Lok Sabha Election 2024

'ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും'; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

മധ്യപ്രദേശിലെ ധറില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിദ്വേഷ പരാമർശം

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടങ്ങളിലേക്കു കടക്കവെ വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് വീണ്ടും വിദ്വേഷപരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കായികമേഖലയിൽ മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നാണ് മോദിയുടെ പുതിയ പരാമർശം. ആരൊക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തുടരണം, തുടരണ്ട എന്നത് തീരുമാനിക്കുന്നതും ഈ മാനദണ്ഡം അനുസരിച്ചായിരിക്കുമെന്നും മധ്യപ്രദേശിലെ ധറില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

''1947നു ശേഷം രാജ്യത്തെ എന്തിനാണ് മൂന്നായി വിഭജിച്ചതെന്ന് കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതേസമയം തന്നെ രാജ്യം മുഴുവന്‍ പാകിസ്താനായി മാറുകയും ഇന്ത്യ ഇല്ലാതാകുകയും ചെയ്തേനെ. താന്‍ ജീവിച്ചിരിക്കുന്നോളം കാലം വ്യാജ മതേതരത്വത്തിന്റെ പേരില്‍ ഇന്ത്യയുടെ സ്വത്വം ഇല്ലാതാക്കാന്‍ അനുവദിക്കില്ല,'' പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് കശ്മീരില്‍ അനുച്ഛേദം 370 തിരിച്ചുകൊണ്ടുവരില്ലെന്നും അയോധ്യ രാമക്ഷേത്രത്തിന് ബാബരി പൂട്ടിടില്ലെന്നും ഉറപ്പാക്കാൻ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് 400 സീറ്റ് ആവശ്യമാണെന്ന് മോദി പറഞ്ഞു. താന്‍ മുസ്ലിമിനും ഇസ്ലാമിനും എതിരല്ല. മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തി ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

"ആരെ അധികാരത്തിലെത്തിക്കണം അധികാരത്തിലെത്തിക്കേണ്ട എന്ന് ചിന്തിക്കുന്നത് നിങ്ങള്‍ തുടരുകയാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയായിരിക്കും. ആഗോളതലത്തില്‍ മുസ്ലിം സമൂഹം മാറുകയാണ്," ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുൻപ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി നേരത്തെ പ്രസംഗിച്ചിരുന്നു.

ഇതിനുപിന്നാലെ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിലും കോണ്‍ഗ്രസിനെ മോദി കടന്നാക്രമിച്ചിരുന്നു. കോണ്‍ഗ്രസിനെ പാകിസ്താന്‍ അനുകൂലികളെന്നു വിശേഷിപ്പിച്ച മോദി, ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ പ്രതാപം അവസാനിക്കുമ്പോള്‍ വിഷമിക്കുന്നത് പാകിസ്താനാണെന്നും കുറ്റപ്പെടുത്തി. മുംബൈ ഭീകരാക്രമണം പോലുള്ള സാധ്യമാകുന്ന തരത്തില്‍ 2014-ന് മുമ്പുണ്ടായിരുന്ന പോലത്തെ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

''കോണ്‍ഗ്രസ് ഇവിടെ മരിക്കുമ്പോള്‍ അവിടെ പാകിസ്താന്‍ കരയുകയാണ്. പാകിസ്താന്റെ വിശ്വസ്ത അനുയായികളാണ് ഇന്ത്യയിലെ കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണം പോലുള്ള സാധ്യമാകണമെങ്കില്‍ 2014-ന് മുമ്പുണ്ടായിരുന്നതു പോലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ വരണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്,'' മോദി പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ