ANI
Lok Sabha Election 2024

2024 തിരഞ്ഞെടുപ്പ്: നോട്ടുകെട്ട് മുതൽ ലഹരിമരുന്നു വരെ; കണ്ടുകെട്ടിയത് 9,000 കോടിയുടെ വസ്തുക്കൾ

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ കണ്ടുകെട്ടിയത് ഏകദേശം 9000 കോടി മൂല്യമുള്ള പണവും മറ്റു വസ്തുക്കളുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പണം, മയക്കുമരുന്ന്, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങൾ, വോട്ടർമാർക്ക് സൗജന്യമായി നല്കാനിരുന്ന വസ്തുക്കൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മാർച്ച് 1 മുതൽ മെയ് 18 വരെയുള്ള സമയത്താണ് 8,889 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തത്. ഇതിൽ 45 % ലഹരി വസ്തുക്കളാണ്.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടെടുത്ത സാധനങ്ങളെക്കാൾ ഇരട്ടി മൂല്യമുള്ള വസ്തുക്കളാണ് ഇത്തവണ പിടിച്ചെടുത്തത്. 2019 ൽ ആകെ 3,476 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പിടിച്ചെടുത്ത പണം ഇത്തവണ 0.61 ശതമാനം വർധിച്ചിട്ടുണ്ട്. മദ്യം കഴിഞ്ഞ തവണത്തേക്കാൾ 167.51 ശതമാനം അധികം ഇത്തവണ കണ്ടുകെട്ടി. പിടിച്ചെടുത്ത മയക്കുമരുന്ന് 209.31 ശതമാനവും വിലപിടിപ്പുള്ള ലോഹങ്ങൾ 27.68 ശതമാനവും കഴിഞ്ഞ തവണത്തേക്കാൾ അധികമാണ്. വോട്ടർമാർക്ക് സൗജന്യമായി നൽകാനുള്ള വസ്തുക്കൾ 3,235.93 ശതമാനവുമാണ് വർധിച്ചിട്ടുള്ളത്.

തെലങ്കാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തിട്ടുള്ളത്. 114.41 കോടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്ത് നിന്ന് കണ്ടുകെട്ടിയത്. കർണാടകയിൽ നിന്ന് 92.55 കോടി, ഡൽഹിയിൽ നിന്ന് 90.79 കോടി, ആന്ധാപ്രദേശിൽ നിന്ന് 85.32 കോടി, മഹാരാഷ്ട്രയിൽ നിന്ന് 75.49 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. കർണാടകയിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം കണ്ടെത്തിയിട്ടുള്ളത്. 175 .36 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. പശ്ചിമ ബംഗാൾ, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും മദ്യം പിടിച്ചെടുത്തിട്ടുണ്ട്.

ലഹരി പദാർത്ഥങ്ങൾ ഗുജറാത്തിൽ നിന്നാണ് ഏറ്റവും അധികം പിടിച്ചെടുത്തത്. 1187 കോടിയുടെ ലഹരി സംസ്ഥാനത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പഞ്ചാബ്, ഡൽഹി, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ലഹരി കണ്ടുകെട്ടിയിട്ടുണ്ട്. മൂല്യമുള്ള ലോഹങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത് ഡൽഹിയിൽ നിന്നാണ്. 195 കോടി രൂപയുടെ ലോഹങ്ങളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 709.67 കോടിയുടെ ലോഹങ്ങൾ കണ്ടെടുത്ത തമിഴ്‌നാട്ടിൽ നിന്ന് ഇത്തവണ 99.85 കോടിയുടെ മൂല്യമുള്ള ലോഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. മറ്റ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണ വളരെ കുറഞ്ഞ നിരക്കിലായിരുന്നു ലോഹങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ഇത്തവണ മിക്ക സംസ്ഥാനങ്ങളിലും വർധന രേഖപ്പെടുത്തിയത്.

വോട്ടർമാർക്ക് സൗജന്യമായി നൽകാനുള്ള വസ്തുക്കൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത് രാജസ്ഥാനിൽ നിന്നാണ്. 756.77 കോടിയുടെ വസ്തുക്കളാണ് സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത്. ഇതിലും സംസ്ഥാനതലത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും