ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റിനായി കർണാടക ബിജെപിയിൽ കടിപിടി നടക്കുമ്പോൾ തീർത്തും വ്യത്യസ്തമായ സാഹചര്യമാണ് കോൺഗ്രസിൽ. മത്സരിക്കാൻ ജയസാധ്യതയുള്ള സ്ഥാനാർഥികളെ കിട്ടാൻ പെടാപ്പാട് പെടുകയാണ് കെപിസിസി. ആകെയുള്ള 28 സീറ്റുകളിൽ ഇതുവരെ ഏഴ് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മാത്രമേ കോൺഗ്രസിന് കഴിഞ്ഞിട്ടുള്ളൂ. നിലവിൽ എംഎൽഎമാരും മന്ത്രിമാരുമായവരെ സ്ഥാനാർഥി കുപ്പായമിടീച്ച് വീണ്ടും തിരഞ്ഞെടുപ്പ് കളത്തിലിറക്കേണ്ട ഗതി കേടിലാണ് കോൺഗ്രസ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രമുഖ നേതാക്കളെല്ലാം ജയിച്ചു കയറിയതോടെയാണ് കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പഞ്ഞം ഉണ്ടായത്. മന്ത്രിസഭാംഗങ്ങളായ ഏഴുപേരെങ്കിലും കളത്തിലിറങ്ങിയാലേ സീറ്റുകൾ പിടിക്കാനാവൂ എന്നാണ് വിലയിരുത്തൽ. കോൺഗ്രസ് ഹൈക്കമാൻഡ് ഇക്കാര്യം നേരത്തെ തന്നെ മന്ത്രിമാരെ അറിയിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നു ഓർമിപ്പിക്കുകയും ചെയ്തു.
എന്നാൽ കാര്യത്തോട് അടുത്തപ്പോൾ മന്ത്രിമാർ ആരും മത്സരത്തിനിറങ്ങാൻ തയാറാകുന്ന മട്ടില്ല. ലോക്സഭാ ടിക്കറ്റിൽ മത്സരിച്ചു തങ്ങൾ ജയിച്ചിട്ട് കേന്ദ്ര ഭരണം കോൺഗ്രസിന് കിട്ടിയില്ലെങ്കിൽ കാര്യമില്ലെന്നാണ് മന്ത്രിമാരുടെ പക്ഷം . കർണാടകയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഹൈക്കമാൻഡ് നിർദേശം പാലിച്ചിറങ്ങി മത്സരിച്ചാൽ ജയിക്കുന്നവർക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരും. കേന്ദ്രത്തിൽ വെറുമൊരു എം പി ആയി ഇരിക്കുന്നതിലും ഭേദം കർണാടകയിൽ മന്ത്രിയായിരിക്കുന്നതാണെന്നു മിക്കവർക്കും തിരിച്ചറിവുണ്ട്. അതുകൊണ്ടു തന്നെ ആരുമാരും പൂർണ സമ്മതത്തോടെ ഇതിനൊരുക്കമല്ല.
മന്ത്രിമാരായ കെ ജെ ജോർജ്, സതീഷ് ജർക്കിഹോളി, ലക്ഷ്മി ഹെബ്ബാൾക്കർ, കൃഷ്ണ ഭൈരെ ഗൗഡ, ബാംഗ്ലൂർ ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ എൻ എ ഹാരിസ് തുടങ്ങിയ 7 മന്ത്രിമാരോടാണ് സ്ഥാനാർഥികുപ്പായമിടാൻ കോൺഗ്രസ് നിർദേശിച്ചതെന്നാണ് സൂചന. മക്കളെ രാഷ്ട്രീയത്തിൽ ഇറക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് ഈ നേതാക്കളിൽ പലരും. അടുത്ത കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് പലരും ലക്ഷ്യം വയ്‌ക്കുന്നത്. മന്ത്രിമാർക്ക് മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ ഇവർ മക്കളെ ഇറക്കി വിജയം ഉറപ്പാക്കണമെന്നാണ് കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ മുന്നോട്ടു വെച്ച നിർദേശം . മന്ത്രിമാർ മത്സരിച്ചു ജയിക്കുകയാണെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ മക്കൾക്ക് സീറ്റു നൽകുമെന്നും ജയം ഉറപ്പാക്കി നിയമസഭാംഗമാക്കുമെന്നും ഡികെ ഉറപ്പു നൽകിയിട്ടുണ്ട്.
ഇത് പ്രകാരം കെ ജെ ജോർജിന്റെ മകൻ റാണാ ജോർജ്, സതീഷ് ജർക്കി ഹോളിയുടെ മകൾ പ്രിയങ്ക ജർക്കിഹോളി, ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകന്‍ മൃണാള്‍ ഹബ്ബാള്‍ക്കര്‍, എൻ എ ഹാരിസിന്റെ മകൻ മുഹമ്മ്ദ് നാലപ്പാട് തുടങ്ങിയവർ മത്സരിക്കാൻ തയാറാകണം. ഈ ദിശയിൽ ചർച്ച പുരോഗമിക്കുകയാണ്. റിസ്ക് എടുക്കാൻ ആരൊക്കെ തയാറാകുമെന്നു കാത്തിരുന്നു കാണണം.
ടിക്കറ്റ് വിതരണത്തെ തുടർന്ന് ബിജെപിയിൽ ഉടലെടുത്ത സംഘർഷത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കോൺഗ്രസ്. അസംതൃപ്തർ തെറ്റിപ്പിരിഞ്ഞു വന്നാൽ ത്രിവർണ കൊടി പിടിപ്പിച്ച് ടിക്കറ്റ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. മൈസൂർ - കുടക് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ബിജെപി നേതാവ് ഡി വി സദനനന്ദ ഗൗഡ എത്തുമെന്ന അഭ്യൂഹം അന്തരീക്ഷത്തിലുണ്ട്. കോൺഗ്രസ് നേതാക്കളോ സദാനന്ദ ഗൗഡയോ ഇത് നിഷേധിച്ചിട്ടില്ല. നാളെയോ മറ്റന്നാളോ ആയി പുറത്തിറങ്ങുന്ന കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ സദാനന്ദ ഗൗഡ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ജഗദീഷ് ഷെട്ടാറിന്റെ 'ഘർവാപസി ' അനുഭവം വച്ച് ബിജെപിയിലെ അസംതൃപ്തർക്ക് സീറ്റുനൽകുന്നതിൽ സിദ്ധരാമയ്യക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ട്.
2019 ൽ കർണാടകയിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കിയായിരുന്നു കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 28 ൽ 1 സീറ്റു മാത്രമായിരുന്നു കോൺഗ്രസിന് അന്ന് കിട്ടിയത്. സംസ്ഥാനത്തു ഭരണമുണ്ടെന്ന അനുകൂല സാഹചര്യം വോട്ടാക്കി മാറ്റാമെന്നിരിക്കെ മികച്ച സ്ഥാനാർഥികളുടെ ദൗർലഭ്യം കോൺഗ്രസിനു തലവേദനയാകുകയാണ്.