പ്രതിപക്ഷത്ത് തന്നെ തുടരാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം. സർക്കാർ രൂപീകരിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നു മുന്നണി യോഗത്തില്‍ തീരുമാനമായി. ലോക്സഭയിൽ ശക്തമായ പ്രതിപക്ഷമായി തുടരാം എന്നാണ് തീരുമാനമെന്ന് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളെ അറിയിച്ചു. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുമെന്നും ഖാർഗെ പറഞ്ഞു. രണ്ട് മണിക്കൂർ നീണ്ടു നിന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി.
യോഗത്തിൽ നിരവധി നിർദേശങ്ങൾ ഉയർന്നു എന്നും, പിന്തുണ അറിയിച്ചവർക്ക് നന്ദിയുണ്ടെന്നും ഖാർഗെ പറഞ്ഞു. ഇത്തവണ ഇന്ത്യയിലുണ്ടായ ജനവിധി ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനുള്ള മറുപടിയാണെന്നും എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും യോഗശേഷം പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിനെതിരെ ആവശ്യമുള്ള സമയത്ത് ആവശ്യമായത് ചെയ്യുമെന്ന് കെസി വേണുഗോപാലും പറഞ്ഞു.
ഒടുവിലത്തെ കണക്കുകൾ പ്രകാരം എൻഡിഎ 293 സീറ്റുകളിലും ഇന്ത്യ സഖ്യം 232 സീറ്റുകളിലുമാണ് വിജയിച്ചത്. ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണുള്ളത്. പത്ത് വർഷത്തിന് ശേഷം കേവലഭൂരിപക്ഷത്തിനു താഴേക്ക് ബിജെപി പോകുന്ന സാഹചര്യമുണ്ടായിരിക്കുന്നു. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഭരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ ബിജെപി.
നേരത്തെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാറാണ് ഇപ്പോൾ എൻഡിഎയുടെ കൂടെയുള്ള നിർണായക സഖ്യകക്ഷി. അവർക്ക് 12 സീറ്റുകളാണ്. അതിനൊപ്പം നേരത്തെ ബിജെപി വിരുദ്ധപക്ഷത്തുണ്ടായിരുന്ന ടിഡിപി കൂടിയുണ്ട്. ഈ രണ്ടു പാർട്ടികൾ തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങൾ മാറും. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് തങ്ങൾ പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിക്കുന്നത്.