അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ ആറുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനൊപ്പം ഏപ്രില്‍ 19-നാണ് ഇരു സംസ്ഥാനങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്.
ആദ്യഫല സൂചനകള്‍ പ്രകാരം അരുണാചലില്‍ ബിജെപി 8 സീറ്റില്‍ ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. സിക്കിമില്‍ എസ്‌കെഎം (സിക്കിം ക്രാന്ത്രികാരി മോര്‍ച്ച) നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) ഓരോ സീറ്റില്‍ ലീഡ് ചെയ്യുന്നു.
അരുണാചലില്‍ അറുപതും സിക്കിമില്‍ 32 സീറ്റുകളുമാണുള്ളത്. അരുണാചലില്‍ പത്തു സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സ്ഥാനാര്‍ഥികള്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതെ വിജയിച്ചിരുന്നു. ബാക്കിയുള്ള 50 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. തവാങിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരും എതിരില്ലാതെ ജയിച്ചിരുന്നു.