സ്ത്രീ പീഡന പരാതി നേരിടുന്ന കർണാടകയിലെ ഹാസൻ ലോക്‌സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ സസ്പെന്‍ഡ് ചെയ്യാന്‍ പാർട്ടി. പ്രജ്വലിന്റെ പിതൃസഹോദരനും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് ചേരുന്ന കോർ കമ്മിറ്റി മീറ്റിങ്ങിന് ശേഷമായിരിക്കും സസ്പെന്‍ഷൻ പ്രഖ്യാപിക്കുക. പ്രജ്വലിനും പിതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയ്ക്കുമെതിരെ ആരോപണം ശക്തമായ പശ്ചാത്തലത്തില്‍ ഇന്നലെ ഹുബ്ബാലിയില്‍ പാർട്ടി അടിയന്തരയോഗം ചേർന്നിരുന്നു.
സ്ത്രീപീഡന പരാതിയിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കർണാടകയിൽ ഹാസൻ ഉൾപ്പെടെ 14 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു പ്രജ്വൽ രേവണ്ണക്കെതിരെ വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചത്. സ്ത്രീയുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലാണ് വനിതാ കമ്മിഷന്റെ ഇടപെടൽ.
അതേസമയം, വീഡിയോ ക്ലിപ്പുകൾ കൃത്രിമമായി നിര്‍മിച്ചതാണെന്ന വാദമാണ് ജെഡിഎസിന്റേത്. ഹാസനിൽ രണ്ടാമതും ജനവിധി തേടുന്ന പ്രജ്വൽ രേവണ്ണയെ തോൽപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടന്നിട്ടുണ്ട്. പ്രജ്വൽ രേവണ്ണയെ പൊതു സമൂഹത്തിൽ അപമാനിക്കാൻ നവീൻ ഗൗഡയെന്ന ആളും മറ്റു ചിലരും ചേർന്ന് കൃത്രിമമായി നിർമിച്ച വീഡിയോകളും ചിത്രങ്ങളും ഹാസൻ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്തതായാണ് ജെഡിഎസ് - ബിജെപി നേതൃത്വം ആരോപിക്കുന്നത് .
സിഡികൾ, വാട്ട്‌സ്ആപ്പ് , പെൻഡ്രൈവ്, എന്നിവയിലൂടെ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഒട്ടുമിക്ക ആളുകളുടെയും പക്കൽ എത്തിയിട്ടുണ്ട്. അതേസമയം വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് പറന്നു. ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവെ ഗൗഡയുടെ മകൻ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ.
ദേവെ ഗൗഡയുടെ തട്ടകമായ ഹാസനിൽ നിന്ന് 2019ൽ ആയിരുന്നു പ്രജ്വൽ ലോക്സഭയിലേക്ക് കന്നി അങ്കം ജയിച്ചത്. എന്നാൽ രണ്ടാം വട്ടം പ്രജ്വലിന് ടിക്കറ്റ് നൽകിയതിൽ ജെഡിഎസിൽ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. മണ്ഡലത്തിൽ മത്സരം കടുത്തതോടെ പ്രജ്വലിന്റെ നില പരുങ്ങലിലായിരുന്നു.