മൂന്നാം മോദി മന്ത്രിസഭയില്‍ ഉറച്ച പേരായിരുന്നു സുരേഷ് ഗോപിയുടേത്. സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ട് മുന്‍പ് സസ്‌പെന്‍സ് എന്‍ട്രിയായി രണ്ടാം പേര് ഉയര്‍ന്നു വന്നു, ജോര്‍ജ് കുര്യന്‍. ബിജെപി കേന്ദ്രങ്ങളിലെ പോലും ഞെട്ടല്‍മാറും മുന്‍പ് സത്യപ്രതിജ്ഞയും പൂര്‍ത്തിയായി. കേരള ബിജെപിയിലെ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ ബിജെപിയുടെ ന്യൂനപക്ഷ മുഖമായി നില്‍ക്കുന്ന നേതാവ് ജോര്‍ജ് കുര്യന് അര്‍ഹമായ പരിഗണന, അതാണ് മൂന്നാം മോദി സര്‍ക്കാരില്‍ ലഭിച്ചത്.
2016 നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ ബിജെപി ചിഹ്നത്തില്‍ മത്സരിച്ച ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിക്ക് വേണ്ടിയുള്ള സ്ഥിരം സാന്നിധ്യം. കോട്ടയം കാണാക്കരി സ്വദേശിയായ ജോര്‍ജ് കുര്യന്‍, തുടക്കം മുതല്‍ ബിജെപിക്കാരനാണ്. വിദ്യാര്‍ഥി ജനതയിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. ബിജെപി രൂപീകരിച്ച സമയത്ത് കേരളത്തില്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നവരില്‍ ആദ്യ ബാച്ചുകാരനാണ് 62-കാരനായ ജോര്‍ജ്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫായി. ബിജെപി അധികാരത്തിന്റെ വിദൂരസ്ഥാനത്ത് പോലുമില്ലാതിരുന്ന സമയത്ത് പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് ജോര്‍ജ് കുര്യന്‍. 1991-ലും 1998-ലും കോട്ടയം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു.
മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തിയ ക്രൈസ്തവ, മുസ്ലിം നേതാക്കളേക്കാള്‍ ജോര്‍ജ് കുര്യന് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തന രീതികളും അറിയാമെന്ന് ചുരുക്കം. ബിജെപിയുടെ ക്രൈസ്തവ പ്രോജക്ടിന്റെ പുതിയ അധ്യായം ജോര്‍ജ് കുര്യനിലൂടെ തുടങ്ങുമ്പോള്‍, രാഷ്ട്രീയ സമൂഹം ആ വരവിനെ ഗൗരവതരമായി എടുക്കേണ്ടതിന് പിന്നിലെ കാരണവും അതാണ്.
ക്രൈസ്തവ വിഭാഗത്തെ ആകര്‍ഷിക്കാനുള്ള ബിജെപിയുടെ നീക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഇത്തവണ തൃശൂരില്‍ അടക്കം ആ നീക്കം വിജയിക്കുകയും ചെയ്തു. ആദ്യ കാലങ്ങളില്‍ ബിജെപിയോട് അകലമിട്ടുനിന്ന ക്രൈസ്തവ സഭകളെ പാര്‍ട്ടിയോട് അയിത്തമില്ലാത്തവരാക്കി മാറ്റാന്‍ ചുരുങ്ങിയ കാലം കൊണ്ട് ബിജെപിക്ക് സാധിച്ചിട്ടുണ്ട്.
തുടക്കം പിസി തോമസിലൂടെ
പിസി തോമസ് ആയിരുന്നു ബിജെപി പക്ഷത്ത് എത്തുന്ന ആദ്യ പ്രമുഖ ക്രൈസ്തവ നേതാവ്. 2001-ലാണ് പി സി തോമസ് എന്‍ഡിഎയിലെത്തുന്നത്. അതുവരെ കേരള കോണ്‍ഗ്രസ് എമ്മില്‍ തലയെടുപ്പുള്ള നേതാവായിരുന്നു, കെ എം മാണിയുടെ വിശ്വസ്തന്‍. മകന്‍ ജോസ് കെ മാണിയെ പാര്‍ട്ടിയില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള കെ എം മാണിയുടെ ശ്രമങ്ങളെ എതിര്‍ത്തു തുടങ്ങിയതോടെ മാണിയുടെ കണ്ണിലെ കരടായി. തുടര്‍ന്ന് 2001-ല്‍ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ പാളയത്തിലെത്തി. അന്നത്തെ എ ബി വാജ്‌പേയ് മന്ത്രിസഭയില്‍ നിയമസഹമന്ത്രി സ്ഥാനം നല്‍കിയാണ് ബിജെപി പി സി തോമസിനെ സ്വീകരിച്ചത്. തുടര്‍ന്ന് 2004-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഐഎഫ്ഡിപി സ്ഥാനാര്‍ഥിയായി മൂവാറ്റുപുഴയില്‍ നിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തി. പ്രമുഖ ബിജെപി നേതാക്കളെ ഒഴിവാക്കിയായിരുന്നു അന്ന് പി സി തോമസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
കേരള കോണ്‍ഗ്രസ് വിട്ട് എന്‍ഡിഎ സഖ്യത്തിലെത്തിയ പി സി തോമസിന് പക്ഷേ, ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ല. പിന്നീട് എന്‍ഡിഎ വിട്ട പിസി തോമസ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസിനൊപ്പം ചേരുകയും എല്‍ഡിഎഫ് പാളയത്തിലെത്തുകയും ചെയ്തു. 2010-ല്‍ ജോസഫ് മാണി വിഭാഗത്തിനൊപ്പം കൈകോര്‍ത്തപ്പോള്‍ കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം എന്ന പേരില്‍ ഇടതുപക്ഷത്തുനിന്ന പി സി തോമസ് വീണ്ടും എന്‍ഡിഎക്ക് ഒപ്പം പോകുന്നത് 2015-ലാണ്. എന്നാല്‍, മോദി യുഗത്തില്‍ പി സി തോമസിന് പഴയപോലെ സ്വീകരണം എന്‍ഡിഎയില്‍ കിട്ടിയില്ല. 2021- നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ട് പി ജെ ജോസഫ് പക്ഷവുമായി തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെ ലയിപ്പിച്ച് യുഡിഎഫ് പാളയത്തിലെത്തി.
കണ്ണന്താനത്തിന്റെ വരവ്
പിസി തോമസിലൂടെ എന്‍ഡിഎയ്ക്ക് കേരളത്തില്‍ ആദ്യമായി ലോക്‌സഭാ സീറ്റ് ലഭിച്ചെങ്കിലും ബിജെപിക്ക് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ്, 'വിപ്ലവകാരിയായ' ബ്യൂറോക്രാറ്റ് എന്ന വിശേഷണം ലഭിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി തങ്ങളുടെ പക്ഷത്തെത്തിക്കുന്നത്. 2006-ല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇടത് പിന്തുണയോടെ മത്സരിച്ച് ജയിച്ച കണ്ണന്താനം, ബിജെപിയില്‍ എത്തിയത് ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്തയാളാണ് കണ്ണന്താനം എന്ന നിലയിലാണ് അന്ന് വിലയിരുത്തപ്പെട്ടത്. ഒന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നൊരാള്‍ ആദ്യമായി ഇടംപിടിക്കുന്നത് അല്‍ഫോണ്‍സ് കണ്ണന്താനം ആയിരുന്നു. അന്നും സംസ്ഥാനത്തെ പ്രബല ബിജെപി നേതാക്കളെ മാറ്റിനിര്‍ത്തിയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ 2017-ല്‍ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ നീരസം ബിജെപി നേതാക്കള്‍ പ്രകടമാക്കുകയും ചെയ്തു.
ബിജെപിക്ക് വേണ്ടി അല്‍ഫോണ്‍സ് കണ്ണന്താനം അറിഞ്ഞുപണിയെടുത്തു. വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി നല്ലബന്ധം സ്ഥാപിച്ചെടുക്കാന്‍ കണ്ണന്താനത്തിന് കഴിഞ്ഞു. ബിജെപിയെ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിനിടയില്‍ സജീവചര്‍ച്ചയാക്കുന്നതില്‍ കണ്ണന്താനം ഒരു പരിധിവരെ വിജയിച്ചിരന്നു. ക്രൈസ്തവരെ വശത്താക്കാനുള്ള അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ ശ്രമങ്ങള്‍ക്ക് കണ്ണന്താനത്തിന്റെ വരവ് സഹായമായി. എന്നാല്‍, കണ്ണന്താനത്തെ കണ്ടെത്തിയതും കേന്ദ്രമന്ത്രിയാക്കിയതും ബിജെപിയുടെ 'ക്രൈസ്തവ പ്രോക്ടിന്' വേഗത കൂട്ടിയതും കേന്ദ്ര നേതൃത്വമായിരുന്നു.
ശേഷം, ബിജെപി നേതൃത്വം നേരിട്ട് സഭാധ്യക്ഷന്‍മാരിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് കണ്ടത്. 2017-ല്‍ അമിത് ഷാ, ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തി. യെമനില്‍ ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴന്നാലിനെ മോചിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ഇടപെട്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ് അദ്ദേഹത്തിന്റെ മോചനം എന്ന നിലയിലാണ് ബിജെപി ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രചാരണം നടത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഉഴന്നാലിനെ കണ്ണന്താനം നേരിട്ടെത്തി സ്വീകരിച്ചു. കണ്ണന്താനത്തിനൊപ്പം മോദിയുടെ വസതിയിലെത്തിയ ഫാ. ഉഴന്നാലുമായി മോദി ചര്‍ച്ച നടത്തുകയും ചെയ്തു. ഇത് ബിജെപിയെ ക്രൈസ്തവര്‍ക്കിടില്‍ 'വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടി' എന്ന പരിവേഷത്തിലേക്ക് കൊണ്ടെത്തിച്ചു. ക്രിത്യമായ ഇടവേളകളില്‍ ക്രൈസ്തവരെ കയ്യിലെടുക്കാനുള്ള പദ്ധതികള്‍ ബിജെപി പരീക്ഷിച്ചുവന്നു. 2023-ല്‍ മോദിയുടെ കേരള പര്യടനത്തിനിടെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്‍മാരാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനും ബിജെപിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഏറ്റുപിടിപിക്കാനും ഇടുക്കി അതിരൂപത രംഗത്തുവന്നതും കേരളം കണ്ടു. റബ്ബറിന് വിലകൂട്ടിയാല്‍ ബിജെപിക്ക് എംപിയെ നല്‍കാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയും ബിജെപിയുടെ ഈ 'ക്രൈസ്തവ പ്രോജക്ട്' ഗുണം കാണുന്നു എന്നതിന് തെളിവായിരുന്നു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാതെ, മോദി രൂപീകരിക്കുന്ന മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നൊരു ക്രൈസ്തവ വിശ്വാസിയെ ഉള്‍പ്പെടുത്തുന്നതിലൂടെ, ആ പ്രേജക്ടിന്റെ തുടര്‍ച്ചയാണ് ബിജെപി ലക്ഷ്യമിടുന്നത്.