Lok Sabha Election 2024

സീറ്റ് എണ്ണത്തിൽ രണ്ടക്കം കടക്കാതെ വീണ്ടും കർണാടക കോൺഗ്രസ്; ജെഡിഎസ് സഖ്യം കൊണ്ട് ഗുണമില്ലാത്ത ബിജെപി

ദ ഫോർത്ത് - ബെംഗളൂരു

കന്നഡിഗർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. സംസ്ഥാനത്തു വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാർ ഭരിച്ചിട്ടും  കർണാടകയെ അവർ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാവി പുതപ്പിച്ചു. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 17 സീറ്റുകൾ ബിജെപിയും രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസും ഒമ്പത് സീറ്റുകൾ ഭരണ കക്ഷിയായ കോൺഗ്രസും  നേടി. 

2019 ലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ ഇത്തവണ കർണാടകയിൽ മുന്നേറ്റം ഉണ്ടാക്കിയത് കോൺഗ്രസ് പാർട്ടിയാണ്. 2019ൽ ബെംഗളൂരു റൂറലെന്ന ഒറ്റ സീറ്റു മാത്രം ജയിച്ച കോൺഗ്രസ് ഇത്തവണ അധികമായി പിടിച്ചത് എട്ട് സീറ്റുകളാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിരാശ ജയിച്ച ബെംഗളൂരു റൂറൽ ഇത്തവണ പാർട്ടിയെ കൈവിട്ടു എന്നതാണ്. കർണാടക ഉപമുഖ്യമന്ത്രിയും  കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാറിന്റെ സഹോദരനും സിറ്റിംഗ് എംപിയുമായിരുന്ന ഡികെ സുരേഷാണ്  ഇവിടെ പരാജയം രുചിച്ചത്. ബിജെപി ചിഹ്നത്തിൽ മത്സരിച്ച  എച്ച് ഡി ദേവെഗൗഡയുടെ മരുമകൻ  ഡോ. സി എൻ മഞ്ജുനാഥാണ് ഇവിടെ ജയിച്ചത്. ഡികെ ശിവകുമാറിനെ സംബന്ധിച്ചിടത്തോളം നാണക്കേടാണ്  സഹോദരന്റെ തോൽവി.

ഡികെ സുരേഷ്‌

"ഞാൻ 10 മുതൽ 14 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ വെച്ച് നോക്കുമ്പോൾ കോൺഗ്രസ് നില മെച്ചപ്പെടുത്തി. ബെംഗളൂരു റൂറലിലെ  തോൽവി ഉൾപ്പടെ എല്ലാം പാർട്ടി പരിശോധിക്കും." ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

സ്ഥാനാർഥി ക്ഷാമം നേരിട്ട കോൺഗ്രസ്‌ ഇത്തവണ കളത്തിലിറക്കിയ മന്ത്രിമക്കളിൽ സൗമ്യ റെഡ്ഢി ( രാമലിംഗ റെഡ്ഢിയുടെ മകൾ), മൃണാൾ ഹെബ്ബാൾക്കാർ (ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ), സംയുക്ത പാട്ടീൽ (ശിവാനന്ദ പാട്ടീലിന്റെ മകൾ) തുടങ്ങിയവർ കന്നി അങ്കത്തിൽ പരാജയം രുചിച്ചു. 

അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ രാധാകൃഷ്ണ ദൊഡ്ഡമണി (കൽബുർഗി ), മന്ത്രി സതീഷ് ജർക്കിഹോളിയുടെ മകൾ പ്രിയങ്ക ജർക്കിഹോളി (ചിക്കോടി), മന്ത്രി ഈശ്വർ ഖാന്ദ്രെയുടെ മകൻ സാഗർ ഖാന്ദ്രെ (ബീദർ) എന്നിവർക്ക് കന്നി അങ്കത്തിൽ ലോക്സഭ പ്രവേശം സാധ്യമായി. 

2019ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ബിജെപിക്ക്  ഇത്തവണ വെറും 17 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വന്നു. 28 ൽ 25 സീറ്റുകൾ ആയിരുന്നു അന്ന് ബിജെപി കർണാടകയിൽ നിന്ന് തൂത്തുവാരിയത്. ഇത്തവണ ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയെങ്കിലും കാര്യമായ പ്രയോജനം തിരഞ്ഞെടുപ്പ്  ഗോദയിൽ നിന്ന് ലഭിച്ചില്ല. മൈസൂര് -കുടഗ് മണ്ഡലത്തിൽ  ബിജെപി ഇറക്കിയ മൈസൂർ രാജകുടുംബാംഗം യദുവീർ കൃഷ്ണ ദത്ത വോഡിയാർ വിജയിച്ചു.

ശോഭ കറന്തലജെ

സ്ഥാനാർഥി നിർണയത്തോടെ എതിർപ്പ് നേരിട്ട ശോഭ കറന്തലജെ 2,59476 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബെംഗളൂരു നോർത്തിൽ വിജയിച്ചു. അതേസമയം ബെല്ലാരിയിൽ നിന്ന് ജനവിധി തേടിയ ബി ശ്രീരാമലു പരാജയപ്പെട്ടു. മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഹാവേരിയിൽ നിന്ന് 43513 വോട്ടുകൾ നേടി ജയിച്ചു. നിലവിൽ നിയമസഭാംഗമാണ് ബൊമ്മെ.  ബെലഗാവിയിൽ നിന്ന് ജഗദീഷ് ഷെട്ടാറും ഹുബ്ബള്ളി -ധാർവാഡ് മണ്ഡലത്തിൽ നിന്ന് പ്രൽഹാദ്‌ ജോഷിയും ശിവമോഗയിൽ നിന്ന് ബി വൈ രാഘവേന്ദ്രയും തിരഞ്ഞെടുക്കപ്പെട്ടു. 

ജെഡിഎസിന് കൊടുത്ത മൂന്നു സീറ്റുകളിൽ രണ്ടെണ്ണമാണ് അവർ ജയിച്ചത്. പെൻഡ്രൈവ് വിവാദവും ലൈംഗികാതിക്രമ കേസും ഹാസൻ മണ്ഡലത്തിൽ പ്രജ്വലിന്റെ തോൽവി ഉറപ്പാക്കി. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി  2,84620 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ടിയയിൽ നിന്ന് ജയിച്ചു കയറി. കോലാറിൽ മത്സരിച്ച എം മല്ലേഷ് ബാബുവും  ജെഡിഎസിന്റെ സീറ്റെണ്ണം രണ്ടാക്കി ഉയർത്തി. 2019 ൽ പ്രജ്വൽ രേവണ്ണ മാത്രമായിരുന്നു ജെഡിഎസിൽ നിന്ന് ജയിച്ചത്. ദേവെ ഗൗഡയുടെ തട്ടകമായ ഹാസനിൽ 25 വർഷത്തിന് ശേഷമാണ്  പാർട്ടി തോൽവി അറിയുന്നത്. 

പ്രജ്വൽ രേവണ്ണ

സർക്കാർ കർണാടകയിൽ വിജയകരമായി നടപ്പിലാക്കിയ അഞ്ചിന ഗ്യാരണ്ടികളിൽ ഊന്നിയായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഗ്യാരണ്ടി പദ്ധതികളുടെ പ്രയോക്താക്കൾ വോട്ടു ബാങ്കായി മാറുമെന്ന കോൺഗ്രസിന്റെ കണക്കു കൂട്ടൽ പക്ഷെ പാളി. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്ന  ബെംഗളൂരു ഉൾപ്പെടുന്ന തെക്കൻ കർണാടകയിൽ നിന്ന്  രണ്ടു   സീറ്റുകൾ മാത്രമാണ് (ഹാസൻ , ചാമ്‌രാജ് നഗർ ) കോൺഗ്രസിന് ലഭിച്ചത്.  

വടക്കൻ കർണാടകയിൽ നിന്നാണ് ബാക്കി ആറ് സീറ്റുകൾ കോൺഗ്രസ് ഒപ്പിച്ചത്. ഭരണ മികവിന്റെ അംഗീകാരമായി കുറെ കൂടി മികച്ച ഫലം പ്രതീക്ഷിച്ച കോൺഗ്രസ് പാളയം നിരാശയിലാണ്. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഡികെ ശിവകുമാറിന്റെ പരാജയമായി എതിർപക്ഷം ഇതിനെ വിലയിരുത്തിയേക്കാം.

അതേസമയം ബിജെപിയുടെ അമരത്ത് ദേശീയ നേതൃത്വം കുടിയിരുത്തിയ ബിവൈ വിജയേന്ദ്രക്കും ആശ്വസിക്കാൻ വക നൽകുന്നതല്ല പാർട്ടിക്ക് കിട്ടിയ സീറ്റെണ്ണം. കർണാടക ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ബിഎസ്‌ യെദ്യൂരപ്പയുടെ മകന് നേതൃത്വം  അധ്യക്ഷ പദം നൽകിയത്. 2019നേക്കാൾ സീറ്റുകൾ കുറഞ്ഞ സ്ഥിതിക്ക് മറുപക്ഷം വിജയേന്ദ്രക്കെതിരെ  തിരിയുമെന്നുറപ്പാണ്.

പറന്നുയരാന്‍ ഒരുങ്ങി 'എയര്‍ കേരള'; മലയാളി വ്യവസായികളുടെ വിമാനക്കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കി കേന്ദ്രം

'ട്രംപിനെ വീഴ്ത്താന്‍ മികച്ചവന്‍ ഞാന്‍ തന്നെ'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറില്ലെന്ന് ബൈഡന്‍

എത്യോപ്യ കഴിഞ്ഞാല്‍ ഗാസ; നടക്കുന്നത് നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ നരഹത്യ

'ഭിന്നശേഷിക്കാരെ പരിഹസിക്കരുത്'; മാധ്യമങ്ങളോടും സിനിമാക്കാരോടും സുപ്രീംകോടതി, മാര്‍ഗനിര്‍ദേശം പുറത്തിറക്കി

'ഞാന്‍ അസം ജനതയുടെ പടയാളി'; അസമിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി