ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാര്‍ച്ച് ആദ്യം വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനൊരുങ്ങി ബിജെപി. അടുത്തയാഴ്ച നടക്കുന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം 100 പേരടങ്ങുന്ന ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പേരുകള്‍ ആദ്യ പട്ടികയിലുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത വ്യാഴാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്താണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അന്തിമ ധാരണയാകും. 543 അംഗ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനു വേണ്ട 370 എന്ന മാന്ത്രിക സംഖ്യ ലക്ഷ്യമിടുന്ന ബിജെപി അതിനാല്‍ത്തന്നെ കരുതിക്കൂട്ടിയാണ് വേഗത്തില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുന്നത്.
പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പോലും പൂര്‍ത്തിയാകും മുമ്പേ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിലൂടെ 'ഇന്ത്യ'യില്‍ ഐക്യമല്ല അഴിമതിക്കാരുടെ സംഗമമാണ് നടക്കുന്നതെന്ന തങ്ങളുടെ തന്നെ പ്രചാരണത്തെ സാധൂകരിക്കാനും ബിജെപിക്ക് ഇതിലൂടെ കഴിയും. ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളും എന്‍ഡിഎ മുന്നണി 400 സീറ്റുകളും നേടുമെന്ന് നേരത്തെ പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കവെ അവകാശപ്പെട്ടിരുന്നു.
അതേസമയം മറുവശത്ത് നിതീഷ് കുമാറിന്റെ മുന്നണി വിടലും മമതയുടെ ഇടയലും ഉള്‍പ്പടെ സൃഷ്ടിച്ച വലിയ പ്രതിസന്ധികളില്‍നിന്ന് മുന്നോട്ടുനീങ്ങുകയാണ് 'ഇന്ത്യ' സഖ്യം. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനം വിജയകരമായത് അവര്‍ക്ക് നല്ല സൂചന നല്‍കുന്നു. പ്രാദേശിക നേതാക്കളുടെ കടുംപിടുത്തങ്ങളെ തല്‍കാലം മാറ്റി നിര്‍ത്തി, കേന്ദ്ര നേതൃത്വം നേരിട്ട് ചര്‍ച്ചക്കിറങ്ങിയതാണ് യുപിയിലും ഡല്‍ഹിയിലും മഞ്ഞുരുകലിന് കാരണമായത്.