തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചന്ന ആക്ഷേപം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടോ എന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
2021-22ല്‍ നികുതി അടച്ചതിന്റെ ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല, രാജീവ് ചന്ദ്രശേഖറിന്റെ പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപിറ്റലിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല, സ്വത്ത് വിശദാംശങ്ങളില്‍ കൃത്യതയില്ല എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. പരാതി ശരിയെന്ന് തെളിഞ്ഞാല്‍ 1951-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 125 എ പ്രകാരം നടപടിയുണ്ടാകും.
2021-22-ല്‍ 680 രൂപയും 2022-23-ല്‍ 5,59,200 രൂപയുമാണ് നികുതി നല്‍കേണ്ട വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നാല്‍, രാജീവിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാല്‍ ഇനി ഇടപെടാനാകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം സ്വീകരിച്ച നിലപാട്. തിരഞ്ഞെടുപ്പിനുശേഷം ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിനോട് നിര്‍ദേശിച്ചിരിക്കുന്നത്.