Lok Sabha Election 2024

ഇനി ഏഴാം ഘട്ടം: ബിജെപിക്ക് നിര്‍ണായകം, ഇറങ്ങുന്നത് കഴിഞ്ഞ തവണ പതറിയ കളത്തിലേക്ക്‌

2019-ൽ നടന്ന ഏഴാം ഘട്ട പോളിങ്ങിൽ തിരഞ്ഞെടുപ്പ് നടന്ന 57 സീറ്റുകളിൽ ബിജെപി 25 സീറ്റുകളാണ് വിജയിച്ചത്, 50 ശതമാനത്തിൽ താഴെ

വെബ് ഡെസ്ക്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നാളെ നടക്കും. 57 സീറ്റുകളിലേക്ക്‌ പോളിങ് നടക്കുന്ന ഈ ഘട്ടം ഏറെ നിർണായകമാണ്. പ്രത്യേകിച്ച് ഒരു മാസം മുമ്പുവരെ നരേന്ദ്ര മോദി പ്രത്യേകിച്ച് പ്രതിസന്ധികളൊന്നും നേരിടില്ല എന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പിൽ, കഴിഞ്ഞ ഒരുമാസത്തിനിടയിൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ തെളിയിച്ച സാഹചര്യത്തിൽ.

2019-ൽ ആറാം ഘട്ടം കഴിഞ്ഞപ്പോൾ ബിജെപിക്ക് 278 സീറ്റുകൾ ലഭിച്ചതായാണ് ഫലപ്രഖ്യാപനം വന്നപ്പോള്‍ വ്യക്തമായത്. അതായത് കേവലഭൂരിപക്ഷത്തിനുള്ള 272നേക്കാൾ ആറ് സീറ്റുകൾ അധികം. അഞ്ചാം ഘട്ടം കഴിഞ്ഞപ്പോൾ 238 സീറ്റുകളിലെ വിജയമാണ് ബിജെപി ഉറപ്പിച്ചത്. എന്നുവച്ചാൽ ആറാം ഘട്ടത്തിൽ മാത്രം 40 സീറ്റുകൾ ജയിച്ചുകൊണ്ടാണ് ബിജെപി കേവലഭൂരിപക്ഷം തികയ്ക്കുന്നത്.

2014-ൽ കിട്ടിയ ബിജെപിക്ക് 282 സീറ്റുകളിൽ ഏകദേശം പത്ത് ശതമാനം സീറ്റുകൾ അവർക്ക് 2019-ൽ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ആ നഷ്ടവും അതിലധികവും മറ്റിടങ്ങളിൽ നിന്ന് നേടാൻ സാധിച്ചതുകൊണ്ടാണ് 303 എന്നൊരു സംഖ്യയിലേക്ക് 2019-ൽ ബിജെപിക്കെത്താൻ സാധിച്ചത്. ഇത്തവണയും 10 ശതമാനത്തോളം സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ആ സീറ്റുകൾ കിഴക്കും തെക്കുമുള്ള സംസ്ഥാനങ്ങളിൽ നിന്ന് അധികമായി നേടിയാൽ മാത്രമേ 2019-ലെ സീറ്റ് നിലയിൽ നിന്ന് താഴേക്ക് പോകാതെ നിൽക്കാൻ സാധിക്കുകയുള്ളു.

2019ൽ നടന്ന ഏഴാം ഘട്ട പോളിങ്ങിൽ തിരഞ്ഞെടുപ്പ് നടന്ന 57 സീറ്റുകളിൽ ബിജെപി 25 സീറ്റുകളാണ് വിജയിച്ചത്. അതായത് 50 ശതമാനത്തിലും താഴെ. എൻഡിഎ സഖ്യമെന്ന രീതിയിൽ ആകെ 30 സീറ്റുകൾ വിജയിച്ചു. ഇന്ന് ഇന്ത്യ മുന്നണിയിലുള്ള കക്ഷികൾക്ക് ഒൻപതും സഖ്യത്തിന്റെ ഭാഗമൊന്നുമാകാത്ത കക്ഷികൾക്ക് 18 സീറ്റും ലഭിച്ചു. ഈ കക്ഷികളിൽ തൃണമൂൽ കോൺഗ്രസ്സും ഉൾപ്പെടും. ഇത്തവണ തൃണമൂൽ ഇന്ത്യ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്‌ക്കുന്നുണ്ട്‌ എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

യുപി, ബിഹാർ, ഒഡിഷ, പഞ്ചാബ്

ഹിന്ദി ഹൃദയ ഭൂമിയായ ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഏഴാമത്തെ ഘട്ടത്തിൽ 28 സീറ്റുകളുണ്ട്. അതിൽ 13 സീറ്റുകൾ പഞ്ചാബിലാണ്. ഒഡിഷയും ബംഗാളും ഒരുമിച്ച് ചേർത്താൽ 15 സീറ്റുകൾ. 2019-ലെ ഏഴാം ഘട്ടത്തിൽ ഹിന്ദി ഹൃദയഭൂമിയിൽ തിരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളിൽ 26 എണ്ണവും ബിജെപി വിജയിച്ചിരുന്നു. ആ വിജയം ഇത്തവണയും ആവർത്തിക്കാൻ ബിജെപിക്ക് സാധിക്കുമോ എന്നതാണ് ചോദ്യം.

യുപിയിൽ സമാജ്‌വാദി പാർട്ടി കോൺഗ്രസ് സഖ്യത്തിൽ നിന്ന് അത്യാവശ്യം ശക്തമായ പ്രതിസന്ധി ബിജെപി അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് ഈ സഖ്യം ശക്തമാകുമെന്ന് കരുതുന്ന, പൂർവാഞ്ചൽ മേഖലയിൽ. മോദി നേരിട്ട് മത്സരിക്കുന്ന വരാണസി മണ്ഡലവും ഈ മേഖലയിലുൾപ്പെടുന്നതാണ്. ഇവിടെ അപ്ന ദൾ ഉൾപ്പെടെയുള്ള ചെറുപാർട്ടികൾക്കും ശക്തമായ സ്വാധീനമുണ്ട്.

ബിഹാറിലെ അവസാനഘട്ടത്തിൽ എട്ടു സീറ്റുകളിലും കഴിഞ്ഞ തവണ ബിജെപി ആണ് വിജയിച്ചത്. എന്നാൽ 2020-ൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സീറ്റുകൾ ഉൾപ്പെടുന്ന റൊഹ്താസ് മേഖലയിൽ വിജയിച്ചത് ആർജെഡി ആണ്. ഇത്തവണ ഈ സീറ്റുകൾ പൂർണമായും ബിജെപ്പിക്കൊപ്പം നിൽക്കില്ല എന്ന വിശ്വാസത്തിലാണ് തേജസ്വി യാദവ്. താൻ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് യുവാക്കൾക്ക് നൽകിയ തൊഴിലവസരങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. നിതീഷ് കുമാറിന്റെ സ്വീകാര്യത കുറഞ്ഞതും ഗുണമാകുമെന്നാണ് തേജസ്വിയുടെ കണക്കുകൂട്ടൽ.

ബംഗാളിൽ കഴിഞ്ഞ തവണ ആറാം ഘട്ടം കഴിയുമ്പോഴേക്ക് 42 സീറ്റിൽ 18ഉം നേടി ബിജെപി മുന്നിൽ നിൽക്കുകയായിരുന്നു. ഏഴാം ഘട്ടത്തിൽ പോളിംഗ് നടന്നപ്പോൾ ഒൻപത് സീറ്റുകളിലും വിജയച്ചുകൊണ്ട് തൃണമൂൽ കളം പിടിക്കുകയായിരുന്നു. ശേഷം തൃണമൂൽ 22, ബിജെപി 18 എന്ന നിലയിലേക്കെത്തി. ഇത്തവണ ബംഗാളിൽ 2019 ആവർത്തിച്ചാൽ മതിയാകില്ല ബിജെപിക്ക്. വടക്കേ ഇന്ത്യയിലുണ്ടാകാൻ സാധ്യതയുള്ള നഷ്ടങ്ങൾ ബംഗാളിൽക്കൂടി നികത്താനും സാധിക്കണം.

പഞ്ചാബിലെ 13 സീറ്റുകളിലാണ് ഈ ഘട്ടത്തിൽ വോട്ടിങ് നടക്കാൻ പോകുന്നത്. 2019-ൽ അതിദേശീയത നിലനിന്നപ്പോഴും വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ ബിജെപിക്ക് പഞ്ചാബിൽ സാധിച്ചിട്ടില്ല. രണ്ടു സീറ്റുകളാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ കർഷക സമരമുൾപ്പെടെയുള്ള വിഷയങ്ങൾ പഞ്ചാബിൽ ചർച്ചയാണ്. ആം ആദ്മിയും കോൺഗ്രസും ശക്തമായാണ് തിരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. സിഖ് വോട്ടുകൾ കോൺഗ്രസിനും ആം ആദ്മിക്കുമിടയിൽ വിഘടിച്ചു പോകുമെന്നും, ഹിന്ദു വോട്ടുകൾ തങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുമെന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്. എന്നാൽ പഞ്ചാബിൽ ഉണ്ടായിരുന്ന രണ്ട് സീറ്റ് നിലനിർത്തുക എന്നത് മാത്രമായിരിക്കും ബിജെപിയുടെ ലക്ഷ്യം. അതുതന്നെ നിലവിലെ സാഹചര്യത്തിൽ എളുപ്പമാകില്ല.

ബിജെപിയെ സംബന്ധിച്ച് ഏഴാം ഘട്ടം ഏറെ നിർണായകമായിരിക്കും എന്നതാണ് ചുരുക്കിപ്പറയാൻ സാധിക്കുന്നത്. 303 എന്ന സംഖ്യയിൽ നിന്ന് താഴോട്ട് പോകാതിരിക്കാൻ ഏതറ്റം വരെയും ബിജെപി പോകും. ബിജെപിക്ക് ആകാവുന്നത്ര സീറ്റുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ പ്രതിപക്ഷ സഖ്യവും നിൽക്കുകയാണ്. ഒരുപക്ഷെ മറ്റെല്ലാ തവണത്തേതിൽ നിന്നും വ്യത്യസ്തമായി അവസാന ഘട്ടമായിരിക്കും ഇത്തവണ വിധി നിർണയിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ