Lok Sabha Election 2024

ലോക്‌സഭ തിരഞ്ഞെടുപ്പ്: നഗരമേഖലകളിൽ പോളിങ് കുറയുന്നു; വോട്ടർമാരുടെ നിസംഗതയിൽ നിരാശ പ്രകടിപ്പിച്ച് കമ്മിഷൻ

വെബ് ഡെസ്ക്

നഗരമേഖലകളിൽ തിരഞ്ഞെടുപ്പിനോട് കടുത്ത നിസംഗതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലുണ്ടായ കുറഞ്ഞ പോളിങ് ശതമാനത്തിൽ കമ്മിഷൻ നിരാശ പ്രകടിപ്പിച്ചു. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നഗരങ്ങളിലെ വോട്ടർമാരെ കേന്ദ്രീകരിച്ച് പ്രചാരണങ്ങളെല്ലാം നടത്തിയിട്ടും അവർ വോട്ടവകാശം വിനിയോഗിച്ചിട്ടില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. "രണ്ടാം ഘട്ട വോട്ടെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലെ പോളിങ് നിലയിൽ കമ്മിഷൻ നിരാശരാണ്. ഇന്ത്യയിലെ ഹൈടെക് സിറ്റിയിലെ ഉദാസീനതയുടെ കടുത്ത തലങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഇത്,"പ്രസ്താവനയിൽ പറയുന്നു.

തലസ്ഥാന നഗരമേഖലകളിലെ കാര്യവും മെച്ചപ്പെട്ട രീതിയിലല്ല. ഈ പ്രശ്നങ്ങൾ പരിഗരിക്കാൻ കഴിഞ്ഞ മാസം നിരവധി മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ യോഗം ഡൽഹിയിൽ നടത്തിയിരുന്നു. അടുത്ത ഘട്ടങ്ങളിൽ പോളിങ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക കർമപദ്ധതി ആവിഷ്കരിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് ഘട്ടങ്ങളിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനു സാധ്യമായ എല്ലാ ഇടപെടലുകളും ഏറ്റെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആദ്യഘട്ട വോട്ടെടുപ്പിൽ നാല് ശതമാനവും രണ്ടാം ഘട്ടത്തിൽ മൂന്നു ശതമാനവും പോളിങ് കുറഞ്ഞ പശ്ചാത്തലത്തിലാണ് കമ്മിഷൻ്റെ പ്രസ്താവന. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 102 സീറ്റുകളിലേക്കുള്ള വോട്ടിങ് ശതമാനം 66.14 ശതമാനവും ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ 66.71 ശതമാനവും ആയിരുന്നു.

പരമ്പരാഗതമായി കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിരുന്ന നഗരകേന്ദ്രങ്ങളിൽ ആദ്യ രണ്ട് ഘട്ടങ്ങളിലും ഇത്തവണയും സൂചിക അനങ്ങിയിട്ടില്ല. സാധാരണ 50-60 ശതമാനത്തിനടുത്ത് വരുന്ന പോളിങ് ശതമാനം വീണ്ടും താഴേക്കുപോയ അവസ്ഥയുമുണ്ടായി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 2019 ലെ 55.88 ശതമാനത്തിൽനിന്ന് ആറ് ശതമാനം കുറഞ്ഞ് ഇത്തവണ 49.88 ശതമാനമായാണ് കുറഞ്ഞത്.

ഏപ്രിൽ 26ന് വോട്ടെടുപ്പ് നടന്ന ബാംഗ്ലൂർ സെൻട്രൽ, ബാംഗ്ലൂർ സൗത്ത് എന്നിവിടങ്ങളിൽ യഥാക്രമം 54.06 ശതമാനം, 53.17 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇവിടെയും കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും