Lok Sabha Election 2024

'രാജ്യത്തെ പൗരന്മാര്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് എങ്ങനെ പറയാനാകും?' മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷപരാമർശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്. മോദിയുടേത് പൂർണമായ ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാക്കൾ അടിയന്തരനടപടി ആവശ്യപ്പെട്ടാണ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

കോൺഗ്രസ് ഭരണത്തിൽ വന്നാൽ രാജ്യത്തിന്റെ വിഭവങ്ങൾ മുഴുവൻ നുഴഞ്ഞുകയറിയവർക്ക് നൽകുമെന്നാണ് മോദി ഇന്നലെ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത്. എന്നാൽ രാജ്യത്തെ ജനങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ സാധിക്കുന്നുവെന്നും ചോദിച്ച കോൺഗ്രസ് സംഭവത്തിൽ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. നടപടിയുണ്ടാകില്ലെന്ന ധൈര്യം എങ്ങനെയാണ് പ്രധാനമന്ത്രിക്കുണ്ടാകുന്നതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യം.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ വിഭവങ്ങളുടെമേൽ പ്രഥമപരിഗണന മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞുവെന്നും, അതുകൊണ്ട് കോൺഗ്രസ് ഭരണത്തിലെത്തിയാൽ നമ്മുടെ സമ്പത്ത് മുഴുവൻ കോൺഗ്രസ് ഈ നുഴഞ്ഞുകയറി വന്നവർക്ക് നല്കുമെന്നുമായിരുന്നു നരേന്ദ്രമോദി പ്രസംഗിച്ചത്.

മോദിയെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷനേതാക്കൾ രംഗത്തെത്തിയിരുന്നു. അബദ്ധത്തിൽ പോലും പ്രധാനമന്ത്രി സത്യം പറയില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിയഞ്ഞപ്പോൾതന്നെ അസ്വസ്ഥരായതുകൊണ്ടാണ് ഇത്തരത്തിലൊരു പ്രസംഗം ആസൂത്രണം ചെയ്ത് നടത്താൻ പ്രധാനമന്ത്രി തയ്യാറായതെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്.

മുസ്ലിം വിരോധം ജനങ്ങളിൽ വളർത്തുന്ന വർഗീയ പരാമർശമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം