ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 സീറ്റില്‍ വിജയം നേടുക എന്ന വലിയ ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപി ഇത്തവണ ദക്ഷിണേന്ത്യയില്‍ ശ്രദ്ധയൂന്നുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായും സഖ്യം പുനഃസ്ഥാപിച്ചാണ് ബിജെപി ആന്ധ്ര പ്രദേശില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും സഖ്യം ഒന്നിച്ച് നേരിടുമെന്നാണ് പ്രഖ്യാപനം. ഇതോടെ ദക്ഷിണേന്ത്യന്‍ നിയമസഭകളില്‍ ഒന്നില്‍ കൂടി സാന്നിധ്യം ഉറപ്പിക്കാനാകും എന്ന കണക്കൂട്ടലും ബിജെപിക്കുണ്ട്. എന്നാല്‍, ആന്ധ്ര പ്രദേശ് പിടിക്കാനുള്ള ബിജെപിയുടെ പദ്ധതികള്‍ അത്ര എളുപ്പമല്ലെന്ന് മുന്‍കണക്കുകള്‍ തന്നെ ബോധ്യപ്പെടുത്തും. മുന്നണി രാഷ്ട്രീയത്തിലൂടെ ആന്ധ്രയില്‍ ബിജെപിക്ക് നേട്ടമുണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള ചരിത്രം.
തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിച്ച 2014ല്‍ ബിജെപി അന്ധ്രപ്രദേശില്‍ നാല് നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭാ സീറ്റുകളും സ്വന്തമാക്കിയിരുന്നു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഈ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ബിജെപി വലിയ വളര്‍ച്ച നേടിയെങ്കിലും ആന്ധ്ര പ്രദേശില്‍ ഈ വളര്‍ച്ച താഴോട്ടായിരുന്നു. ആന്ധ്ര പ്രദേശില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവില്ലായ്മ 2019ലെ തിരഞ്ഞെടുപ്പ് ഫലം തന്നെ പരിശോധിച്ചാല്‍ മനസിലാകും.
2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി ആന്ധ്രയില്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് 2018ല്‍ ടിഡിപി എന്‍ഡിഎ വിട്ടു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് വേണ്ടത്ര സാമ്പത്തിക പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്. ഇതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ സിറ്റിങ് നിയമസഭാ, ലോക്‌സഭാ സീറ്റുകള്‍ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. 173 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് അഞ്ച് സിറ്റുകളില്‍ മാത്രമാണ് മൂന്നാം സ്ഥാനത്ത് എങ്കിലും എത്താനായത്. 0.9 ശതമാനത്തില്‍ താഴെമാത്രം വോട്ടുകളായിരുന്നു ബിജെപിയുടെ പെട്ടിയില്‍ വീണത്.
2024ല്‍ എത്തുമ്പോള്‍ അന്ധ്ര പ്രദേശ് പിടിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തെ പത്ത് പാര്‍ലമെന്ററി സെഗ്മെന്റുകളാക്കി തിരിച്ച് പ്രത്യേക പരിഗണന നല്‍കിയാണ് പ്രവര്‍ത്തനം. കേന്ദ്ര മന്ത്രിമാരുടെ നിരന്തര സന്ദര്‍ശനം, വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതില്‍ കേന്ദ്ര നേതാക്കളുടെ നേരിട്ടുള്ള നിരീക്ഷണം എന്നിങ്ങനെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ബൂത്ത് കമ്മിറ്റിയുള്‍പ്പെടെ സജീവമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന നേതൃത്വം പരാജയപ്പെട്ട ആന്ധ്രയില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ പാര്‍ട്ടിയുടെ പുത്തന്‍ ഉണര്‍വിന് വഴിവച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.
ആന്ധ്ര പ്രദേശ്
175 നിയമസഭാ മണ്ഡലങ്ങളും 25 ലോക്‌സഭാ മണ്ഡലങ്ങളുമാണ് ആന്ധ്രയിലുള്ളത്. നിലവിലെ കക്ഷി നില അനുസരിച്ച് നിയമ സഭയില്‍ 140 സീറ്റുകള്‍ നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ് വലിയ ശക്തിയായി നിലനില്‍ക്കുകയാണ്. തെലുങ്ക് ദേശം പാര്‍ട്ടിക്ക് 18 സീറ്റുകളും സ്വതന്ത്രര്‍ക്ക് ഏഴ് സീറ്റുകളുമുണ്ട്. 10 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 25 ല്‍ 22 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ വിജയിച്ചു. മൂന്ന് സീറ്റ് ടിഡിപിയും സ്വന്തമാക്കി. 49.9 ശതമാനം വോട്ടുകളും ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. 40.2 ശതമാനം വോട്ട് തെലുങ്ക് ദേശം പാര്‍ട്ടിയും നേടിയിട്ടുണ്ട്. ബിജെപിക്ക് ഒരു ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ജെഎന്‍പിക്ക് 5.9 ശതമാനം വോട്ടുകളും സ്വന്തമാക്കാനായി.
ഒരു കാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസിന് വെറും 1.3 ശതമാനം വോട്ട് ഷെയര്‍മാത്രമാണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ നേടാനായിട്ടുള്ളത്. ടിഡിപി- ജെഎന്‍പി- ബിജെപി പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ടിഡിപിക്ക് എതിരായ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്‍ഡിഎയിലെ സീറ്റുധാരണ അനുസരിച്ച് ആന്ധ്രയില്‍ 25 ലോക്സഭാ സീറ്റുകളില്‍ 17 ഇടത്ത് ടിഡിപി മത്സരിക്കും. ആറു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ രണ്ടു സീറ്റുകളാണ് ജെഎസ്‌പിക്ക് നല്‍കുക.
തെലങ്കാനയില്‍ നേടിയ വലിയ വിജയത്തിന്റെ പ്രതിധ്വനിയില്‍ ആന്ധ്രയില്‍ മുന്നേറ്റം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാംപ്. വൈഎസ്ആര്‍ കോണ്‍ഗ്രസിനും ജഗന്‍ മോഹന്‍ റെഡ്ഢിയ്ക്കും എതിരെ സഹോദരി ശര്‍മിളയെ ഇറക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് കോണ്‍ഗ്രസ് ഇത്തവണ കളത്തിലിറങ്ങുന്നത്.