Lok Sabha Election 2024

യോഗേന്ദ്ര യാദവിന് തെറ്റിയോ, പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങള്‍ ഫലിക്കുമോ? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്ത്?

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിന് മുമ്പേ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ രണ്ട് പ്രവചനങ്ങളായിരുന്നു ഇരുവരുടെയും

പൊളിറ്റിക്കൽ ഡെസ്ക്

മൂന്നാം തവണയും മോദി അധികാരത്തിലെത്തുമെന്ന പ്രവചനമാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ബിജെപി നേതാക്കള്‍ അവകാശപ്പെട്ട 400 സീറ്റിലേക്ക് എത്തിയില്ലെങ്കിലും എന്‍ഡിഎ 350 പിന്നിടുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് 150 മണ്ഡലങ്ങളില്‍ കൂടുതല്‍ ജയിക്കാനാകുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകള്‍ ചുരുക്കവുമാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിന് മുമ്പേ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ രണ്ട് പ്രവചനങ്ങളുണ്ടായിരുന്നു, തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദന്‍ യോഗേന്ദ്ര യാദവിന്റേതും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെയും. യോഗേന്ദ്ര യാദവ് ബിജെപിക്ക് സീറ്റ് കുറയുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ 2019-ലേതിനേക്കാള്‍ കരുത്തോടെ ബിജെപി മുന്നേറുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രവചനം.

ഇപ്പോള്‍ പ്രശാന്തിന്റെ വാക്കുകള്‍ പോലെ നിലവിലെ 303-ല്‍ നിന്നും കൂടുതല്‍ സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. നോര്‍ത്തേണ്‍ വെസ്റ്റ് / ഈസ്റ്റേണ്‍ സൗത്ത് എന്ന രീതിയില്‍ ഇന്ത്യയെ രണ്ടായി വിഭജിച്ചായിരുന്നു പ്രശാന്ത് കിഷോര്‍ സീറ്റ് നില പ്രവചിച്ചത്. വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ 50 സീറ്റുവരെ കുറയാമെന്നും എന്നാല്‍ ഇത് ആകെ സീറ്റിനെ ബാധിക്കില്ലെന്നുമായിരുന്നു പ്രവചനം. എന്നാല്‍ ഇതില്‍ ഡല്‍ഹി മൊത്തത്തിലും ഹിമാചല്‍ പ്രദേശ് ഭൂരിഭാഗവും ബിജെപി കീഴടക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തില്‍ ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്ന പ്രശാന്തിന്റെ പ്രവചനത്തിനൊപ്പമാണ് സര്‍വേ ഫലങ്ങള്‍. ഇതുവരെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാത്ത എന്‍ഡിഎ ഒന്ന് മുതല്‍ 3 വരെ സീറ്റ് നേടുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. തമിഴ്‌നാട്ടിലും സീറ്റ് കിട്ടുമെന്ന പ്രശാന്തിന്റെ പ്രസ്താവനയ്ക്ക് സമാനമായി ഏകദേശം രണ്ട് മുതല്‍ നാല് വരെ സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ ഫലം. കിഴക്കന്‍ മേഖലയില്‍ ഒഡീഷയില്‍ ബിജെപി ജയിക്കുമെന്ന പ്രവചനത്തിനൊപ്പം തന്നെയാണ് സര്‍വേ.

ഇപ്പോഴുള്ളതില്‍ നിന്നും 50ഓളം സീറ്റുകള്‍ കുറയുമെന്ന യോഗേന്ദ്ര യാദവിന്റെ പ്രവചനങ്ങള്‍ തെറ്റുമോയെന്ന സംശയമാണ് സര്‍വേ ഫലം മുന്നോട്ട് വെക്കുന്നത്. ബിഹാറില്‍ 17 സീറ്റില്‍ അഞ്ച് സീറ്റ് കുറയുമെന്നായിരുന്നു പ്രവചനമെങ്കില്‍ ഏകദേശം 13 മുതല്‍ 15 വരെ ബിജെപി നിലനിര്‍ത്തുമെന്നാണ് സൂചന. ഹരിയാനയില്‍ പത്തില്‍ ആറ് വരെ സീറ്റും, രാജസ്ഥാന്‍ എട്ട് സീറ്റും, കര്‍ണാടകയില്‍ 12 സീറ്റ് കുറയുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഹരിയാനയില്‍ ഏഴ് മുതല്‍ ഒൻപത് വരെയും രാജസ്ഥാനില്‍ 20 മുതല്‍ 23 വരെയും കര്‍ണാടകയില്‍ 20ന് മുകളില്‍ സീറ്റും ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍.

ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും സീറ്റ് കുറയുമെന്നാണ് പ്രവചിച്ചതെങ്കില്‍ ഗുജറാത്ത് മുഴുവനും ബിജെപി നേടുമെന്നാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. സമാന രീതിയില്‍ മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷത്തെ ഒമ്പത് സീറ്റില്‍ നിന്നും ഏകദേശം 11 സീറ്റ് കിട്ടുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഝാര്‍ഖണ്ഡില്‍ ഒരു സീറ്റിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 64ല്‍ നിന്നും 50ലേക്ക് ചുരുങ്ങുമെന്നായിരുന്നു സൂചനയെങ്കില്‍ 68ന് മുകളില്‍ സീറ്റുകളാണ് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ആയിരത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചായിരുന്നു അദ്ദേഹം കണക്കുകള്‍ അവതരിപ്പിച്ചതെങ്കിലും സർവേകളിൽ ഈയൊരു വിലയിരുത്തലുകളല്ല പ്രകടമാകുന്നത്.

ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്‌സ്, റിപ്പബ്ലിക്ക് ടി വി - പിമാര്‍ക്യു, റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ദൈനിക് ഭാസ്‌കര്‍, സി വോട്ടര്‍, ന്യൂസ് നേഷന്‍ തുടങ്ങിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യത്യസ്തമായ പ്രവചനമാണ് മുന്നോട്ട് വെക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും ശരിയാകുന്നതല്ല ഇന്ത്യയുടെ ചരിത്രം. 2004ലേത് പോലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞ ചരിത്രവുമുണ്ട്. അതുകൊണ്ട് ജൂണ്‍ നാലിന് ഫലങ്ങള്‍ പുറത്ത് വരുന്നത് വരെ ഇരുവരുടെയും പ്രവചനങ്ങളില്‍ ഏതാണ് യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിക്കില്ല.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live