Lok Sabha Election 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പ്രവാസി ഇന്ത്യക്കാർക്ക് എങ്ങനെ വോട്ട് ചെയ്യാം?

വെബ് ഡെസ്ക്

18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശത്ത് സ്ഥിര താമസമാക്കിയ എല്ലാ ഇന്ത്യക്കാരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് കേന്ദ്രം. വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനായാണ് "എല്ലാ എൻആർഐ വോട്ടർമാരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു" എന്ന സന്ദേശം പ്രസ് ഇൻഫർമേഷൻ ബ്യൂറോ എക്‌സിൽ പങ്കുവെച്ചത്.

എങ്ങനെയാണ് വിദേശത്തുള്ള ഇന്ത്യക്കാർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദായകാവകാശം ഉപയോഗപ്പെടുത്താൻ സാധിക്കുക ?

തൊഴിൽ, ഉന്നത വിദ്യാഭ്യാസം, അല്ലെങ്കിൽ വിവിധ കാരണങ്ങളാൽ മറ്റൊരു രാജ്യത്ത് താമസിക്കുന്ന, ആ രാജ്യത്തിൻ്റെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യൻ പൗരനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർവചനം പ്രകാരം വിദേശ വോട്ടർ ആകുന്നത്. രണ്ട് നിബന്ധനകളാണ് ഇത്തരക്കാർക്ക് വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കുക, 18 വയസിന് മുകളിൽ പ്രായം ഉള്ളവർ ആകുക. ഇന്ത്യൻ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിൽ വോട്ടർമാരായി അവർക്ക് രജിസ്റ്റർ ചെയ്യാം. കൂടാതെ അവരുടെ യഥാർത്ഥ പാസ്‌പോർട്ട് ഹാജരാക്കിയ ശേഷം അതത് പോളിംഗ് സ്റ്റേഷനിൽ നേരിട്ട് വോട്ട് ചെയ്യേണ്ടതുണ്ട്.

2010-ന് മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പ് വരെ എൻആർഐകൾക്ക് ഇത്തരത്തിൽ വോട്ട് ചെയ്യാൻ അവകാശം ഉണ്ടായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻആർഐകൾക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്താം ?

വോട്ടേഴ്‌സ് സർവീസ് പോർട്ടലിൽ ഓൺലൈനായി ഫോം 6എ പൂരിപ്പിക്കണം. അതിനായി പോർട്ടലിൽ “ഫോമുകൾ” വിഭാഗം തിരഞ്ഞെടുക്കുക. അതിൽ,"വിദേശ ( എൻആർഐ ) ഇലക്‌ടർമാർക്കുള്ള പുതിയ രജിസ്‌ട്രേഷൻ" എന്ന ഓപ്‌ഷൻ ഉണ്ടാകും. അത് തിരഞ്ഞെടുത്തത് ഫോം 6എ പൂരിപ്പിക്കാം. ഇന്ത്യൻ പൗരനാവുക, മറ്റ് രാജ്യത്തിൻ്റെ പൗരത്വം ഇല്ലാതിരിക്കുക എന്നീ നിബന്ധനകൾ പോർട്ടലിൽ കാണിക്കും.

ഇത് പൂരിപ്പിക്കുന്നതിന് ഇടതുവശത്തുള്ള ഫിൽ ഫോം 6A ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ രേഖകൾ ചേർക്കുക. വോട്ടർമാരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ടുകളുടെ ഫോട്ടോകോപ്പികൾ, ഇന്ത്യയിലെ വിലാസങ്ങൾ, സാധുവായ വിസ എൻഡോഴ്‌സ്‌മെൻ്റ് എന്നിവ രേഖകളിൽ ഉൾപ്പെടുന്നു. അടുത്തിടെ എടുത്ത പാസ്‌പോർട്ട് വലുപ്പത്തിലുള്ള കളർ ഫോട്ടോയും ഫോമിൽ അറ്റാച്ചുചെയ്യണം.

അപ്ലിക്കേഷൻ പൂരിപ്പിച്ചതിന് ശേഷം നേരിട്ടോ, തപാൽ മുഖേനയോ അത് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാം. അപേക്ഷകൻ തപാൽ ഫോം സമർപ്പിക്കുകയാണെങ്കിൽ, മുകളിൽ സൂചിപ്പിച്ച ഓരോ ഡോക്യുമെൻ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി നിർബന്ധമായും അറ്റാച്ച്ചെയ്യണമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി നേരിട്ടാണ് ഫോം സമർപ്പിക്കുന്നതെങ്കിൽ വോട്ടർമാർക്ക് തങ്ങളുടെ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറെയോ അസിസ്റ്റന്റ് ഇആർഒയെയോ സന്ദർശിക്കാവുന്നതാണ്. സ്ഥിരീകരണത്തിനായി അപേക്ഷകൻ അവരുടെ യഥാർത്ഥ പാസ്‌പോർട്ട് ഹാജരാക്കണം.

ഫോം സമർപ്പിച്ചതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ സ്ഥിരീകരണത്തിനായി പൗരന്മാരുടെ പാസ്‌പോർട്ടിൽ നല്കിയിരിക്കുന്ന വിലാസങ്ങൾ പരിശോധിക്കും. വോട്ടർ പട്ടിക ശരിയാക്കാനായി സാഹചര്യം അനുകൂലമാണെങ്കിൽ ഇവർക്ക് ഫോം 8 ഉം പൂരിപ്പിച്ച് നൽകാവുന്നതാണ്. പോളിംഗ് ബൂത്തിൽ യഥാർത്ഥ പാസ്‌പോർട്ട് ഹാജരാക്കി എൻ ആർ ഐ കൾക്ക് വോട്ട് ചെയ്യാം.

പരിശോധന പൂർത്തിയായാലും ഇല്ലെങ്കിലും, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ തീരുമാനം നിങ്ങളുടെ വിലാസത്തിൽ തപാൽ വഴിയും ഫോം 6A-ൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് SMS വഴിയും അറിയിക്കും. എന്നാൽ എൻആർഐകൾക്ക് ഇപിഐസി നമ്പർ നൽകില്ല.

ഏപ്രിൽ 19 മുതൽ 44 ദിവസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുക.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം