക്കളും ഇടപെട്ടതിനാൽ മകൻ തഴയപ്പെട്ടെന്നാണ് ഈശ്വരപ്പയുടെ ആരോപണം. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരെ തഴയുകയും ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും ടിക്കറ്റ് നൽകുകയും ചെയ്യുക വഴി യെദ്യൂരപ്പ ബിജെപിയുടെ കുഴിതോണ്ടുകയാണെന്ന് ഈശ്വരപ്പ പരസ്യമായി പ്രതികരിച്ചിരുന്നു.

ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ബിജെപി നേതാക്കൾ ആവുംപോലൊക്കെ ശ്രമിച്ചിട്ടും സ്ഥാനാർഥിത്വത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. ശിവമോഗയിൽ പ്രധാനമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിൽനിന്ന് വിട്ടുനിന്ന് നേതൃത്വത്തെ വെല്ലുവിളിച്ച ഈശ്വരപ്പ വിമതപ്രവർത്തനം തുടരുകയാണ്. ഇതിനിടെ അമിത് ഷായെ കാണാൻ ഡൽഹിയിൽ പോയെങ്കിലും കൂടിക്കാഴ്ചക്ക് സമയം നൽകാത്തതിൽ അദ്ദേഹം ക്ഷുഭിതനായി. മകൻ കാന്തേഷിനു കർണാടക നിയമസഭയുടെ ഉപരിസഭയിൽ അംഗത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും ഈശ്വരപ്പ തയാറായിട്ടില്ല.

ഈശ്വരപ്പ മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. മോദിയുടെ മൂന്നാം വിജയത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമാണ് ഈശ്വരപ്പയുടേത്. ശിവമോഗ മേഖലയിൽ പാർട്ടി വളർത്തിയ നേതാവാണ് ആർ എസ് എസിലൂടെ രാഷ്ട്രീയം തുടങ്ങിയ ഈശ്വരപ്പ. ശിവമോഗ മണ്ഡലത്തിൽ 2019 ൽ രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബി വൈ വിജയേന്ദ്ര വിജയിച്ചത്. നടൻ ശിവരാജ് കുമാറിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളുമായ ഗീത ശിവരാജ് കുമാറിനെയാണ് മണ്ഡലത്തിൽ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.

കന്നഡിഗർക്കിടയിൽ ഏറെ സ്വാധീനമുള്ള നടൻ ശിവരാജ് കുമാർ ശിവമോഗയിൽ ഭാര്യക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. ശക്തയായ എതിരാളി ഉള്ളതും ഈശ്വരപ്പ ഉയർത്തുന്ന വെല്ലുവിളിയും ബിജെപി സ്ഥാനാർഥി ബി വൈ രാഘവേന്ദ്രക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. ബി എസ് യെദ്യൂരപ്പയുടെ തട്ടകമായ ശിക്കാരിപുര ഉൾപ്പെടുന്ന മണ്ഡലമാണ് ശിവമോഗ. മണ്ഡലത്തിൽ മകൻ പരാജയപ്പെട്ടാൽ യെദ്യൂരപ്പ കുടുംബത്തിന് അത് വൻ രാഷ്ട്രീയ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പേരും ചിത്രവും പാർട്ടി ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ഈശ്വരപ്പയുടെ വോട്ടുപിടിത്തം തടയാനുളള നീക്കം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ