ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് അര്‍വിന്ദര്‍ സിങ് ലവ്‌ലി. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേര്‍സില്‍ വച്ചാണ് അര്‍വിന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ രാജ്കുമാര്‍ ചൗഹാന്‍, നീരജ് ബസോയ, നസീബ് സിങ്, ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് മാലിക് എന്നിവരും അര്‍വിന്ദറിന്റെ കൂടെ ബിജെപിയില്‍ ചേര്‍ന്നു. അതേസമയം, അധ്യക്ഷ സ്ഥാനം രാജിവച്ചപ്പോഴും പാര്‍ട്ടി വിട്ടുപോകില്ലെന്നായിരുന്നു അര്‍വിന്ദര്‍ നേരത്തെ വ്യക്തമാക്കിയത്.
രാജിക്ക് ശേഷം തന്റെ പിന്തുണക്കാരെയും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കണ്ടെന്നും വീട്ടിലിരിക്കാതെ ശക്തമായ പാര്‍ട്ടിയില്‍ ചേര്‍ന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ അവര്‍ ആഹ്വാനം ചെയ്‌തെന്നും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അര്‍വിന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തില്‍ പ്രതിഷേധിച്ചും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ചുമാണ് ഏപ്രില്‍ 28ന് അര്‍വിന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.
ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റിന് ആം ആദ്മിയുമായി സഖ്യം ചേരുന്നതിന് താല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ഹൈക്കമാന്‍ഡ് ഇക്കാര്യവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന ഡല്‍ഹി യൂണിറ്റ് നേതാക്കളുടെ ഏകകണ്ഠമായ തീരുമാനങ്ങള്‍ എഐസിസി ഡല്‍ഹി ചാര്‍ജൂള്ള ദീപക് ബബ്രിയ ഏകപക്ഷീയമായി വീറ്റോ ചെയ്യുന്നതിലൂടെ തനിക്ക് താനൊരു 'വികലാംഗന്‍' ആണെന്ന് തോന്നാറുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയ രാജിക്കത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
''ഞാനൊരു വികലാംഗനാണെന്നും ഡല്‍ഹി പ്രസിഡന്റായി തുടരാന്‍ സാധിക്കില്ലെന്നുമുള്ള തിരിച്ചറിവില്‍ ഭാരിച്ച ഹൃദയത്തോടെയാണ് ഈ കത്തെഴുതുന്നത്. എനിക്ക് ആജീവനാന്ത ബന്ധമുള്ള കോണ്‍ഗ്രസിന്റെ പ്രാദേശിക പ്രവര്‍ത്തകരെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ വളരെ നന്ദിയോടെയാണ് ഡിപിസിസി പ്രസിഡന്റെന്ന പദവി ഞാന്‍ സ്വീകരിച്ചത്.
എന്നിരുന്നാലും പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ പദവിയില്‍ തുടരാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. ആയതിനാല്‍ അങ്ങേയറ്റം കുറ്റബോധത്തോടെയും ഹൃദയവേദനയോടെയും അര്‍വിന്ദര്‍ സിങ് ലവ്‌ലിയെന്ന ഞാന്‍ ഡിപിസിസി പ്രസിഡന്റ് പദവി രാജിവക്കുന്നു'', രാജിക്കത്തില്‍ പറഞ്ഞിരുന്നു.
ഷീല ദീക്ഷിത് സര്‍ക്കാരിലെ മന്ത്രിയായി പ്രവര്‍ത്തിച്ച അര്‍വിന്ദര്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായത്. 1998ല്‍ ഗാന്ധി നഗറില്‍ നിന്നുമാണ് ഇദ്ദേഹം ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഗതാഗതം, വിദ്യാഭ്യാസം, നഗര വികസനം, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.