Lok Sabha Election 2024

'1982ന് മുന്‍പ് ഗാന്ധിയെ അംഗീകരിക്കാതിരുന്ന ഏത് ലോകത്താണ് മോദി ജീവിക്കുന്നത്'; പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ മറുപടി

വെബ് ഡെസ്ക്

പ്രധാനമന്ത്രിയുടെ ഗാന്ധി പരാമർശത്തിൽ തിരിച്ചടിച്ച് കോൺഗ്രസ്. നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ പൈതൃകം നശിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. 1982-ൽ റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' എന്ന സിനിമ പുറത്തുവരുന്നത് വരെ ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് ജയറാം രമേശിന്റെ വിമർശനം.

"1982ന് മുന്‍പ് മഹാത്മഗാന്ധിയെ അംഗീകരിക്കാതിരുന്ന ഏത് ലോകത്താണ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജീവിക്കുന്നതെന്ന് എനിക്കറിയില്ല," ജയറാം രമേശ് എക്‌സിൽ കുറിച്ചു. "മഹാത്മാഗാന്ധിയുടെ പാരമ്പര്യം ആരെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തന്നെയാണ്. വാരണസിയിലും ഡൽഹിയിലും അഹമ്മദാബാദിലും ഗാന്ധിയൻ സ്ഥാപനങ്ങൾ തകർത്തത് അദ്ദേഹത്തിൻ്റെ സർക്കാരാണ്. മഹാത്മാഗാന്ധിയുടെ ദേശീയത അവർ മനസിലാക്കുന്നില്ല എന്നതാണ് ആർഎസ്എസ് പ്രവർത്തകരുടെ മുഖമുദ്ര. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെയെ ഗാന്ധിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മഹാത്മയുടെ ഭക്തരും ഗോഡ്‌സെയുടെ ഭക്തരും തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിൻ്റെ ഗോഡ്‌സെ ഭക്തരായ സഹപ്രവർത്തകരുടെയും പരാജയം സുനിശ്ചിതമാണെന്നും ജയറാം രമേശ് പ്രതികരിച്ചു.

വാർത്താ ചാനലായ എബിപിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. മഹാത്മാഗാന്ധി ഒരു പ്രമുഖ വ്യക്തിയാണെങ്കിലും അദ്ദേഹത്തെക്കുറിച്ച് ലോകം അറിഞ്ഞിരുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. "മഹാത്മാഗാന്ധി ലോകത്തിലെ ഒരു മഹാനായിരുന്നു. ഈ 75 വർഷത്തിനിടയിൽ മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ? എന്നോട് ക്ഷമിക്കൂ, അദ്ദേഹത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. 'ഗാന്ധി' സിനിമ ചെയ്തപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ലോകത്ത് ജിജ്ഞാസ ഉണ്ടായത്. എന്നാൽ അത് ചെയ്തത് നമ്മളല്ല," പ്രധാനമന്ത്രി പറഞ്ഞു.

മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ടേലയെയും പോലെയുള്ള മറ്റ് നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാരാണെങ്കിൽ, ഗാന്ധി അവരെക്കാൾ ഒട്ടും ചെറിയ ആളല്ലെന്നും മോദി കൂട്ടിച്ചേർത്തു. അഭിമുഖത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും