Lok Sabha Election 2024

ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനമാകും, സഖ്യകക്ഷികളുടെ വോട്ട് വിഹിതം കുറയും; ലോക്‌നീതി-സിഎസ്‍ഡിഎസ് സർവേ

വെബ് ഡെസ്ക്

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും വോട്ട് വിഹിതം വർധിപ്പിക്കുമെന്ന് ലോക്നീതി-സിഎസ്‍ഡിഎസ് സർവേ. തിരഞ്ഞെടുപ്പിന് ശേഷം, ഇരുപതിനായിരത്തോളം പേരുടെ വീടുകൾ സന്ദർശിച്ചാണ് സർവേ തയ്യാറാക്കിയിരിക്കുന്നത്. ബിജെപി മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് സർവേ പറയുന്നത്. പാർട്ടിയുടെ ശക്തിപ്രദേശങ്ങൾക്ക് പുറമേ, മറ്റു മേഖലകളിലും ബിജെപി നില മെച്ചപ്പെടുത്തുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനമായി വർധിക്കും. 2019-ലെ തിരഞ്ഞെടുപ്പിൽ ഇത് 37.4 ശതമാനമായിരുന്നു. കോൺഗ്രസിന്റെ വോട്ട് വിഹിതം 23 ശതമാനമായി കൂടും. കഴിഞ്ഞതവണ കോൺഗ്രസിന് ലഭിച്ചത് 19.5 ശതമാനം വോട്ടായിരുന്നു.

വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ബിജെപി മുൻതൂക്കം നിലനിർത്തുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വോട്ട് വിഹിതം വർധിപ്പിക്കുകയും ചെയ്യാനാണ് സാധ്യതയെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ഇരു പാർട്ടികളും തമ്മിൽ ഏതാണ്ട് തുല്യമായ വർധനയാണ് സർവേ പ്രവചിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പ് തോൽവിയുമായി താരതമ്യം ചെയ്യുമ്പോൾ, കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സർവേ പറയുന്നു.

കോൺഗ്രസ് സഖ്യകക്ഷികളുടെ വോട്ട് ശതമാനം വർധിക്കുമ്പോൾ ബിജെപി സഖ്യകക്ഷികളുടെ വോട്ട് ശതമാനം കുറയുമെന്നും സർവേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ വോട്ട് ശതമാനം 2019ല്‍ നിന്ന് 2024 ല്‍ എത്തുമ്പോള്‍ 7.3 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക് വര്‍ധിക്കും. അതേസമയം ബിജെപി സഖ്യകക്ഷികളുടെ വോട്ട്ശതമാനം 7.5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയും. മറ്റ് കക്ഷികളുടെ വോട്ട് ശതമാനം 28.3 ല്‍ നിന്ന് 19 ശതമാനമായും കുറയുമെന്നും സര്‍വേ പറയുന്നു.

കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും സ്വാധീനം ചെലുത്താൻ ബിജെപി നടത്തികൊണ്ടിരുന്ന പ്രവർത്തനങ്ങൾക്ക് ഫലമുണ്ടായേക്കുമെന്നും സർവേ സൂചിപ്പിക്കുന്നുണ്ട്.

ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ആം ആദ്മിയും ഉത്തർപ്രദേശിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസ് സഖ്യകക്ഷികൾ ആണെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഈ സഖ്യം രൂപീകരിക്കാൻ സാധിച്ചിട്ടില്ല.

ബിജെപി ശക്തിപ്രാപിക്കുന്നതോടെ വിവിധ പ്രാദേശിക പാർട്ടികളുടെ നിലമോശമായേക്കും. എന്നാൽ പരമാവധി സംസ്ഥാനങ്ങളിലും സഖ്യത്തിലേർപ്പെടാനുള്ള കോൺഗ്രസിന്റെ തീരുമാനവും എൻഡിഎ സഖ്യം ശക്തിപ്പെടുത്താൻ ബിജെപി സ്വീകരിച്ച ജാഗ്രതയും സംസ്ഥാന പാർട്ടികൾക്ക് ഫലം പ്രഖ്യാപിക്കുമ്പോൾ താൽക്കാലിക ആശ്വാസമാകുമെന്നുമാണ് വിലയിരുത്തുന്നത്.

ഡൽഹിയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ (സിഎസ്‍ഡിഎസ്) ലോക്നീതി പ്രോഗ്രാം രാജ്യവ്യാപകമായിട്ടാണ് പോസ്റ്റ്-പോൾ സർവേ നടത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും