നേഹയുടെ പിതാവ് നിരഞ്ജന്‍ ഹിരേമതിനെ ആശ്വസിപ്പിക്കുന്ന ജെ പി നദ്ദയും പ്രല്‍ഹാദ് ജോഷിയും 
Lok Sabha Election 2024

കോൺഗ്രസ് നേതാവിന്റെ മകളുടെ കൊലപാതകം: അവസരം മുതലെടുത്ത്‌ ഹുബ്ബള്ളി - ധാർവാഡ് ജയിക്കാൻ ബിജെപി

കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷിക്കെതിരെ ലിംഗായത് മഠാധിപതി സ്വതന്ത്രനായി മത്സരിക്കുന്ന മണ്ഡലമാണ് ഹുബ്ബള്ളി - ധാര്‍വാര്‍ഡ്

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ ഹുബ്ബള്ളിയില്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥിനി കുത്തേറ്റുമരിച്ച സംഭവം രാഷ്ട്രീയമായി മുതലെടുത്ത് ബിജെപി. കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷിയുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലി തര്‍ക്കമുണ്ടായ ഹുബ്ബള്ളി ധാര്‍വാര്‍ഡ് മണ്ഡലത്തില്‍ കാര്യങ്ങള്‍ പാര്‍ട്ടിക്കനുകൂലമാക്കി മാറ്റാനുള്ള തുറുപ്പുചീട്ടായി കൊലപാതകത്തെ കാണുകയാണ് ബിജെപി.

കോൺഗ്രസ് നേതാവിന്റെ മകളും എംസിഎ വിദ്യാര്‍ഥിനിയുമായ നേഹ ഹിരേമത് ഹുബ്ബള്ളി ബിവിബി കോളേജ് ക്യാമ്പസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. മുന്‍ സഹപാഠിയും സുഹൃത്തുമായ മുഹമ്മദ് ഫയാസാണ് പ്രതി. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നെന്നും ഇടയ്ക്കു സൗഹൃദം മുറിഞ്ഞുവെന്നും ഫയാസിന്റെ വിവാഹ അഭ്യര്‍ത്ഥന നേഹ നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ ലവ് ജിഹാദാണെന്ന ആരോപണവുമായി നേഹയുടെ പിതാവ് നിരഞ്ജന്‍ ഹിരേമത് രംഗത്തുവന്നതോടെ ബിജെപി അതേറ്റു പിടിക്കുകയായിരുന്നു. പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും സംസ്ഥാന ബിജെപി നേതാക്കളും നേഹയുടെ വീട് സന്ദര്‍ശിക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.

പ്രല്‍ഹാദ് ജോഷി

ബിജെപി നേതാക്കള്‍ക്കു മുന്നിലും 'ലവ് ജിഹാദ് ' ആരോപണം നേഹയുടെ പിതാവ് ആവര്‍ത്തിച്ചു. കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതി ഫയാസ് ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ചു മതം മാറ്റുന്ന സംഘത്തിലെ അംഗമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ക്രമസമാധാന നില തകര്‍ന്നെന്നു സമര്‍ത്ഥിക്കാന്‍ രാമേശ്വരം കഫെ സ്‌ഫോടനം പോലെ മറ്റൊരായുധം കിട്ടിയിരിക്കുകയാണ് ബിജെപിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുളള ബിജെപിയുടെ താരപ്രചാരകര്‍ നേഹയുടെ കൊലപാതകം തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഹുബ്ബള്ളി - ധാര്‍വാഡ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കു അനുകൂലമാം വിധം കാര്യങ്ങള്‍ നീക്കാനാണ് ബിജെപിയുടെ ശ്രമം.

ഷിരഹട്ടി ലിംഗായത് മഠാധിപതി ഫകിര്‍ ദിങ്കലേശ്വര സ്വാമി

മറാത്ത ബ്രാഹ്‌മണ സമുദായകാരനായ പ്രല്‍ഹാദ് ജോഷിയെ മാറ്റി ലിംഗായത്ത് സമുദായത്തില്‍ നിന്നൊരാളെ ഇവിടെ സ്ഥാനാർഥിയാക്കണമെന്നു ലിംഗായത് മഠങ്ങള്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രല്‍ഹാദ് ജോഷി നടത്തിയ ലിംഗായത്ത് വിരുദ്ധ പരാമര്‍ശമായിരുന്നു അവരെ ചൊടിപ്പിച്ചത്. പ്രല്‍ഹാദ് ജോഷിക്കെതിരെ മണ്ഡലത്തില്‍ ഷിരഹട്ടി ലിംഗായത് മഠാധിപതി ഫകിര്‍ ദിങ്കലേശ്വര സ്വാമി സ്വതന്ത്രനായി മത്സരിക്കുകയാണ്. മണ്ഡലത്തില്‍ നാല് തവണയും ലിംഗായത് പിന്തുണയോടെ കരതൊട്ട പ്രല്‍ഹാദ് ജോഷിക്ക് അഞ്ചാം അങ്കം ഇതോടെ ദുഷ്‌കരമായി. ലിംഗായത് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്നുറപ്പായി പരുങ്ങലിലായ പ്രല്‍ഹാദ് ജോഷിക്കും ബിജെപിക്കും നേഹയുടെ കൊലപാതകവും ലവ് ജിഹാദ് ആരോപണവും അങ്ങനെയാണ് പിടിവള്ളിയായത്.

ഹുബ്ബള്ളി - ധാര്‍വാഡ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമാം വിധം കാര്യങ്ങള്‍ നീക്കാനാണ് ബിജെപിയുടെ ശ്രമം

വിഷയം പരമാവധി കത്തിച്ചുനിര്‍ത്തിയാല്‍ ലിംഗായത് മഠാധിപതിയുടെ സ്ഥാനാര്‍ത്ഥിത്വം ജയസാധ്യതയെ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. നേഹയുടെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഹുബ്ബള്ളിയില്‍ മാത്രമല്ല കർണാടകയിലുടനീളം നേഹയുടെ കൊലപാതകം പ്രചാരണവിഷയമാക്കാനാണ് ബിജെപിയുടെ തീരുമാനം. മേയ് ഏഴിന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കിട്ടൂര്‍ കര്‍ണാടക മേഖലയിലാണ് ഹുബ്ബള്ളി - ധാര്‍വാഡ് മണ്ഡലം സ്ഥിതി ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ