Lok Sabha Election 2024

ജനാധിപത്യത്തിന് ശക്തിപകരാൻ പറന്നുപറന്ന് സ്വീറ്റി; വോട്ട് ചെയ്യാൻ ആഹ്വാനവുമായി വയനാടൻ തുമ്പി

വെബ് ഡെസ്ക്

വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും. ഇവർക്കൊപ്പം എപിതെമിസിസ് വയനാടന്‍സിസ് എന്ന തുമ്പിയും നാടു ചുറ്റുകയാണ്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനാണ് സ്വീറ്റി എന്ന ഈ വയനാടൻ തുമ്പി പാറി നടക്കുന്നത്. വയനാട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ പ്രത്യേക ഇലക്ഷന്‍ മാസ്‌ക്കോട്ട് ഇതിനകം സമൂഹമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു.

'കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം' എന്ന സന്ദേശമാണ് സ്വീറ്റി മുന്നോട്ടുവെക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വീറ്റിയും തിരക്കിലാണ്. സ്വീപിന്റെ നേതൃത്വത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി സ്വീറ്റി എല്ലായിടത്തും പറന്നെത്തുന്നു. 'ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടവകാശം പാഴാക്കരുത്. രാഷ്ട്രനിര്‍മിതിയില്‍ നമ്മള്‍ക്കും പങ്കാളിയാകാം' എന്നാണ് സ്വീറ്റി ഓര്‍മിപ്പിക്കുന്നത്.

വയനാടിനെ കൂടാതെ പശ്ചിമഘട്ടത്തില്‍ നീലഗിരിയിലും കുടക് മലനിരകളിലും കാണപ്പെടുന്ന ഒരിനം തുമ്പിയാണ് എപിതെമിസിസ് വയനാടന്‍സിസ് അഥവാ റെഡ് റെമ്പഡ് ഹാക്ക് ലെറ്റ്. സാധാരണഗതിയില്‍ ഒക്ടോബറിലാണ് ഈ തുമ്പികളുടെ സഞ്ചാരം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രനും സുബിന്‍ കെ ജോസും ചേര്‍ന്ന സംഘം ഈ തുമ്പിയെ അടുത്തിടെ വയനാട്ടില്‍ കണ്ടെത്തിയത്.

പശ്ചിമഘട്ടത്തിലെ മാറുന്ന കാലാവാസ്ഥ ഈ തുമ്പിയുടെ വംശപരമ്പരകള്‍ക്കു ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ ഈ തുമ്പികളുടെ വംശസംരക്ഷണത്തിനുള്ള ആഹ്വാനം കൂടിയാണ് സ്വീറ്റി ഇലക്ഷന്‍ മാസ്‌ക്കോട്ട് ക്യാമ്പയിനിലൂടെ പങ്കുവെക്കുന്നത്. 'സ്പ്രെഡിങ്ങ് വയനാട്‌‌സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ്' എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയുടെ വിപുലീകരണം.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വീകരിക്കാന്‍ ഒരുങ്ങിയ സ്വീറ്റിയെ കലക്‌ടറേറ്റ് അങ്കണത്തിലും വരേവറ്റു. കലക്ടര്‍ ഡോ. രേണുരാജ്, തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ നികുഞ്ജ് കുമാര്‍ ശ്രീവാസ്തവ, ചെലവ് നിരീക്ഷകന്‍ കൈലാസ് പി ഖെയ്ക്ക് വാദ്, എ ഡി എം കെ ദേവകി, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സബ് കലക്ടറും അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായ മിസല്‍ സാഗര്‍ ഭരതിന്റെ നേതൃത്തില്‍ ജില്ലാ കലക്ടറുടെ സോഷ്യല്‍ മീഡിയ അംഗം അക്ഷയ് വിശ്വനാഥും ഐടി മിഷന്‍ പ്രൊജക്ട് മാനേജര്‍ എസ് നിവേദും മുന്‍ കയ്യെടുത്താണ് സ്വീറ്റി മാസ്‌ക്കോട്ട് ആശയം സാക്ഷാത്കരിച്ചത്.

സ്വീപിന്റെ ഭാഗമായി നിരവധി വോട്ടര്‍ ബോധവത്കരണ പരിപാടികളാണ് ജില്ലയില്‍ അരങ്ങേറിയത്. യുവാക്കള്‍, കന്നിവോട്ടര്‍മാര്‍ തുടങ്ങി മുതിര്‍ന്ന വോട്ടര്‍മാര്‍ക്കിടയിലും വേറിട്ട പ്രാചരണ പരിപാടികള്‍ ശ്രദ്ധനേടിയിരുന്നു. സ്വീപ് നോഡല്‍ ഓഫീസര്‍ പി യു സിത്താര, ജില്ലാ കോര്‍ഡിനേറ്റര്‍ എസ് രാജേഷ്‌കുമാര്‍, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബുകള്‍, നെഹ്റു യുവ കേന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും