പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. താരപ്രചാരകര്‍ തിരഞ്ഞെടുപ്പ് മര്യാദ പാലിക്കണം. വർഗീയപ്രചാരണം നടത്തരുതെന്ന് ബിജെപിക്കും, ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന പ്രചാരണം നടത്തരുതെന്ന് കോൺഗ്രസിനും കമ്മിഷന്‍ നിര്‍ദേശം നൽകി.
താരപ്രചാരകര്‍ വര്‍ഗീയപ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഇതിനുശേഷവും മോദി അത്തരം പ്രസംഗങ്ങള്‍ തുടർന്നു.
സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സേനയുടെ സാമൂഹിക-സാമ്പത്തിക ഘടനയെക്കുറിച്ച് ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നു കമ്മിഷന്‍ കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കി. അഗ്നിവീര്‍ പദ്ധതിയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ നിര്‍ദേശം.
രാജ്യത്തിന്റെ കുറ്റമറ്റ തിരഞ്ഞെടുപ്പ് പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും നൽകിയ നോട്ടിസിൽ കമ്മിഷൻ വ്യക്തമാക്കി.
വിദ്വേഷപ്രസംഗം നടത്തുന്ന മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. സര്‍ക്കാരിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയും പരാതി നല്‍കി. തുടർന്ന് വിശദീകരണമാവശ്യപ്പെട്ട് ഇരു കക്ഷികൾക്കും നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ഇരു പാര്‍ട്ടികളും നല്‍കിയ വിശദീകരണം സ്വീകാര്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ നോട്ടിസില്‍ വ്യക്തമാക്കുന്നത്.