Lok Sabha Election 2024

മോദിക്കുപിന്നാലെ യോഗിയും; 'അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു'

ഇന്ത്യ മുന്നണിയെന്ന പേരില്‍ ഇപ്പോള്‍ വന്നിരിക്കുന്നവര്‍ രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും വഞ്ചിക്കാനാണ് അവര്‍ നിങ്ങളുടെ മുന്നില്‍ പ്രകടനപത്രികയുമായി വന്നത്

വെബ് ഡെസ്ക്

രാജ്യത്തെ സ്വത്തുക്കള്‍ മുസ്ലിങ്ങള്‍ക്കു നല്‍കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദപ്രസംഗത്തിനു പിന്നാലെ വിദ്വേഷപരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗം. ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ത്യ മുന്നണിയെന്ന പേരില്‍ ഇപ്പോള്‍ വന്നിരിക്കുന്നവര്‍ രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും വഞ്ചിക്കാനാണ് അവര്‍ നിങ്ങളുടെ മുന്നില്‍ പ്രകടനപത്രികയുമായി വന്നത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അധികാരത്തിലേറിയാല്‍ വ്യക്തിനിയമം പുനസ്ഥാപിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. അതിനര്‍ഥം മോദിജി നടപ്പാക്കിയ മുത്തലാഖ് നിരോധനം അടക്കം റദ്ദാക്കി ശരിയത്ത് നിയമം ഇവിടെ പ്രാവര്‍ത്തിക്കുമെന്നാണ്,'' ആദിത്യനാഥ് പറഞ്ഞു. നിങ്ങൾ പറയൂ, ബാബാ സാഹിബ് ഭീംറാവു അംബേദ്കർ ആവിഷ്കരിച്ച ഭരണഘടനയാണോ അതോ ശരിയത്താണോ ഈ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയര്‍ത്തി. എന്നാല്‍, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപ്പെട്ടില്ല. പകരം, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പറഞ്ഞത്. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കര്‍ഷകരും ഇതര മതസ്ഥരും എവിടേക്ക് പോകും. മാത്രമല്ല, നിങ്ങളുടെ സ്വത്തുക്കള്‍ വിഭജിച്ചു നല്‍കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത്തരത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ വിഭജിച്ചു നല്‍കാനൊരുങ്ങുന്ന കോണ്‍ഗ്രസിനും എസ്‌പിക്കും വോട്ട് ചെയ്യണോ എന്ന് ആലോചിക്കണം.

രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കിയത് നരേന്ദ്ര മോദിയുടെ ഭരണത്തിലാണ്. പത്തു വര്‍ഷം മുന്‍പ് രാജ്യം ഭീതിയുടെയും ആശങ്കയുടെയും കേന്ദ്രമായിരുന്നു. എന്നാല്‍, മോദി അധികാരത്തിലേറിയ ശേഷം ഭീകരവാദത്തിന്റെ വേരറത്തു. ജമ്മു കശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതോടെ അവിടെയും സമാധാന അന്തരീക്ഷം പുലര്‍ന്നുവെന്നും യോഗി പറഞ്ഞു.

കഴിഞ്ഞദിവസം രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസിനെ തിരഞ്ഞെടുത്താല്‍ അവര്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറിയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന.

''ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?'' മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ പരാതിയുമായി സമീപിച്ചിരുന്നെങ്കിലും കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ