തങ്ങളുടെ പ്രകടനപത്രികയെ സ്വാതന്ത്ര്യത്തിന് മുന്‍പുള്ള മുസ്ലിം ലീഗിന്റെ പ്രകടനപത്രികയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മോദി വർഗീയ പ്രചാരണം നടത്തുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് പരാതിയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.
രാജസ്ഥിനിലെ അജ്മീറില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി കോൺഗ്രസിനെതിരെ മുസ്ലിം ലീഗിനെ ആയുധമാക്കിയത്. ''തിരഞ്ഞെടുപ്പ് പ്രകടനപത്രികയെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ നുണകളുടെ കെട്ട്, ആ പാര്‍ട്ടിയുടെ യഥാർഥ മുഖം വെളിപ്പെടുത്തുന്നു. പ്രകടനപത്രികയിലെ ഓരോ പേജും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ്. സ്വാതന്ത്ര്യത്തിനു മുന്‍പത്തെ മുസ്ലിം ലീഗിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസ് അതിൽ പ്രതിഫലിപ്പിക്കുന്നത്,'' എന്നായിരുന്നു മോദിയുടെ പ്രസംഗം.
സൽമാൻ ഖുർഷിദ്, മുകുൾ വാസ്‌നിക്, പവൻഖേര, ഗുരുദീപ് സിങ് സപ്പൽ എന്നിവർ ഉൾപ്പെട്ട കോൺഗ്രസ് നേതാക്കളുടെ സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദർശിച്ച് പരാതി നൽകിയത്. എല്ലാ പാര്‍ട്ടികള്‍ക്കും സമത്വം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രകടമാക്കേണ്ട സമയാണിതെന്ന് പരാതി നൽകിയ കാര്യം പങ്കുവെച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
''കമ്മിഷന്‍ അതിന്റെ ഭരണഘടനാപരമായ ചുമതല ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. തങ്ങളുടെ ഭാഗത്ത്, ഈ ഭരണത്തെ തുറന്നുകാട്ടാന്‍ രാഷ്ട്രീയവും നിയമപരവുമായ എല്ലാ വഴികളും ഞങ്ങള്‍ ഇനിയും പിന്തുടരും,'' ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.
മോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് രൂക്ഷമായാണ് കഴിഞ്ഞദിവസം പ്രതികരിച്ചത്. മോദിക്ക് അദ്ദേഹത്തിന്റെ ചരിത്രം പോലും അറിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. ജനംസംഘം സ്ഥാപകന്‍ ശ്യമാപ്രസാദ് മുഖര്‍ജി മുസ്ലിം ലീഗുമായി ചേര്‍ന്ന് നാല്‍പ്പതുകളില്‍ ബംഗാളില്‍ സര്‍ക്കാരുണ്ടാക്കിയ വ്യക്തിയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതും അത് പ്രയോഗിക്കുന്നതും ബിജെപിയാണ്, കോണ്‍ഗ്രസല്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
മോദിയെ വിമര്‍ശിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തി. ''മോദി-ഷാമാരുടെ രാഷ്ട്രീയപൂര്‍വികര്‍ സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെ പ്രവര്‍ത്തിച്ചവരും ബ്രിട്ടീഷുകാരെയും മുസ്ലിം ലീഗിനെയും പിന്തുണച്ചവരുമാണ്,'' എന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
മുസ്ലിംലീഗുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള ബിജെപി ശ്രമം ഇതാദ്യമല്ല. 2019ലെ തിരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ റോഡ് ഷോയിൽ ലീഗ് പതാക സ്ഥാനംപിടിച്ചത് പാക്കിസ്താൻ പതാക വീശി എന്ന മട്ടിലാണ് ഉന്തരേന്ത്യയിൽ പ്രചരിപ്പിക്കപ്പെട്ടത്. ഇതേത്തുടർന്ന് ഇത്തവണ റോഡ് ഷോയിൽ ലീഗ് പതാകയ്‌ക്കൊപ്പം കോൺഗ്രസിന്റെയും പതാക ഒഴിവാക്കിയിരുന്നു. ഇതിനെതിരെയും ബിജെപി രംഗത്തുവന്നിരുന്നു.
സിപിഎമ്മാവട്ടെ, ബിജെപിയെ പേടിച്ച് ലീഗ് പതാക ഒഴിവാക്കാൻ സ്വന്തം പതാക ഉപേക്ഷിക്കേണ്ട ഗതികേടിലേക്ക് കോൺഗ്രസ് താഴ്ന്നു എന്ന വിമർശനമാണ് ഉയർത്തിയത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി മുസ്ലിം ലീഗിനെ ആയുധമാക്കി കോണ്‍ഗ്രസ് പ്രകടനപത്രികയെ ആക്രമിച്ചത്.