Lok Sabha Election 2024

'മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ അവകാശമില്ല'; ഭീഷണിയുമായി ബിജെപി മുന്‍ എംപി

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിന് ശേഷം ഓഫീസിലിരിക്കാനൊ ജോലി ചെയ്യാനൊ അവകാശമില്ലെന്ന രാജസ്ഥാനിലെ ജുന്‍ജുനു മുന്‍ എംപി ബിജെപിയിലെ സന്തോഷ് അഹ്‌ലാവതിന്റെ പ്രസ്താവന വിവാദമാകുന്നു. സൂരജ്‌ഗട്ടില്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ അഹ്‌ലാവത് നടത്തിയ പരാമർശത്തില്‍ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് സൂരജ്‌ഗട്ടിലെ കോണ്‍ഗ്രസ് എംഎല്‍എയായ ശർവന്‍ കുമാർ ചോദിച്ചു. ഏപ്രില്‍ 19, 26 തീയതികളില്‍ രണ്ട് ഘട്ടമായാണ് രാജസ്ഥാനില്‍ ലോക്‌സഭാ തിരഞ്ഞെടപ്പ്.

ബാഗ്രി ഭാഷയിലായിരുന്നു അഹ്‍ലാവത് പ്രവർത്തകരോട് സംസാരിച്ചത്. "ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. സർക്കാർ ഓഫീസിലെ കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്കും എന്റെ പ്രവർത്തകരെയോ വോട്ടർമാരെയോ അഭ്യുദയകാംഷികളെയോ ഉപദ്രവിക്കാന്‍ സാധിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർ ഒന്നുകില്‍ മനസിലാക്കി പെരുമാറണം, അല്ലെങ്കില്‍ ബാഗ് പാക്ക് ചെയ്തോളു. അഞ്ച് വർഷത്തേക്ക് നിങ്ങളെ മണ്ഡലത്തില്‍ ഞാന്‍ പ്രവേശിപ്പിക്കില്ല. ഇങ്ങനെയൊന്നും സംസാരിക്കരുതെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചു, അതിനാല്‍ ഇക്കാര്യം ഗ്രാമം മുഴുവന്‍ അറിയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് സൂരജ്‌ഗട്ടിലെ ഒരു സർക്കാർ ഓഫീസിലും ജോലി ചെയ്യാന്‍ അവകാശമില്ല," അഹ്‍ലാവത് പറഞ്ഞു.

ശർവന്‍ കുമാർ ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യമുയർത്തിയത്. "എവിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിങ്ങള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ ചുറ്റുപാടും നോക്കുക, എന്തെങ്കിലും ചെയ്യുക. അല്ലാത്തപക്ഷം, തിരഞ്ഞെടുപ്പ് നാടകം അവസാനിപ്പിച്ച് മോദിജിയെ സിംഹാസനത്തില്‍ ഇരുത്തുക," ശർവന്‍ കുമാർ കുറിച്ചു. ഇത് ജനാധിപത്യമാണോ അതോ രാജവാഴ്ചയാണോയെന്നും കോണ്‍ഗ്രസ് എംഎല്‍എ ചോദിച്ചു. ഉടന്‍ തന്നെ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ശർവന്‍ കുമാർ അറിയിച്ചു.

ജാട്ട് സമുദായത്തിന് ആധിപത്യമുള്ള ജുന്‍ജുനുവില്‍ മുന്‍ മന്ത്രി ബിജേന്ദ്ര സിങ് ഓലയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി സിസ് രാം ഓലയുടെ മകന്‍ കൂടെയാണ് ബിജേന്ദ്ര സിങ്. ശുഭ്‌കരണ്‍ ചൗദരിയാണ് എതിർ സ്ഥാനാർഥി.

2014-ലാണ് ജുന്‍ജുനുവില്‍ നിന്ന് അഹ്‍ലാവത് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മോദി തരംഗത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാല്‍ 2019-ല്‍ അഹ്‍ലാവതിനെ ബിജെപി മത്സരിപ്പിച്ചില്ല. പകരം നരേന്ദ്ര കുമാറിനായിരുന്നു മണ്ഡലം നിലനിർത്താനുള്ള ഉത്തരവാദിത്തം നല്‍കിയത്. ശർവന്‍ കുമാറിനെ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തു.

നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഹ്‌ലാവതിനെ ശർവന്‍ കുമാർ പരാജയപ്പെടുത്തിയിരുന്നു. 37,414 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും