കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. തെലങ്കാനയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് പോലീസ് നോട്ടീസ് നല്‍കിയത്. തെലങ്കാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക 'എക്‌സ്' പേജിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
എന്നാല്‍ ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി റെഡ്ഡി രംഗത്തു വന്നു. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണെന്നും താന്‍ ഭയന്നു പിന്നോട്ടുമാറില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കൈയിലെ കളിപ്പാവയായി ഡല്‍ഹി പോലീസ് മാറിയെന്നും റെഡ്ഡി ആരോപിച്ചു.
''ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും സിബിഐയുമായിരുന്നു പ്രതിപക്ഷത്തെ നിശബദ്ധരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുധങ്ങള്‍. ഇപ്പോള്‍ ഡല്‍ഹി പോലീസിനെയും അവര്‍ ഉപയോഗിച്ചു തുടങ്ങി. ഡല്‍ഹി പോലീസ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായാണ് പ്രവര്‍ത്തിക്കുന്നത്''- ഗുല്‍ബര്‍ഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രേവന്ത് റെഡ്ഡ് വിമര്‍ശിച്ചു.
തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എസ് സി/എസ് ഡി ഉള്‍പ്പടെയുള്ള എല്ലാ സംവരണവും നീക്കം ചെയ്യുമെന്ന് അമിത് ഷാ പറയുന്ന തരത്തില്‍ വ്യാജ വീഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ കഴിഞ്ഞ ദിവസം അസമില്‍ അറസ്റ്റിലായിരുന്നു.