Lok Sabha Election 2024

ബെംഗളൂരു റൂറലിൽ  തീപാറും; ഡികെ ശിവകുമാറിന്റെ സഹോദരനും കുമാരസ്വാമിയുടെ സഹോദരി ഭർത്താവും നേർക്കുനേർ

ബിജെപിയുമായുള്ള നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണ് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമിയുടെ സഹോദരീ ഭർത്താവ് താമര ചിഹ്നത്തിൽ കന്നിയങ്കത്തിന്  ഇറങ്ങുന്നത്

എ പി നദീറ

കർണാടക ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ തീപാറും പോരാട്ടത്തിന്  വേദിയാകാൻ പോകുന്ന മണ്ഡലങ്ങളിലൊന്ന് ഉറപ്പായും ബെംഗളൂരു  റൂറൽ മണ്ഡലമാണ്. കർണാടക ഉപമുഖ്യമന്ത്രി  ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷിന്റെ സിറ്റിംഗ് സീറ്റിൽ  പോരാട്ടം കനക്കാൻ   കാരണം ബിജെപി യുടെ അപ്രതീക്ഷിത സ്ഥാനാർഥി  ഡോ. സി എൻ  മഞ്ജുനാഥാണ്. ജെഡിഎസ് അധ്യക്ഷൻ എച്ച്‌ ഡി കുമാരസ്വാമിയുടെ  സഹോദരീ ഭർത്താവായ  മഞ്ജുനാഥ്, ഗൗഡ കുടുംബത്തിന്റെ ആശീർവാദത്തോടെയാണ്  മണ്ഡലത്തിലെ ബിജെപി യുടെ സ്ഥാനാർഥിയായി രംഗ പ്രവേശം ചെയ്തിരിക്കുന്നത്.

2019-ൽ കർണാടകയിലെ 28-ൽ 25 ലോക്സഭാ  സീറ്റുകൾ തൂത്തുവാരി ബിജെപി നേട്ടം കൊയ്തപ്പോഴും   കോൺഗ്രസിനെ  തുണച്ച ഏക മണ്ഡലമായിരുന്നു  ബെംഗളൂരു റൂറൽ. ഡി കെ സഹോദരങ്ങളുടെ (ഡികെ ശിവകുമാറും ഡികെ സുരേഷും ) തട്ടകമായ കനക്പുര  ഉൾപ്പെടുന്ന  പ്രദേശമാണ് ബംഗളുരു നഗരത്തിനു പുറത്തുള്ള  റൂറൽ മണ്ഡലം. വൊക്കലിഗ സമുദായമാണ്  ഇവിടത്തെ വോട്ടുബാങ്ക്. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാൽ  2013  ലെ ഉപതെരഞ്ഞെടുപ്പിലും 2014 ,2019  പൊതുതിരഞ്ഞെടുപ്പിലും  മിന്നും പ്രകടനം കാഴ്ചവച്ച് മണ്ഡലം ഡി കെ സുരേഷ് വരുതിയിലാക്കുകയായിരുന്നു.

ഡികെ ശിവകുമാറും(ഇടത്) ഡികെ സുരേഷും.

ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക എന്നത്  അഭിമാനപ്രശ്നമായി കണ്ട ജെഡിഎസിന് പക്ഷെ  ഡി കെ സുരേഷിനോട് ഏറ്റുമുട്ടാൻ പറ്റിയ ആളെ പാർട്ടിക്കുള്ളിൽ നിന്ന് കണ്ടെത്താനായില്ല. അങ്ങനെയായിരുന്നു  അന്വേഷണം പതിവ് പോലെ ഗൗഡ കുടുംബത്തിലേക്ക്  തന്നെ എത്തിയത്. ബംഗളുരുവിൽ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധനും സഹോദരീ ഭർത്താവുമായ   ഡോ സി എൻ മഞ്ജുനാഥിനെ തന്നെ  കണ്ടെത്തി  കുമാരസ്വാമി മുന്നണിയിൽ അവതരിപ്പിച്ചു. പാർട്ടി   ചിഹ്നത്തിൽ മത്സരിച്ചാൽ ബിജെപി  കാലുവാരുമോയെന്ന ആശങ്ക അകമേ ഉള്ളതിനാൽ താമര ചിഹ്നത്തിൽ തന്നെ മഞ്ജുനാഥിനെ ഇറക്കാൻ  കുമാരസ്വാമിയും പിതാവ് ദേവെ ഗൗഡയും നിർദേശിക്കുകയായിരുന്നു. അങ്ങനെയാണ്  സ്വപ്നത്തിൽ പോലും  പാർലമെന്ററി  മോഹം ഇല്ലാതിരുന്ന  ഡോ . മഞ്ജുനാഥ്  ബെംഗളൂരു റൂറൽ മണ്ഡലത്തിൽ   ബിജെപിയുടെ സ്ഥാനാർഥി  കുപ്പായം ഇട്ടത്.

ഡോ. സി എൻ മഞ്ജുനാഥ്‌

2019-ൽ രണ്ടു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഡികെ സുരേഷ് മണ്ഡലത്തിൽ നിന്ന് ജയിച്ചത്. അന്ന് കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യമുണ്ടായിരുന്നു. മണ്ഡലത്തിലെ ജെഡിഎസ് വോട്ടുകളാണ് ഡികെ സുരേഷിന്റെ വിജയത്തിന് പിന്നിലെന്നാണ് ജെഡിഎസിന്റെ വാദം. അന്ന് ബിജെപി സ്ഥാനാർഥിയായിരുന്ന അശ്വത് നാരായണ ഗൗഡ പിടിച്ച 6 .71 ലക്ഷത്തിൽ പരം വോട്ടുകളിൽ പ്രതീക്ഷയർപ്പിക്കുന്ന എൻ ഡി എ മുന്നണി താമര ചിഹ്നത്തിലെ മത്സരം മഞ്ജുനാഥിനെ തുണക്കുമെന്നു വിശ്വസിക്കുകയാണ്.

മഞ്ജുനാഥിന്റെ ബിജെപി സ്ഥാനാര്ഥിത്വത്തിനെതിരെ ഡികെ സഹോദരങ്ങൾ നടത്തിയ പരിഹാസം രാഷ്ട്രീയ ആയുധമാക്കാൻ ജെഡിഎസ് തീരുമാനിച്ചിട്ടുണ്ട് . ദേവെ ഗൗഡയുടെ കുടുംബത്തിൽ നിന്നൊരാൾക്ക്  ഈ ഗതി വന്നല്ലോ എന്നായിരുന്നു ഡികെ ശിവകുമാറിന്റെ പരിഹാസം. ജെഡിഎസ്  നേതൃത്വത്തെ വിശ്വാസമില്ലാത്തതിനാലാണ്  മരുമകൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നതെന്നു ഡികെ സുരേഷും ആരോപിച്ചിരുന്നു.

ഡോ. സിഎന്‍ മഞ്ജുനാഥും എച്ച്ഡി കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം

അതേസമയം   മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും  ബിജെപി വോട്ടുകൾ ചോരാതിരിക്കാനും  മഞ്ജുനാഥിനെ കൊണ്ട് പാർട്ടി അംഗത്വം എടുപ്പിക്കാൻ  ബിജെപി തീരുമാനിച്ചു. ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം  മഞ്ജുനാഥ്  ഇക്കാര്യം വ്യക്തമാക്കിയിരുന്നു . എന്തായാലും മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിച്ച സാഹചര്യത്തിൽ  പ്രധാനമന്ത്രി ഉൾപ്പടെ താരപ്രചാരകരുടെ നിര തന്നെ  സി എൻ മഞ്ജുനാഥിന് വേണ്ടി റൂറലിൽ ഇറങ്ങും. മത്സരം മുറുകുന്നതോടെ കോൺഗ്രസും ദേശീയ നേതാക്കളെ രംഗത്തിറക്കും . 

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍