Lok Sabha Election 2024

'തിരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസമില്ല'; വോട്ടെണ്ണലിൽ കൃത്രിമത്വം കാണിക്കുമെന്ന ആശങ്കയുമായി സാമൂഹ്യ പ്രവർത്തകർ

ആക്ടിവിസ്റ്റുകളും ബ്യൂറോക്രാറ്റുകളും അടങ്ങുന്ന വിദഗ്ദരുടെ 120 സിവില്‍ ഓര്‍ഗനൈസേഷനുകളാണ് ആശങ്ക അറിയിച്ചിരിക്കുന്നത്.

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദിനത്തില്‍ കൃത്രിമത്വം കാണിക്കുമോയെന്ന ആശങ്കയുമായി സിവില്‍ ഓര്‍ഗനൈസേഷനുകള്‍. കഴിഞ്ഞ ദിവസം നടന്ന വേക്ക് അപ് കര്‍ണാടകയെന്ന പരിപാടിയില്‍ ആക്ടിവിസ്റ്റുകളും ബ്യൂറോക്രാറ്റുകളും അടങ്ങുന്ന വിദഗ്ദരുടെ 120 സിവില്‍ ഓര്‍ഗനൈസേഷനുകളാണ് ആശങ്ക അറിയിച്ചിരിക്കുന്നത്. ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ എങ്ങനെ ഉത്തരവാദിത്തമുള്ളതാക്കാമെന്നും ചര്‍ച്ച ചെയ്തു. ഡല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലും സമാന യോഗങ്ങള്‍ ചേരാനുള്ള തീരുമാനത്തിലാണ് ഓര്‍ഗനൈസേഷന്‍.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തുടരുന്ന പരാജയങ്ങളാണ് ഇത്തരമൊരു സംരംഭത്തിന്റെ കാരണമെന്ന് രാഷ്ട്രീയ സാമ്പത്തിക വിദഗ്ദന്‍ പറക്കാല പ്രഭാകര്‍ പറഞ്ഞു. ''ജനങ്ങളുടെ താല്‍പര്യം എന്തായാലും അത് ബാലറ്റിലൂടെ പ്രതിഫലിക്കണമെന്നതാണ് പരിമിതവും ഗൗരവമേറിയതുമായ ഞങ്ങളുടെ ലക്ഷ്യം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പൗരാവകാശം നേടിയെടുക്കുന്നതിന് പൗരസമൂഹം വെല്ലുവിളി ഉയര്‍ത്തും,'' അദ്ദേഹം പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിയില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെക്കുറിച്ച് സംശയങ്ങളുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''തിരഞ്ഞെടുപ്പ് കമ്മിഷനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. എന്നിരുന്നാലും ഞങ്ങളുടെ സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സ്ഥാപിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും വര്‍ഗീയ പ്രസംഗങ്ങളും ആവര്‍ത്തിക്കുന്ന മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവും എതിര്‍ക്കുന്നതിലും നിരുത്സാഹപ്പെടുത്തുന്നതിലും കമ്മിഷന്‍ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ കമ്മിഷന്റെ പെരുമാറ്റത്തില്‍ ആത്മവിശ്വാസം ഇല്ല,'' പരക്കാല പ്രഭാകര്‍ പറയുന്നു. നിലവിലെ സെലക്ഷന്‍ കമ്മിറ്റി നയിക്കുന്നത് പ്രധാന മന്ത്രിയാണ്. മാത്രവുമല്ല, പാനലില്‍ ആകെ ഒരു പ്രതിപക്ഷ അംഗം മാത്രമേ ഭാഗമായിട്ടുള്ളു.

ഇത്തവണ ഉയര്‍ന്നുവന്നത് പോലെയുള്ള സംശയങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിട്ടില്ലെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ എംജി ദേവശ്യാം പ്രതികരിച്ചു. ''അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ജനാധിപത്യമോ ഏകാധിപത്യമോ എന്ന ചോദ്യമായിരുന്നു ജനങ്ങള്‍ക്ക് മുമ്പാകെ ഉണ്ടായിരുന്നത്. ഇപ്പോഴും അന്തരീക്ഷവും ജനങ്ങളുടെ മാനസികാവസ്ഥയും സമാനമാണ്. വലിയ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിയുക്തവുമല്ല എന്നതാണ് തടസം,'' അദ്ദേഹം പറയുന്നു.

17 (സി) ഫോറം പ്രസിദ്ധീകരിക്കുന്നതിനും ഭയവും പ്രീതിപ്പെടുത്തലും ഇല്ലാതെ സുരക്ഷിതമായ വോട്ടെണ്ണല്‍ പ്രക്രിയ നടത്തുന്നതിലും കമ്മീഷന്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദ് പ്രതികരിച്ചു. പ്രതിപക്ഷ സംസ്ഥാനങ്ങളുടെ വര്‍ധിച്ചു വരുന്ന പിന്തുണ വ്യക്തമാക്കുന്നതിനായി സ്വതന്ത്ര മാധ്യമങ്ങളുടെ പോള്‍ നടത്താനും തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ടീസ്ത പറഞ്ഞു. ''സര്‍ക്കാര്‍ വിളറി പൂണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സര്‍ക്കാരിലെ നേതാക്കള്‍ ഹീനമായ പ്രസ്താവനകള്‍ നടത്തുകയാണ്. കൗണ്ടിങ് ബൂത്ത് തലത്തില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കുന്നുവെന്ന് ഉറപ്പാക്കണം,'' ടീസ്ത വ്യക്തമാക്കി.

വോട്ടിങ് പ്രക്രിയയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്ന് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗം ഗുര്‍ദീപ് സപ്പാലും കൂട്ടിച്ചേര്‍ത്തു. നിര്‍ഭാഗ്യവശാല്‍ ഈ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം