Lok Sabha Election 2024

ത്രിപുരയില്‍ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍ വോട്ടുകൾ; തിര. കമ്മീഷന് പരാതിനൽകി സിപിഎം, ബിപ്ലബ് കുമാര്‍ ദേബിനെതിരേയും പരാതി

വെബ് ഡെസ്ക്

ത്രിപുരയില്‍ വോട്ടര്‍ പട്ടികയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തതായി പരാതി. ഇതു സംബന്ധിച്ച് തെളിവുകള്‍ സഹിതം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരേയും സിപിഎം പരാതി നല്‍കിയിട്ടുണ്ട്.

സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ പകർപ്പടക്കം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

പോൾ ചെയ്ത വോട്ടുകളും മൊത്തം വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ തെളിയിക്കുന്ന കണക്കുകളാണ് ആദ്യ പരാതിയിൽ ഉള്ളത്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പിലാണ് ക്രമക്കേടുകൾ ആരോപിച്ചിരിക്കുന്നത്.

മജ്‌ലിഷ്പുർ അസംബ്ലി മണ്ഡലം, കായേർപൂർ മണ്ഡലം, മോഹൻപൂർ മണ്ഡലം എന്നിവിടങ്ങളിലെ ബൂത്തുകളിൽ പോൾ ചെയ്ത വോട്ടുകളിലാണ് വ്യത്യാസമുള്ളത്.

മജ്‌ലിഷ്പുർ അസംബ്ലി മണ്ഡലത്തിലെ ബൂത്തിൽ ആകെ വോട്ടുകൾ 545 ആണ്, എന്നാൽ കണക്കുകൾ പ്രകാരം ഇവിടെ പോൾ ചെയ്ത ആകെ വോട്ടുകൾ 574 ആണ്. കായേർപൂർ മണ്ഡലത്തിന്റെ ഒരു ബുത്തിൽ 1290 വോട്ടുകളായിരുന്നു ആകെയുണ്ടായിരുന്നതെങ്കിൽ 1292 വോട്ടുകളാണ് ഇവിടെ പോൾ ചെയ്തത്.

ഇതേമണ്ഡലത്തിലെ മറ്റൊരു ബൂത്തിൽ ആകെ വോട്ട് 840 ഉള്ളപ്പോൾ 830 വോട്ടുകളും പോൾ ചെയ്തതായും കണക്കുകൾ പറയുന്നു. മോഹൻപൂർ മണ്ഡലത്തിൽ ആകെ വോട്ടുകൾ 451 ആണ് എന്നാൽ ഇവിടെ 492 വോട്ടുകൾ ആകെ പോൾ ചെയ്യുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് ബിപ്ലബ് ദേവിനെതിരെ സിപിഎം പരാതി നൽകിയത്. ത്രിപുര ഈസ്റ്റ് മണ്ഡലത്തിൽ നടന്ന പ്രചാരണത്തിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമനെതിരെ അധിക്ഷേപ പരാമർശം നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഉയർത്തിപ്പിടിക്കാനും നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും