ഗുജറാത്ത് സഹകരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അമിത് ഷായുടെ നോമിനി പരാജയപ്പെട്ടു. സാക്ഷാൽ അമിത് ഷാ നേരിട്ടിറങ്ങി വോട്ട് പിടിച്ച ബിപിൻ പട്ടേലാണ് പരാജയപ്പെട്ടത്. ഈ പരാജയത്തിന് കരുതുന്നതിലുമധികം പ്രാധാന്യമുണ്ട്. അത് മനസിലാക്കാൻ ഗുജറാത്ത് രാഷ്ട്രീയവും സഹകരണ രംഗവും തമ്മിലുള്ള ബന്ധമെന്താണെന്നറിയണം. ബിജെപി സഹകരണ മേഖലയിലെ സ്വാധീനത്തിലൂടെ എങ്ങനെ ഭരണംപിടിച്ചു എന്നുകൂടി ഇതിനോട് ചേർത്ത് പരിശോധിക്കണം. എങ്കിൽ മാത്രമേ അമിത് ഷാ നിർത്തിയ സ്ഥാനാർഥി പരാജയപ്പെട്ടത് എങ്ങനെ ബിജെപിയെ ആശങ്കപ്പെടുത്തുന്നു എന്ന് മനസിലാകൂ.
ബിജെപി നേതാവ് ബിപിൻ പട്ടേൽ ആയിരുന്നു ഐഎഫ്എഫ്സിഒയിലേക്കുള്ള ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി. ഗോട്ട എന്ന് വിളിക്കപ്പെടുന്ന ബിപിൻ പട്ടേലിനെതിരെ മത്സരിച്ചതാണെങ്കിൽ ബിജെപിയുടെ നിലവിലെ എംഎൽഎയും മുൻമന്ത്രിയുമായ ജയേഷ് റഡാഡിയ. മത്സരിച്ചു എന്ന് മാത്രമല്ല വ്യക്തമായ ഭൂരിപക്ഷത്തിൽ അമിത് ഷായുടെ നോമിനി കൂടിയായ ബിജെപി ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്തു.
രണ്ട് ബിജെപി നേതാക്കൾ പരസ്പരം മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും തന്റെ നോമിനിയായ ബിപിൻ പട്ടേലിനെ ജയിപ്പിക്കുന്നതിനും സാക്ഷാൽ അമിത് ഷാ തന്നെ ജയേഷ് റഡാഡിയയുടെ വീട്ടിൽ പോവുകയും സൗഹൃദ വിരുന്നിൽ പങ്കെടുത്ത് അനുനയന ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ജയേഷ് റഡാഡിയ അതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. നിലവിൽ ഗുജറാത്ത് ബിജെപിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ അടിച്ചമർത്താൻ ഔദ്യോഗിക പക്ഷത്തിന് എളുപ്പം സാധിക്കില്ല എന്ന് മനസിലാക്കി, തന്റെ നിലപാടിൽ ഉറച്ച് നിൽക്കാനാണ് ജയേഷ് റഡാഡിയ തീരുമാനിച്ചത്.
ഗുജറാത്ത് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന അന്തർധാരയാണ് സഹകരണമേഖല. പഞ്ചസാര,പാൽ സഹകരണ സംഘങ്ങളുടെ നിയന്ത്രണം കയ്യാളുന്നവരുടെ കയ്യിലേക്ക് സ്വാഭാവികമായും സംസ്ഥാനത്തിന്റെ ഭരണം വരുന്ന സാഹചര്യം ഗുജറാത്തിൽ കാണാം. 90കൾ വരെ കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയ സഹകരണ മേഖല പിടിച്ചെടുക്കുന്നതോടെയാണ് 1998ൽ കോൺഗ്രസിന് ഒരു തിരിച്ചു വരവ് സാധ്യമാകാത്ത തരത്തിൽ ബിജെപി ഗുജറാത്ത് ഭരണം പിടിച്ചെടുക്കുന്നത്. അതുകൊണ്ടുകൂടിയാണ് 2014ൽ ഭരണത്തിൽ വന്ന അന്നു മുതൽ സഹകരണ വകുപ്പ് അമിത് ഷാ തന്റെ കൈപ്പിടിയിലൊതുക്കി വച്ചിരിക്കുന്നത്.
മത്സരഫലം പുറത്ത് വന്നപ്പോൾ ബിജെപി നിർത്തിയ ബിപിൻ പട്ടേലിന് കിട്ടിയത് 67 വോട്ടുകളാണെങ്കിൽ കൃത്യമായ ആധിപത്യം നിലനിർത്തി 113 വോട്ടുകളുമായി ജയേഷ് റഡാഡിയ വിജയിച്ചു. റഡാഡിയയ്ക്ക് ഐഎഫ്എഫ്സിഒ ചെയർമാനായ ദിലീപ്ഭായ് സങ്ഹാനിയുടെ പിന്തുണയുമുണ്ട്. ഇതിനെ പ്രാദേശിക ഭാഷയിൽ "ഇലു ഇലു" എന്നാണ് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പട്ടേൽ വിശേഷിപ്പിച്ചത്. ചിലർ തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകെട്ടുകളെ പരിഹസിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. ദിലീപ്ഭായ് സങ്ഹാനിയുടെതു മാത്രമല്ല സൗരാഷ്ട്രയിലെ കർഷകരുടെ പിന്തുണയും ജയേഷ് റഡാഡിക്കാണ്.
ഗുജറാത്തിൽ നടക്കുന്ന കാര്യങ്ങളുടെ തീവ്രത മനസ്സിലാകണമെങ്കിൽ മൂന്നുതവണ ബിജെപി എംപി ആയിരുന്ന നരൺ ഭായ് കച്ചാഡിയയുടെ പ്രസ്താവനകൾ കൂടി പരിശോധിക്കണം. "ഒരു സുപ്രഭാതത്തിൽ കോൺഗ്രസിൽ നിന്നോ ആം ആദ്മി പാർട്ടിയിൽ നിന്നോ ബിജെപിയിൽ ചേരുന്നവർക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങളും പരിഗണനകളും സാധാരണക്കാരായ ബിജെപി പ്രവർത്തകരെ മറന്നുകൊണ്ടാണെന്ന് പൊതുമധ്യത്തിൽ ഒരു മൈക്കെടുത്ത് പറയാൻ നരൺ ഭായ് കച്ചാഡിയയ്ക്ക് യാതൊരു ഭയവുമില്ല.
ബിജെപിയുടെ അംറേലിയിലെ എംപിയാണ് കച്ചാഡിയ. അംറേലിയിലെ ഇത്തവണത്തെ സ്ഥാനാർഥി നിർണയത്തിനെതിരെയും കച്ചാഡിയ രംഗത്തെത്തിയിട്ടുണ്ട്. യോഗ്യതയുള്ള നിരവധിപ്പേരുണ്ടായിട്ടും കേവലം ഗുജറാത്തി സംസാരിക്കുന്ന ഏതെങ്കിലും ഒരാളെ നിർത്തുക എന്ന തീരുമാനത്തിലേക്ക് പാർട്ടി പോയി എന്നാണ് കച്ചാഡിയയുടെ വിമർശനം. ഭാരത് സുതാര്യയാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട അംറേലിയിലെ ബിജെപി സ്ഥാനാർത്ഥി. അതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർശബ്ദമുയർന്നിരുന്നു.
മറ്റു സംഘടനകളിൽ നിന്ന് വരുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിനെ എന്തുകൊണ്ട് "ഇലു ഇലു" എന്ന് വിളിക്കുന്നില്ല എന്നും കച്ചാഡിയ ചോദിക്കുന്നുണ്ട്.
ഒരു മറുവാക്ക് പോലും ഉയരില്ല എന്ന് കരുതിയ ഗുജറാത്തിൽ നിന്ന്, ബിജെപി ഇന്ത്യയിൽ തങ്ങളുടെ ഹിന്ദുത്വ ലബോറട്ടറിയായി കണക്കാക്കുന്ന
അതേ ഗുജറാത്തിൽ നിന്നാണ് ഈ എതിർ ശബ്ദങ്ങൾ ഉയരുന്നത്. ഇതുണ്ടാക്കാൻ പോകുന്ന ചലനങ്ങൾ ചെറുതായിരിക്കില്ല. ഈ പുകച്ചിൽ പാർട്ടിയിലെ മോദി-ഷാ ദ്വന്ദ്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ വളരാൻ ഒരുപാട് സമയമൊന്നും ആവശ്യമില്ല.
ഗുജറാത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി രാജ്യം മുഴുവൻ പിടിച്ചെടുക്കാൻ ഇറങ്ങിത്തിരിച്ചത്. രാജ്യത്തെമ്പാടും മോദി തരംഗമുണ്ടാക്കി ഭരണത്തിൽ വരാനും, എതിർശബ്ദം പോലുമില്ലാത്ത തരത്തിൽ വളരാനും ബിജെപിക്ക് സാധിച്ചു. എന്നാൽ തങ്ങളുടെ പരീക്ഷണശാല നിന്ന് കത്തുമ്പോൾ, സംഘടനയെ മുഴുവൻ കൈപ്പിടിയിലൊതുക്കിയ മോദിക്കും അമിത് ഷായ്ക്കും നോക്കി നിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ. ഇത് ബിജെപിയെ ഈ തിരഞ്ഞെടുപ്പിലും അതിനു ശേഷവും എങ്ങനെ ബാധിക്കുമെന്നതാണ് കാണേണ്ടത്.